മർദനമേറ്റ അനുപമ രാജനും ബന്ധു മിഥുനും

പഞ്ചായത്തംഗത്തെയും ബന്ധുവിനെയും വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ ഗ്രാമപഞ്ചായത്ത് അംഗത്തെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ചതായി പരാതി. 15 അംഗ സംഘം നടത്തിയ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിനും ഭർതൃ സഹോദരൻറെ മകനും പരിക്ക്. കുറ്റൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡംഗവും ബിജെപി പ്രവർത്തകയുമായ മധുക്കുഴിയിൽ വീട്ടിൽ അനുപമ രാജൻ, ഭർതൃ സഹോദര പുത്രൻ മിഥുൻ എന്നിവർക്കാണ് പരിക്കേറ്റത്. വീടിൻറെ ജനൽ അടിച്ച് തകർത്തു.

തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അനുപമയും മക്കളും സഹോദര പുത്രൻ മിഥുനും വീടിൻറെ സിറ്റൗട്ടിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ രണ്ടംഗസംഘം ബൈക്കിൽ എത്തി. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറഞ്ഞു. മിഥുൻ ഇത് ചോദ്യം ചെയ്തതോടെ ഇരുവരും ബൈക്ക് ഓടിച്ചു പോയി. രണ്ടു മിനിറ്റുകൾക്കും സംഘം വീണ്ടും തിരികെയെത്തി വീടിൻറെ മുമ്പിൽ ബൈക്ക് നിർത്തി അസഭ്യവർഷം തുടർന്നു. ഇതിനിടെ സംഘാംഗം ഫോൺ വിളിച്ചറിയിച്ചതോ​ടെ കാറിലും ബൈക്കിലുമായി 15ഓളം പേരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി. ഇവർ കൂട്ടത്തോടെ വീടിൻറെ സിറ്റൗട്ടിലേക്കും കാർപോർച്ചും ഇരച്ചു കയറി. മിഥുനെ ചവിട്ടി വീഴ്ത്തിയ ശേഷം മർദിച്ചു. ഇത് തടയാൻ എത്തിയ ഗ്രാമപഞ്ചായത്തംഗം അനുപമയെയും സംഘത്തിൽ ഒരാൾ തൊഴിച്ചു വീഴ്ത്തി. തുടർന്ന് വീടിൻറെ കാർപോർച്ചിലെ ജനൽ ചില്ല അടിച്ചു പൊട്ടിച്ചു.

സംഭവ സമയം രാജൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ബഹളം കേട്ട് എത്തിയ സമീപവാസികളെയും സംഘം വിരട്ടി. തുടർന്ന് വാഹനങ്ങളിൽ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

കുറ്റൂർ എട്ടാം വാർഡിൽ കല്ലൂക്കുളം സ്വദേശിയായ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത് എന്നും സംഘത്തിൽ ഉണ്ടായിരുന്നവരെ കണ്ടാൽ അറിയാമെന്നും അനുപമ രാജൻ പറഞ്ഞു. അനുപമ രാജന്റെയും മിഥുന്റെയും മൊഴി പ്രകാരം കല്ലൂർക്കുളം സ്വദേശി ജയരാജ് അടക്കം 20 പേർക്കെതിരെ കേസെടുത്തതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.

Tags:    
News Summary - attack on Panchayat member and relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.