തിരുവനന്തപുരം: സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലും നടത്തിയ വാർഡ് വിഭജനത്തിന്റെ അന്തിമപട്ടികയിൽ ഗുരുതര പിഴവുകൾ. തിരുവനന്തപുരം കോർപറേഷനിൽ ആകെയുള്ള 101വാർഡുകളിൽ 22 എണ്ണത്തിലേറെ അതിർത്തികൾ മാറിമറിഞ്ഞു. സി.പി.എമ്മിനും ബി.ജെ.പിക്കും രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് വാർഡ് വിഭജനം നടത്തിയിരിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കെയാണ് അന്തിമപട്ടികയിൽ പിഴവുകൾ സംഭവിച്ചിരിക്കുന്നത്.
സാങ്കേതിക പിഴവെന്നാണ് അധികൃതർ വിശദീകരിക്കുന്നതെങ്കിലും തിരുത്തൽ വിജ്ഞാപനം വേണ്ടിവരുമെന്നാണ് അറിയുന്നത്. കോഴിക്കോട് കോർപറേഷനിൽ രണ്ടായിരത്തോളം വീടുകൾ ഒരു വാർഡിലും ഉൾപ്പെട്ടിട്ടില്ലെന്ന് പരാതികളുണ്ട്. ചില വീടുകൾ ഒന്നിലേറെ വാർഡുകളിലും ഇടംപിടിച്ചു.
മുനിസിപ്പാലിറ്റികളിലും പരാതികളുണ്ട്. കഴിഞ്ഞവർഷം നവംബർ 18ന് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് പുറത്തിറക്കിയശേഷം പരാതികൾ പരിശോധിക്കാൻ കമീഷൻ എല്ലാ ജില്ലകളിലും അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം കലക്ടർമാർ കമീഷന് റിപ്പോർട്ട് നൽകി. തുടർന്ന്, എല്ലാ ജില്ലയിലും കമീഷൻ തന്നെ പ്രത്യേക തെളിവെടുപ്പും നടത്തി.
പല തട്ടിൽ നടന്ന പരിശോധനക്ക് ശേഷമാണ് പിഴവുകൾ കടന്നുകൂടിയത്. പല ജില്ലകളിലും മാറ്റങ്ങൾക്ക് കമീഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില തദ്ദേശ സ്ഥാപനങ്ങളിൽ വാർഡിന്റെ പേരുകൾ മാറ്റിയതും മറ്റും പിൻവലിച്ചിരുന്നു. എന്നാൽ, അതിർത്തികളിലെ മാറ്റവും വീടുകൾ ഒഴിവാക്കിയതും സംബന്ധിച്ച പരാതികളിൽ ഗൗരവമായ ഇടപെടലുണ്ടായില്ലെന്ന് വ്യാപക പരാതികളുണ്ട്. അതേസമയം, തിരുവനന്തപുരത്തുണ്ടായത് ഗുരുതര വീഴ്ചയാണ്.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ വിഭജനം സംബന്ധിച്ച കരട് റിപ്പോർട്ടിന്റെ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാത്രി വൈകിയുമുണ്ടായിട്ടില്ല. പിഴവുകളും ബ്ലോക്ക് പഞ്ചായത്തിന്റെ കരട് പട്ടിക വൈകുന്നതും അനുബന്ധമായി നടത്തേണ്ട വോട്ടർപട്ടിക പുതുക്കൽ വൈകാനിടയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.