പിണറായി വിജയൻ

വാളയാർ ആൾക്കൂട്ടക്കൊല: കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, എല്ലാവരും ജാഗ്രത കാണിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ (31) കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കതിരെ കർശന നടപടി എടുക്കു​മെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിനെറ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാംനാരായണൻ ബഗേലിന്റെ മൃതദേഹം സൂക്ഷിച്ച തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെ ഛത്തീസ്ഗഡിൽനിന്ന് ബന്ധുക്കൾ എത്തിയിരുന്നു. ഭാര്യ ലളിത, മക്കളായ അനൂജ്, ആകാശ്, ഭാര്യാ മാതാവ് ലക്ഷ്മിൻ ഭായ്, മൂന്നു ബന്ധുക്കൾ എന്നിവർ ഞായറാഴ്ച ഉച്ചയോടെയാണ് എത്തിയത്.

25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളികൾക്കെതിരെ എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്നു. പ്രതിഷേധം തുടർന്നപ്പോൾ പാലക്കാട് ആർ.ഡി.ഒ സ്ഥലത്തെത്തി കുടുംബവുമായി സംസാരിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് ശിപാർശ ചെയ്യാമെന്നും കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഐ.പി.എസ് റാങ്കുള്ള ഉദ്യോഗസ്ഥനുണ്ടാകുമെന്നും ജില്ല ഭരണകൂടം അറിയിച്ചു. ആൾക്കൂട്ട ആക്രമണം, എസ്. എസി/ എസ്.ടി. നിയമപ്രകാരം കേസെടുക്കാമെന്നും ഉറപ്പ് നൽകി. ഉറപ്പ് കലക്ടർ ഔദ്യോഗികമായി പുറത്തിറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബവും അറിയിച്ചു.

ഛത്തീസ്ഗഡിലെ കർഹി വില്ലേജ് നിവാസിയാണ് രാംനാരായണൻ. പത്തും എട്ടും വയസ്സുള്ള ആൺമക്കളും രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു ഇദ്ദേഹം. മരണവാർത്ത അറിഞ്ഞ് ശനിയാഴ്ച ഗ്രാമത്തിൽനിന്ന് തിരിച്ച കുടുംബം മൂന്ന് ട്രെയിനുകൾ കയറി കിലോമീറ്ററുകൾ താണ്ടിയാണ് കേരളത്തിലെത്തിയത്. വാർധക്യസഹജ അസുഖങ്ങൾ അലട്ടുന്നതിനാൽ രാംനാരായണിന്റെ അമ്മക്ക് ഒപ്പം വരാനായില്ല.

അതിക്രൂരമായ നരനായാട്ടാണ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് വാളയാറിൽ അരങ്ങേറിയത്. നാല് ബി.ജെ.പിക്കാരടക്കം അഞ്ച് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 'ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി' പ്രവർത്തകരും 'മാനവീയം' സംഘടനയുടെ പ്രതിനിധികളും മറ്റും ചേർന്നാണ് ബന്ധുക്കളെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്. 

Tags:    
News Summary - pinarayi against palakkad walayar mob lynch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.