ജലപാത; സ്വാഭാവിക പാത ഇല്ലാത്ത ഇടങ്ങളില്‍ സ്ഥലം ഏറ്റെടുക്കും -മുഖ്യമന്ത്രി

മുഴപ്പിലങ്ങാട് (കണ്ണൂർ): കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600 കി.മീ ജലപാതയ്ക്കായി സ്വാഭാവിക പാത ഇല്ലാത്തയിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ടി.ഡി.സി മുഴപ്പിലങ്ങാട് നിര്‍മിക്കുന്ന പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടിന്‍റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര, കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ ചില ഭാഗങ്ങളിലാണ് ജലപാതയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരിക. ജനസാന്ദ്രതയേറെയുള്ള കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്ന സര്‍ക്കാറാണിത്. നാടിന്‍റെ വികസനത്തിന് ഭൂമി ഏറ്റെടുത്തേ മതിയാവൂ. ഇത്തരത്തില്‍ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തും.

നേരത്തെ ഭൂമി വിട്ടുനല്‍കാന്‍ വിഷമം പറഞ്ഞവര്‍ പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി ഭൂമിയേറ്റെടുക്കുന്നത് അംഗീകരിക്കുന്ന നിലയിലെത്തിയെന്നും വികസന പദ്ധതികള്‍ക്ക് നാടിന്‍റെയാകെ പിന്തുണ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലപാതയില്‍ ഓരോ 50 കി.മീ ഇടവിട്ട് വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ടാവും. അതത് പ്രദേശങ്ങളിലെ നാടന്‍ വിഭവങ്ങളും ഉല്‍പന്നങ്ങളും വിപണനം നടത്താന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കും. അതിന് പുറമെ 600 കി.മി ദൂരം ജലപാതയിലൂടെയുള്ള സഞ്ചാരമെന്ന അത്ഭുതവും നാടിന് സമ്മാനിക്കാന്‍ ഈ പാതയ്ക്ക് കഴിയും. അങ്ങിനെ നാടിനുപകാരപ്രദമാകുന്ന പദ്ധതിയായി ജലപാത മാറും. വളരെ പ്രധാന്യത്തോടെയാണ് സര്‍ക്കാര്‍ ജലപാതയെ കാണുന്നത്. അത് വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം -മുഖ്യമന്ത്രി പറഞ്ഞു.

നാടിന്‍റെ വികസനകാര്യത്തില്‍ സങ്കുചിത മനോഭാവം ആരെല്ലാം സ്വീകരിച്ചാലും വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. അതിന് നാടിന്‍റെ യും നാട്ടുകാരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ നമുക്ക് കഴിയണം അതിന്‍റെ ഭാഗമായാണ് കെ.ടി.ഡി.സി ഇത്തരത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags:    
News Summary - Waterway; Land will be acquired where there is no natural path - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.