തിരുവനന്തപുരം: വഖഫ് ബോർഡ് പുനസംഘടനയുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന വിവാദങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ-വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ബോർഡിന്റെ പ്രവർത്തനങ്ങളിൽ യാതൊരുവിധ ഒത്തുകളിയുമില്ലെന്ന് പറഞ്ഞ മന്ത്രി, മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മാനദണ്ഡങ്ങൾ പൂർണ്ണമായി ലംഘിച്ചാണ് ബോർഡ് രൂപീകരിച്ചതെന്ന് ആരോപിച്ചു. ഇസ്‌ലാമിക് സ്കോളർ, മുത്തവല്ലി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ വിവിധ ക്വാട്ടകൾ അട്ടിമറിച്ചാണ് അന്ന് നാമനിർദേശം നടത്തിയതെന്നും അതിൽ നിരവധി നിയമപരമായ പോരായ്മകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ബോർഡുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള നാല് ഹരജികളും തള്ളിക്കളയണമെന്നാണ് അഡ്വക്കേറ്റ് ജനറൽ വഴി സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളതെന്നും, വഖഫ് വിഷയത്തിൽ സർക്കാർ എവിടെയും വിട്ടുവീഴ്ചയോ ഒത്തുകളിയോ നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് സർക്കാർ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. എം.എൽ.എ പ്രതിനിധിയുടെ ഒഴിവ് ഉൾപ്പെടെ നികത്തി ബോർഡ് നിയമപരമായി ക്രമീകരിക്കാൻ ആലോചിക്കുന്നതിനിടയിലാണ് കോടതിയിൽ ഹരജികൾ വന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ ഭേദഗതിയുടെ പശ്ചാത്തലത്തിൽ അമുസ്‌ലിം പ്രാതിനിധ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ഷോൺ ജോർജ് നൽകിയ ഹരജിയും ഷിയാ-ബോറ വിഭാഗങ്ങളുടെ ഹരജികളുമാണ് നിലവിൽ കോടതിക്ക് മുന്നിലുള്ളത്.
വഖഫ് ബോർഡ് സ്വയം സുപ്രീം കോടതിയെ സമീപിക്കുന്നത് ഒരുപക്ഷേ ബോർഡിൽ അമുസ്‌ലിങ്ങളെ നിയമിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും തമിഴ്‌നാട് വഖഫ് ബോർഡിന്റെ കേസിൽ രണ്ട് അമുസ്‌ലിം അംഗങ്ങളുടെ പേര് നിർദേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വഖഫ് ബോർഡിന്റെ പ്രവർത്തനം നിയമപരമായി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായത് ചെയ്യുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ മതസംഘടനകളുമായും പണ്ഡിതന്മാരുമായും നേരിട്ട് കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.