കൽപറ്റ: വയനാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ ആരൊക്കെയാണെന്നറിയാമോ എന്ന് ചോദിച്ചപ്പ ോൾ ഒട്ടും താമസിയാതെ വെള്ളെൻറ മറുപടി: ‘‘പിന്നെ അറിയാതെ. രാജീവ് ഗാന്ധിയല്ലേ’’... കേട്ടുന ിന്ന രാജു ഉടൻ തിരുത്തിക്കൊടുത്തു. ‘‘രാജീവ് ഗാന്ധിയല്ല ചേട്ടാ...രാഹുൽ ഗാന്ധി’’. എന്തായാ ലും ഗാന്ധിയല്ലേയെന്ന് വെള്ളൻ.
ഈ ചർച്ചക്കിടയിലേക്കാണ് ശാന്ത കയറിവന്നത്. ‘‘എനിക് ക് രാജീവ് ഗാന്ധിയെയും സോണിയയെയും രാഹുലിനെയുമൊക്കെ അറിയാം. പക്ഷേ, ആരു ജയിച്ചിട്ടെന്താ, ആദിവാസികളുടെ ജീവിതമൊന്നും മാറാൻ പോകുന്നില്ല. വോട്ട് ചെയ്യുന്നതുവരെ അതു ചെയ്യാം, ഇതു ചെയ്യാം എന്നൊക്കെപ്പറഞ്ഞ് ആളുകൾ കോളനിയിൽ വരും. വോട്ടു കഴിഞ്ഞാൽ പിന്നെ ആരെയും ഇതുവഴി കാണില്ല’’ - ശാന്ത പറഞ്ഞു.
മറ്റേത് കോളനിയെയും പോലെ മുട്ടിൽ പഞ്ചായത്ത് നാലാം വാർഡിലെ ചോയിക്കോളനിയിലെ പണിയ കുടുംബങ്ങൾക്കും ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുപാട് പറയാനുണ്ട്: ‘‘ഈ റോഡ് കണ്ടോ. വർഷങ്ങളായി ഇതിങ്ങനെ കുണ്ടും കുഴിയും പൊടിയും ചളിയുമൊക്കെയാണ്. കല്ലുപോലും ഇട്ടിട്ടില്ല. കോളനി വരെയെങ്കിലും കോൺക്രീറ്റ് ഇടുകയോ ടാറിങ് നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പല ഓഫിസുകളും കയറിയിറങ്ങി. പല ജനപ്രതിനിധികളെയും കണ്ടു. ആരും തിരിഞ്ഞുനോക്കുന്നില്ല. കഴിഞ്ഞ ദിവസം കോളനിയിൽ പ്രസവവേദന വന്ന യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടി. വണ്ടിയൊന്നും വിളിച്ചാൽ വരാത്ത അവസ്ഥയാണ്. റോഡ് ആരു നന്നാക്കിത്തരുന്നോ, അവർക്ക് വോട്ടുചെയ്യും’’- കോളനിക്ക് മുന്നിലൂടെ പോകുന്ന മൺറോഡ് ചൂണ്ടിക്കാട്ടി കാരണവർ കൈപ്പ രോഷത്തോടെ പറഞ്ഞു. വേണുവും ചന്ദ്രനുമൊക്കെ അതിനെ പിന്തുണച്ചു.
രാജുവാകട്ടെ, രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിക്കണമെന്ന ആഗ്രഹം മറച്ചുവെക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ സജീവമായി പ്രവർത്തിക്കാറില്ലെങ്കിലും ഇക്കുറി രാഹുലിനുവേണ്ടി രംഗത്തിറങ്ങുമെന്ന് രാജു. കോളനിയിലെ 90 കഴിഞ്ഞ വയോധിക കിട്ടക്ക് നടന്നുപോയി വോട്ടുചെയ്യാൻ ആരോഗ്യമില്ല. ആരാണ് മത്സരിക്കുന്നതെന്ന് അവർക്കറിയില്ല. ആരെങ്കിലും ബൂത്തിലേക്ക് എടുത്തുകൊണ്ടുപോയാൽ ഇക്കുറിയും വോട്ടുചെയ്യുമെന്ന് കിട്ട.
കൂലിപ്പണിയൊക്കെ കുറഞ്ഞതിനാൽ ജീവിതം ഏറെ ബുദ്ധിമുട്ടിലാണെന്ന് അമ്മിണി. രാഹുൽ ഗാന്ധി കൽപറ്റയിൽ വന്നപ്പോൾ കാണാൻ പോകണമെന്ന് കരുതിയിരുന്നു. പക്ഷേ, വണ്ടിക്കൂലിക്ക് കാശുണ്ടായിരുന്നില്ലെന്ന് അമ്മിണിയുടെ സങ്കടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.