ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് സംഭരണശേഷിയുടെ 58 ശതമാനം; 1.5 അടി കൂടി മതി ബ്ലൂ അലർട്ടിന്

മൂലമറ്റം: ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇന്ന് രാവിലെ 11ന് ശേഖരിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2363.56 അടിയിലെത്തി. ജലനിരപ്പ് 1.5 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് മുന്നറിയിപ്പ് നൽകും. ഇന്നലെ 2362.62 അടിയായിരുന്നു ജലനിരപ്പ്.

നിലവിൽ 842.71 ഘനയടി ജലമാണ് സംഭരണി‍യിലുള്ളത്. മൊത്തം സംരണശേഷിയുടെ 57.74 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് അണക്കെട്ടിലെ ആകെ സംഭരണശേഷി. ജൂലൈ ഒന്നാം തീയതിയായാൽ റൂൾകർവ് 2375.33 അടിയായി ഉയരും. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്.

റൂൾകർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാൽ ആദ്യം ബ്ലൂ അലർട്ട്​ നൽകും. 2,371 അടി ആയാൽ ഓറഞ്ച് അലർട്ടും 2,372 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 2,373 അടിയിൽ വെള്ളം എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുണ്ട്. ആറ്​ ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് ഉൽപാദനം പരമാവധിയിൽ എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ മൂലമറ്റത്ത് പ്രതിദിനം ശരാശരി 15.50 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്​. കഴിഞ്ഞ വർഷം ഇത് 9.23 ദശലക്ഷം യൂനിറ്റ് ആയിരുന്നു.

അതേസമയം, ജലനിരപ്പ് 136ന് മുകളിൽ എത്തിയതോടെ ഞായറാഴ്ച മുല്ലപ്പെരിയാറിൽ നിന്നും ഇടുക്കി അണ​ക്കെട്ടിലേക്ക് വെള്ളം തുറന്നു വിട്ടു. ഉച്ചക്ക് 12 മണിയോടെയാണ് അണക്കെട്ടിന് സമീപത്തെ സ്പിൽവേയിലെ 13 ഷട്ടറുകൾ ഉയർത്തി ജലം തുറന്നു വിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയായി ഉയർന്നതോടെയായിരുന്നു ഇത്.

ഇടുക്കിയിലേക്ക് സെക്കൻഡിൽ 250 ഘന അടി ജലമാണ് ഒഴുകുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2,117 ഘന അടി ഒഴുകുന്നുണ്ട്. സെക്കൻഡിൽ 3,036 ഘന അടി വെള്ളമാണ്​ മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്നത്. കേന്ദ്ര ജലവിഭവ കമ്മീഷൻ നൽകിയിട്ടുള്ള ജലനിരപ്പ് ക്രമീകരിക്കൽ ചട്ടപ്രകാരമാണ്​ (റൂൾ കർവ്) അണക്കെട്ടിൽ നിന്നും ഞായറാഴ്ച വെള്ളം തുറന്നു വിട്ടത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന്‍റെ ഭാഗമായി തേനി ജില്ലയിലെ വൈഗ അണക്കെട്ടിലേക്കും ജലം ഒഴുക്കി സംഭരിക്കുന്നുണ്ട്. 71 അടി ശേഷിയുള്ള വൈഗയിൽ നിലവിൽ 60.04 അടി വെള്ളമാണുള്ളത്.

Tags:    
News Summary - Water level in Idukki dam at 58 percent of storage capacity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.