വീണ വിജയൻ, ആർ. ശ്രീലേഖ
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെയും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയും ഡി.ജി.പിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വിവാദത്തിൽ ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വീണ വിജയനോടും ആർ. ശ്രീലേഖയോടും സംസാരിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ പരാതിയുമായി ബിനു ചുള്ളിയിൽ രംഗത്തെത്തിയത്.
എന്നാൽ ബിന്ദു മേനോൻ ഉന്നയിച്ച കാര്യങ്ങൾ സംസാരിച്ച് തീർപ്പാക്കിയതായും ഈ വിഷയത്തിൽ രാജി വെക്കില്ലെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിൻറെ ഫോട്ടോ കൈയിലുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ഇവർ, ഗണേഷ് കുമാർ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
‘മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. പറയാൻ പോലും പറ്റാത്ത കാര്യമാണിത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. മന്ത്രിയുടെ ഫോട്ടോയും അന്ന് എടുത്തിരുന്നു. ആ ഫോട്ടോകളെല്ലാം തൻറെ കൈയിലുണ്ട്. വാളകത്തെ വീട്ടിൽ തനിക്ക് വളരെ മോശം അനുഭവങ്ങളുമുണ്ടായി. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു, ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പുറത്തു കടക്കാൻ അനുവദിക്കാതെ വാതിൽ അടച്ചു. തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലറും തൻറെ ബന്ധുവുമായ മുൻ ഡി.ജി.പി ശ്രീലേഖയുടെ നിർദേശ പ്രകാരം പൊലീസ് സഹായം തേടി. പൊലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട സ്ത്രീയെ കാറിൽ കയറ്റിവിട്ടു. അവർ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കൈയൊഴിയുകയാണ് ചെയ്തത്. തനിക്ക് വട്ടാണെന്ന് ഗണേഷ് മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചതുകൊണ്ടാണ് എല്ലാം തുറന്നുപറയേണ്ടി വന്നത്’ -എന്നാണ് ഇന്നലെ ബിന്ദു മേനോൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.