(ചിത്രം: ദിലീപ് പുരക്കൽ)
കനത്ത മഴയിൽ എറണാകുളം ജില്ല വീണ്ടും വെള്ളക്കെട്ടിലായി. പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയുണർത്തുന്നുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. ചാലക്കുടി, മൂവാറ്റുപുഴ ആറുകളിൽ വെള്ളം ഉയർന്നതോടെ പുത്തൻവേലിക്കര, മൂവാറ്റുപുഴ മേഖലകൾ വെള്ളത്തിലായി. കാലടി റോഡിൽ പുറയാർ ബസ് സ്റ്റോപ്പിന് സമീപം വലിയ മരം റോഡിലേക്ക് കടപുഴകി.
ആലപ്പുഴ ജില്ലയിലെ ഏതാണ്ട് എല്ലാ പുഴകളും നിറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചൻകോവിൽ ആറുകൾ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളായ കുട്ടനാട്, അപ്പർ കുട്ടനാട് മേഖല കൂടുതൽ ഭീതിയിലായി. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് പലയിടത്തും വെള്ളക്കെട്ടിലാണ്. ഇതോടെ ഇതുവഴി ഗതാഗതം നിരോധിച്ചു. ഇടുക്കി പീരുമേട്ടിലും മൂലമറ്റത്ത് രണ്ടിടത്തും ഉരുൾപൊട്ടി. മൂന്നിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടർ തുറന്നു.
വാഴത്തോപ്പ് മണിയാറൻകുടിയിൽ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട വീടുകളിൽനിന്ന് രണ്ട് കുടുംബത്തെ അഗ്നിരക്ഷാസേന സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തൊടുപുഴയിലെ തൊമ്മൻകുത്ത് ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഗതാഗതം മുടങ്ങി. പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറും തുറന്നു. കക്കി, ആനത്തോട് ഡാമുകളിലും ജലനിരപ്പ് ഉയർന്നു. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ നിറപുത്തരിക്ക് നട തുറന്നിരുന്ന ശബരിമലയിലേക്ക് തീർഥാടകരുടെ യാത്ര നിയന്ത്രിച്ചു. അപ്പർ കുട്ടനാട് മേഖലയിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ വീണ്ടും ശക്തമായി. മീനച്ചിലാറ്റിൽ ജലനിരപ്പ് അപകടനില കടന്നു. കൂട്ടിക്കൽ കൊടുങ്ങയിൽ ഉരുൾപൊട്ടലുണ്ടായെങ്കിലും നാശനഷ്ടമില്ല. പാലക്കാട് ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 162.28 ഹെക്ടറിലെ കൃഷി നശിച്ചു. പ്രധാന നദികളിലെല്ലാം ജലനിരപ്പുയർന്നു.
ചാലക്കുടി പുഴയിൽ അതിവേഗം ഉയരുന്ന ജലനിരപ്പിൽ ആശങ്ക. ശക്തമായ മഴയും വൃഷ്ടിപ്രദേശങ്ങളിൽനിന്നുള്ള നീരൊഴുക്കിനെ തുടർന്ന് ഡാമുകൾ തുറന്നതുമാണ് ചാലക്കുടിക്ക് ഭീഷണിയായത്. മണലിപ്പുഴയിലും ജലനിരപ്പ് അതിവേഗം ഉയർന്നു. ജില്ലയുടെ താഴ്ന്ന മേഖലകൾ വെള്ളത്തിലാണ്.
തെക്കേ വെള്ളാഞ്ചിറ, തുരുത്തിപറമ്പ് മേഖലകളിലുള്ളവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. പാമ്പൂരില്‍ തോട് കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. രരവാഴച്ചാൽ വാച്ചുമരം ഭാഗത്ത് കോളനിയിൽ ആൾക്കാരെ ഒഴിപ്പിച്ചു.കഴിഞ്ഞദിവസം ശക്തമായ തിരമാലയിൽപെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കടലിൽ വീണ് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കടപ്പുറത്താണ് മൃതദേഹം കരക്കടിഞ്ഞത്. കാണാതായ ഗിൽബർട്ടിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.