തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെ എം.പിമാരുടെ യോഗത്തിൽ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് ഒരു പാർട്ടി മാത്രം അവരുടേതായ നിലയിൽ മുന്നോട്ട് പോയത് ശരിയായ പ്രവണതയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
എന്നാൽ, മുഖ്യമന്ത്രിയുടെ വിമർശനത്തിന് യോഗത്തിൽ പങ്കെടുത്ത ഇ.ടി. മുഹമ്മദ് ബഷീർ മറുപടി നൽകി.
ഭവന നിർമാണ പദ്ധതിക്കായി ധനസമാഹരണം നടത്തി കാത്തിരുന്നിട്ടും സർക്കാർതലത്തിൽ നടപടികൾ വൈകിയ സാഹചര്യത്തിലാണ് ലീഗ് രംഗത്തിറങ്ങിയതെന്ന് ഇ.ടി വിശദീകരിച്ചു. സർക്കാർ ലിസ്റ്റിൽ നിന്നുള്ളവരെയാണ് ഇതിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മേപ്പാടിയിൽ 11 ഏക്കറോളം ഭൂമിയിൽ 105 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകൾ നിർമിച്ചുനൽകാനാണ് ലീഗ് തീരുമാനം.
ആശ വർക്കർമാരുടെ സമരം എം.പിമാർ യോഗത്തിലുന്നയിച്ചെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്ക് സാധ്യമായ എല്ലാ സഹായവും അനൂകൂല്യവും സംസ്ഥാനം നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. കേന്ദ്ര സർക്കാറാണ് ഇനി എന്തെങ്കിലും ചെയ്യേണ്ടത്. അതിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയാണ് എം.പിമാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.