പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഭീതി പടർത്തിയ കടുവ കെണിയിൽ വീണു. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് വലിയ കടുവ കുടുങ്ങിയത്. വനമേഖലയോട് ചേർന്നാണ് കൂട് സ്ഥാപിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കടുവയെ ഉൾവനത്തിൽ തുറന്നുവിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഞായറാഴ്ച പട്ടാപ്പകൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ജംഗിള്‍ ഫാമിലെ വളര്‍ത്ത് ആടുകളില്‍ ഒന്നിനെ കൊന്നിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെയാണ് ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന് തീറ്റിക്കൊണ്ടു നിന്ന ആടിനെയാണ് കടുവ പിടിച്ചു കൊണ്ടുപോയത്.
തന്റെ തലക്ക് മീതെ കൂടി കടുവ ചാടി വരികയായിരുന്നുവെന്നാണ് ജീവനക്കാരന് പറഞ്ഞത്. ആടിനെ പിടിക്കുന്നതു കണ്ട് പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ബഹളം വച്ച് ആളുകളെ കൂട്ടി പരിശോധന നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്ക് കടന്നു.
റെയ്സന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്ന് മാസങ്ങള്‍ക്കു മുമ്പ് പോത്തിനെ കടുവ കൊന്നിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയ വനപാലകരുടെ കൂടി സഹായത്തോടെ പ്രദേശവാസികള്‍ കാട്ടില്‍ പരിശോധന നടത്തി ആടിന്റെ ജഡം കണ്ടെത്തി. ഒരു ഭാഗം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചിരുന്നു.
ഇതു തേടി കടുവ വീണ്ടും എത്താൻ സാധ്യത മുന്നില്‍കണ്ട് ജഡാവശിഷ്ടങ്ങള്‍ ശേഖരിച്ച് സമീപത്തു നേരത്തെ സ്ഥാപിച്ച കൂടിനുള്ളില്‍ വച്ചിരുന്നു.
കഴിഞ്ഞയാഴ്ച പ്രദേശത്തു നിന്ന് വളര്‍ത്തു നായയെ കടുവ പിടിച്ചു കൊണ്ടുപോയിരുന്നു. നേരം പുലര്‍ന്ന ശേഷമാണ് അന്നും കടുവ ജനവാസ മേഖലയിൽ എത്തിയത്. വീട്ടുകാരുടെ കണ്മുമ്പില്നിന്നു നായയെ പിടിച്ചു കടുവ കാട്ടിനുള്ളിലേക്ക് മറയുകയായിരുന്നു.
ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.