1. ബസിൽ നിന്ന് ഇറക്കിവിട്ട അയ്യപ്പ ഭക്തർ റോഡിലൂടെ നടക്കുന്നു 2. പുറത്താക്കപ്പെട്ട ഡ്രൈവർ 3. അയ്യപ്പ ഭക്തർക്കൊപ്പം ഉണ്ടായിരുന്ന രതീഷ്
തിരുവനന്തപുരം: ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി തീർഥാടകൻ. ഡ്രൈവർ വളരെ മോശമായി പെരുമാറിയതെന്നും കണ്ടക്ടർ യാത്രക്കാർക്കൊപ്പം നിന്നുവെന്നും തീർഥാടക സംഘത്തിൽ ഉണ്ടായിരുന്ന രതീഷ് വാർത്താ ചാനലിനോട് വ്യക്തമാക്കി.
'അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ എത്തിക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അനുസരിച്ചില്ല. 11 അമ്മമാരും എട്ട് വയസുള്ള മാളികപ്പുറവുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വനത്തിൽ ഇറക്കിവിടരുതെന്നും തിരികെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ, ജങ്ഷനിലോ എത്തിക്കണമെന്നും പല തവണ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവർക്കെതിരെ ശക്തമായ നടപടി ഗതാഗത മന്ത്രി എടുത്തതിൽ സന്തോഷമുണ്ട്. അയ്യപ്പഭക്തർക്ക് ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല.
സ്റ്റാൻഡിൽ നിന്ന് 10.30നാണ് ബസ് എത്തിയത്. കുറച്ചു മുമ്പിലാണ് ബസ് പാർക്ക് ചെയ്യുന്നതെന്നും അവിടെ എത്തി ബസിൽ കയറാനും ഡ്രൈവർ ആവശ്യപ്പെട്ടു. 300 മീറ്റർ നടന്നാണ് ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയത്. 13 പേർക്ക് ടിക്കറ്റ് എടുത്തപ്പോൾ വഴിയിൽവെച്ച് അമ്മമാരെ ബസിൽ കയറ്റാത്തതിനെ കുറിച്ച് ഡ്രൈവറോട് ചോദിച്ചിരുന്നു. എന്നാൽ, ഡ്രൈവർ പറഞ്ഞാൽ അനുസരിക്കില്ലെന്നും താനെന്ന് ചെയ്യാനാണെന്നുമാണ് കണ്ടക്ടർ മറുപടി നൽകിയത്.
ശബരിമല യാത്രയെ കുറിച്ച് കണ്ടക്ടർ ചോദിച്ചതായും വാൻ നിലയ്ക്കലിൽ പാർക്ക് ചെയ്തിട്ടുണ്ടെന്നും മറുപടിയും നൽകി. നിലയ്ക്കൽ എത്തിയപ്പോൾ ബസ് നിർത്താതെ പോയപ്പോൾ ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞു. അടുത്ത വഴിയിലൂടെ സ്റ്റാൻഡിൽ കയറാനായിരിക്കുമെന്നാണ് കണ്ടക്ടർ പറഞ്ഞത്. അതിന് ശേഷവും ബസ് നിർത്താതെ പോയി. അപ്പോൾ കണ്ടക്ടർ ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അമ്മമാരാണെന്നും നിലയ്ക്കലിൽ തിരികെ എത്തിക്കണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അനുസരിച്ചില്ല. ഗോപുരം കഴിഞ്ഞ് മെയിൻ റോഡിൽ ഇറക്കിവിടുകയായിരുന്നു.
ഉച്ചക്ക് ആഹാരം കഴിക്കാൻ വന്ന മറ്റൊരു ഡ്രൈവറും കണ്ടക്ടറുമാണ് അമ്മമാരെ കണ്ടിട്ട് ബസ് ഉടൻ സർവീസ് നടത്തിയെന്നും രതീഷ് പറഞ്ഞു. ജീവനക്കാരിൽ നല്ല മനുഷ്യരുമുണ്ട്. ഡ്രൈവറും കണ്ടക്ടറും തമ്മിൽ നല്ലൊരു ബന്ധം ഉള്ളതായി ഇരുവരുടെയും പെരുമാറ്റത്തിൽ തോന്നിയില്ല. കണ്ടക്ടർ തെറ്റ് ചെയ്തിട്ടില്ലെന്ന വിവരം ഗതാഗത വകുപ്പിനെ അറിയിക്കും. തെറ്റ് ചെയ്ത ആൾ മാത്രം ശിക്ഷിക്കപ്പെട്ടാൽ മതി' -രതീഷ് വ്യക്തമാക്കി.
ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ ഡ്രൈവറെ ജോലിയിൽ നിന്ന് കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടിരുന്നു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ സജികുമാറിനെയാണ് പിരിച്ചുവിട്ടത്. സംഭവത്തിൽ ഇതേ ഡിപ്പോയിലെ കണ്ടക്ടർ കെ.എൻ. പ്രേമസുതനെ അച്ചടക്കനടപടിയുടെ ഭാഗമായി കാഞ്ഞങ്ങാട് യൂനിറ്റിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
ഫെബ്രുവരി 17നാണ് അച്ചടക്ക നടപടിക്ക് ആധാരമായ സംഭവം. ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെ രാത്രി നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ എത്തിക്കുന്നതിന് പകരം, ഗോപുരം കഴിഞ്ഞ് മെയിൻ റോഡിൽ ഇറക്കിവിടുകയായിരുന്നു.
വിജിലൻസ് ഓഫിസറുടെ കുറിപ്പിന്റെയും എക്സിക്യൂട്ടിവ് ഡയറക്ടറുടെ (വിജിലൻസ്) നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ഉത്തരവ് ഉടൻ നടപ്പാക്കാൻ ബന്ധപ്പെട്ട യൂനിറ്റ് അധികാരികൾക്ക് നിർദേശം നൽകി. മന്ത്രി കെ.ബി ഗണേഷ് കുമാർ സംഭവത്തെക്കുറിച്ച് സി.എം.ഡിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.