അങ്കമാലി ടൗണില്‍ പൈപ്പുകള്‍ തകര്‍ന്നു; ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി

അങ്കമാലി: എം.സി റോഡില്‍ എല്‍.എഫ് ആശുപത്രിക്കവലയില്‍ വ്യാഴാഴ്ച രാവിലെ 10.30ഓടെ കാല്‍ മണിക്കൂറിലധികം സമയം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായി. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ക്ക് മുകളില്‍ റോഡ് നിർമാണവും നിരന്തരം ഭാരവാഹനങ്ങള്‍ കടന്ന് പോവുകയും ചെയ്തതോടെയാണ് പൈപ്പുകള്‍ തകരുകയും ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാവുകയും ചെയ്​തത്​  ക്യാമ്പ് ഷെഡ് റോഡിലെയും ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെയും ആശുപത്രിയുടെ എതിര്‍വശത്തെ ഷോപ്പിങ് കോംപ്ലക്സിലെയും പൈപ്പുകളാണ് ഒരേ സമയം തകര്‍ന്നത്.

പ്രളയംപോലെ കുടിവെള്ളം ശക്തമായ തോതില്‍ സെന്‍ട്രല്‍ ജങ്ഷനിലേക്കും ക്യാമ്പ് ഷെഡ് റോഡിലേക്കും ഒഴുകുകയായിരുന്നു. അഴുക്ക് കാനയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞശേഷമാണ് റോഡിലൂടെ ഒഴുകിയത്. തകര്‍ന്ന പൈപ്പില്‍ നിന്ന് ശക്തമായ തോതില്‍ വെള്ളം കുതിച്ചു പൊങ്ങിയതിനാല്‍ ക്യാമ്പ് ഷെഡിലേക്ക് പ്രവേശിക്കുന്ന യു.ടേണില്‍ റോഡ് തകര്‍ന്ന് കുഴി രൂപം കൊണ്ടു. അതോടെ  യാത്രക്കാര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ പൊലീസ് ഉടനെ ഇരുമ്പ് ഗേറ്റുപയോഗിച്ച് ഗതാഗതം തടയുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞാണ് ജല അതോറിറ്റിയില്‍ വിവരം അറിയുകയും പ്രദേശത്തേക്കുള്ള ജലവിതരണം നിര്‍ത്തിവെക്കുകയും ചെയ്തത്.

എം.സി റോഡിലും ക്യാമ്പ് ഷെഡ് റോഡിലും സമീപ റോഡുകളിലും പൈപ്പുകള്‍ പൊട്ടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയില്‍ അനിയന്ത്രിതമായി ഭീമന്‍ ഭാരവാഹനങ്ങള്‍ കടന്ന് പോകുമ്പോഴാണ് പ്രധാനമായും  പൈപ്പുകള്‍ തകരുന്നത്. രാത്രിയില്‍ പൈപ്പുകള്‍ തകര്‍ന്നാല്‍ കുടിവെള്ളം പാഴായി ഒഴുകുന്നത് നിര്‍ത്താന്‍ സാധിക്കാറില്ല. രാവിലെ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ വന്ന ശേഷമായിരിക്കും പ്രദേശത്തെ ജലവിതരണം നിര്‍ത്തിവെക്കുന്നത്. 

Tags:    
News Summary - water pipe broken in ankamali town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.