ശബരിമലയിൽ മണ്ഡലപൂജ 27ന്; തങ്കഅങ്കി ഘോഷയാത്ര നാളെ പുറപ്പെടും

ശബരിമല: ശബരിമലയിൽ മണ്ഡലപൂജ 27ന് നടക്കും. രാവിലെ 10.10 നും 11.30 നും ഇടയിലായിരിക്കും മണ്ഡല പൂജയെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. പൂജയോടനുബന്ധിച്ച ദീപാരാധന 11.30 ന് പൂര്‍ത്തിയാകും.

മണ്ഡല പൂജക്ക്​ ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകീട്ട് ദീപാരാധനക്കു മുമ്പ്​ സന്നിധാനത്ത് എത്തും.

അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി 6.30നാണ്​ ദീപാരാധന. 27ന് ഉച്ചക്ക്​ തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജ. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകീട്ട് അഞ്ചിന് നട വീണ്ടും തുറക്കുമെന്നും തന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജക്ക്​ ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്കഅങ്കി. 23 ന് രാവിലെ അഞ്ചുമുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്കഅങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്.

അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി

ശബരിമല: അന്നദാനത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് കേരളസദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിവയാണ്​ വിഭവങ്ങൾ. അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കില്‍ പുളിശേരി ഏതെങ്കിലും ഒന്നായിരിക്കും വിളമ്പുക. ഓരോദിവസവും ഓരോതരം പായസമായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാകും കേരളസദ്യ വിളമ്പുക.

ഞായറാഴ്ച ഉച്ചക്ക്​ 12 ന് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഒ.ജി. ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമര്‍പ്പിച്ചു. തുടര്‍ന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തര്‍ക്ക് വിളമ്പി. സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് സദ്യക്ക് ഉപയോഗിക്കുന്നത്. ഓരോദിവസവും അയ്യായിരത്തിലധികം പേര്‍ക്കാണ് സദ്യ ഒരുക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ സദ്യയും പുലാവും മാറി മാറി ഭക്തര്‍ക്ക് വിളമ്പും.

Tags:    
News Summary - Mandala Pooja at Sabarimala on 27th; Thanka Anki procession to leave tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.