യുവതി പുറത്തുവിട്ട ദൃശ്യത്തിൽ നിന്ന്, ഡോ.സൗമ്യ സരിൻ

'സോഷ്യൽ മീഡിയയിൽ കൈയിൽ കിട്ടുന്നതെന്തും പോസ്റ്റ്‌ ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുക, അപ്പുറത്ത് നിൽക്കുന്നവനും ഒരു ജീവിതമുണ്ടെന്ന്, നിങ്ങൾ നശിപ്പിച്ചത് സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണ്'; യുവാവിന്റെ ആത്മഹത്യയിൽ സൗമ്യ സരിൻ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമമെന്ന പേരിൽ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡോ.സൗമ്യ സരിൻ. ഈ വീഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല, ഈ നാട്ടിൽ പല രീതികളിൽ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണെന്ന് സൗമ്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

'കുട്ടികാലം മുതൽ സ്കൂളിൽ പോയിരുന്നത് ലൈൻ ബസിൽ ആണ്. എത്രയോ തവണ ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്. പകച്ചു പോയിട്ടുണ്ട്. ഇന്നും അത് അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. പക്ഷെ അതിനുള്ള വഴി ഇതല്ല! ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്. വീഡിയോ തെളിവിനായി എടുക്കാം. പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ്‌ ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല'-സൗമ്യ പറഞ്ഞു.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് മരിച്ചത്. ബസിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്നാരോപിച്ചാണ് യുവതി സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിലുണ്ടായ മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്.   

ജീവനൊടുക്കിയ ദീപക്ക്

സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ബസ്സിൽ വെച്ചു മോശമായി പെരുമാറി എന്ന് കാണിച്ചു യുവതി പോസ്റ്റ്‌ ചെയ്ത ഇൻസ്റ്റാഗ്രാം റീലിലെ യുവാവ് ആത്മഹത്യാ ചെയ്തു!" ആദ്യമേ പറയട്ടെ, ഒരാൾക്ക് നേരെ ഒരു അതിക്രമം നടന്നാൽ അതിന് തീർപ്പ് ഉണ്ടാക്കേണ്ട സ്ഥലമല്ല സോഷ്യൽ മീഡിയ. ഇത് കോടതിയോ നിയമസംവിധാനമോ അല്ല. ഇവിടെ ഉണ്ടാകുന്ന തീർപ്പുകൾക്ക് ഇതുപോലെ ജീവന്റെ വിലയുണ്ട്!

നമുക്ക് നേരെ ഒരു അതിക്രമം നടന്നാൽ നിങ്ങൾക്ക് അത് വീഡിയോ എടുക്കാം. ആരും കുറ്റം പറഞ്ഞില്ല. പക്ഷെ അത് തെളിവിനായി മാത്രം ആകണം. അല്ലാതെ അത് പരസ്യമായി പോസ്റ്റ്‌ ചെയ്താൽ നിങ്ങളുടെ ഉദ്ദേശം തന്നെ സംശയിക്കപ്പെടും എന്നതിൽ തർക്കമില്ല!

ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ചാൽ എങ്ങിനെ ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നത് എന്ന് നമ്മൾ കാണുന്നതാണ്. വധശിക്ഷ വരെ വിധിച്ചു കളയുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ കാണിക്കുന്ന വ്യക്തിക്ക് എന്തൊക്കെ കേൾക്കുകയും അനുഭവിക്കുകയും ചെയേണ്ടി വരും എന്നത് നമുക്ക് ഊഹിക്കാൻ സാധിക്കില്ല!

ഈ വീഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല. ഈ നാട്ടിൽ യഥാർത്ഥത്തിൽ പല രീതികളിൽ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണ്.

ഇങ്ങനെയുള്ള കേസുകൾ കൂടുമ്പോൾ യഥാർത്ഥ കേസുകൾ പോലും സംശയ മുനയിൽ ആകും. സമൂഹത്തിന് ഇതിനെതിരെ പ്രതികരിക്കാൻ കൂടി തോന്നാതെ ആകും. അത് യഥാർത്ഥ വേട്ടക്കാർക്ക് കൂടുതൽ സൗകര്യം ആകുകയേയുള്ളു!

കുട്ടികാലം മുതൽ സ്കൂളിൽ പോയിരുന്നത് ലൈൻ ബസ്സിൽ ആണ്. എത്രയോ തവണ ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്. പകച്ചു പോയിട്ടുണ്ട്. ഇന്നും അത് അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്.

പക്ഷെ അതിനുള്ള വഴി ഇതല്ല! ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്. വീഡിയോ തെളിവിനായി എടുക്കാം. പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ്‌ ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല സഹോദരി.

നിങ്ങൾക്ക് മാന്യമായി പരാതി കൊടുക്കാമായിരുന്നു. ആ വീഡിയോയിൽ ആസ്വഭാവികമായി എന്തെങ്കിലും ഉണ്ടെങ്കിൽ അയാൾക്കെതിരെ കേസ് എടുക്കട്ടെ. അന്വേഷിക്കട്ടെ. അല്ലാതെ ഇതാണോ നീതി കിട്ടാനുള്ള വഴി?

എന്നിട്ട് നിങ്ങൾക്കിപ്പോൾ നീതി കിട്ടിയോ? സോഷ്യൽ മീഡിയയിൽ കയ്യിൽ കിട്ടുന്നതെന്തും പോസ്റ്റ്‌ ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുക... അപ്പുറത്ത് നില്കുന്നവനും ഒരു ജീവിതം ഉണ്ട് എന്ന്...!" 

Full View


Tags:    
News Summary - Soumya Sarin's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.