തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ടൗണ്‍ഷിപ് നിര്‍മിക്കാൻ സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമി കോടതി നടപടികള്‍ ഒഴിവാക്കി വിട്ടുകിട്ടിയാല്‍ കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ ഒരുമണിക്കൂറിനകം പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കര്‍ണാടക സര്‍ക്കാറടക്കം വീട് നിര്മിച്ചുനല്കാന് സന്നദ്ധത അറിയിച്ചിട്ടും കേരളം മറുപടി നല്‍കിയില്ലെന്ന വിവാദം പടരുന്നതിനിടെയാണ് റവന്യൂ മന്ത്രി വാർത്തസമ്മേളനം നടത്തി വയനാട് പുനരധിവാസ നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്.
വയനാട് പുനരധിവാസത്തിന് വീട് നിര്മിച്ചുനല്കാന് സന്നദ്ധത അറിയിച്ചവരുടെ യോഗം ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വീട് നിര്മിച്ചുനല്കാന് സന്നദ്ധത അറിയിച്ചവരുമായി രണ്ട് ഘട്ടമായിട്ടെങ്കിലും ചര്‍ച്ച നടത്തേണ്ടിവരും. സര്‍ക്കാര്‍ തലത്തിലുള്ളവരുടെ പ്രതിനിധികളുമായി ആദ്യഘട്ടത്തിലും സംഘടനകളുടെയും വ്യക്തികളുടെയും പ്രതിനിധികളുമായി രണ്ടാംഘട്ടത്തിലും.
ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്ന ദുരന്തബാധിതരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ടൗണ്‍ഷിപ്പെന്ന ആശയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചപ്പോള്‍ പണം ലഭിക്കില്ലെന്ന ആശങ്ക ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഉടമകള്‍ കോടതിയെ സമീപിച്ചത്. ഉടമകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.