അഭിഗീത്

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

ചെങ്ങന്നൂർ: ചെന്നിത്തല ഒരുപ്രം ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കായംകുളം കണ്ടല്ലൂർ പുതിയവിള വേലൻചിറയിൽ അഭിരാമത്തിൽ കെ.പി. ബിജുവിന്റെയും മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകൻ അഭിഗീതാണ് (16) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷവും ഒരു വിദ്യാർഥി കാമ്പസിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. അഭിഗീത് രാവിലെ ക്ലാസിലെത്തിയിരുന്നു. എന്നാൽ ഉച്ചക്കുശേഷം എത്തിയില്ല. ഹോസ്റ്റലിനോട് ചേർന്ന വാഷ് റൂം ഏരിയയുടെ പിന്നിൽ തുണി അലക്കുന്നതിനായി സൈഡിലെ ഭിത്തിയോടു ചേർന്ന് കെട്ടി ഉയർത്തിയ നനകല്ലിനു മുകളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യൂനിഫോം ധരിച്ച് ചെരുപ്പിട്ട് കാൽമുട്ടുകൾ മടക്കി ഭിത്തിയിൽ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഷീറ്റിട്ടിരുന്ന ചാർത്തിന്റെ ഫ്രെയിമിൽ തൂങ്ങിയ തുണിയുടെ ഒരു വശത്തെ രണ്ടു മൂലകളിൽ ഒരു കോന്തല മാത്രമാണ് കെട്ടിയിരുന്നതായി വ്യക്തമായി കാണാൻ കഴിയുന്നത്. മറുവശം അഴിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഒരു കുട്ടിയാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് അധ്യാപികയെ അറിയിക്കുകയായിരുന്നു. സമീപത്ത് മൂന്നു ബക്കറ്റുകൾ പൊട്ടിയ നിലയിൽ കാണപ്പെട്ടിരുന്നതിൽ രണ്ടും പിന്നീട് കാണാതായതായും പറയപ്പെടുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

സഹോദരൻ: അഭിനന്ദ് (എം.ബി.ബി.എസ് വിദ്യാർഥി). എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതക്കാരനായ മകൻ തിങ്കളാഴ്ച രാത്രിയിലും വിളിച്ചിരുന്നതായും സംസാരത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നും പിതാവ് കെ.പി. ബിജു പറഞ്ഞു. മകൻ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും കൊലപാതകമാണെന്നും ബിജു പറഞ്ഞു.

Tags:    
News Summary - Plus One student found death in school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.