കോവിഡ്​ ആശുപത്രിക്കായി സർക്കാറിന്​ നൽകിയ ഭൂമിക്ക്​ പകരം സ്​ഥലം നൽകാമെന്ന വ്യവസ്​ഥ പാലിച്ചില്ല; തിരിച്ചുപിടിക്കാനൊരുങ്ങി വഖഫ്​ ബോർഡ്​

കാസർകോട്​: കോവിഡ്​ ആശുപത്രി നിർമിക്കാൻ സർക്കാറിന്​ നൽകിയ വഖഫ് ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി വഖഫ് ബോർഡ്. കാസർകോട് ചട്ടഞ്ചാലിൽ ടാറ്റക്ക്​ കോവിഡ് ആശുപത്രി നിർമിക്കാൻ നൽകിയ 1.66 ഏക്കർ തിരിച്ചുപിടിക്കാനാണ് നടപടി തുടങ്ങിയതെന്ന്​ മീഡിയവൺ റിപ്പോർട്ട്​ ചെയ്​തു.

കരാർ പ്രകാരം ആശുപത്രിക്കായി നൽകിയ ഭൂമിക്ക് പകരം അതേ അളവിലുള്ള സ്​ഥലം വഖഫ് ബോർഡിന് നൽകുമെന്നായിരുന്നു വ്യവസ്​ഥ. കോവിഡ്​ കാലത്ത്​ കർണാടക അതിർത്തി അടക്കുകയും കാസർകോട്ട്​ ചികിത്സാ സൗകര്യം കുറവായതിനാലുമാണ്​ അടിയന്തരമായി ആശുപത്രി നിർമിക്കാൻ ഭൂമി ആവശ്യമായി വന്നത്​. ഇതിനെ തുടർന്നാണ്​ എം.ഐ.സി ട്രസ്റ്റിന്​ കീഴിലെ ഭൂമി​ സർക്കാറിന്​ നൽകിയത്​. പകരം സമീപം തന്നെയുള്ള സ്​ഥലം നൽകുമെന്നായിരുന്നു കരാർ​.

ഈ സ്​ഥലം ഉടൻ നൽകുമെന്ന്​ പറയുമെങ്കിലും കൈമാറ്റം നീണ്ടുപോയി. ഈ വിഷയത്തിൽ ട്രസ്റ്റ്​ അധികൃതർ പലതവണ കലക്​ടറുമായി കൂടിക്കാഴ്ച നടത്തി. അവസാനം നടന്ന ചർച്ചയിൽ മൂന്ന്​ ദിവസത്തിനുള്ളിൽ ഭൂമിയുടെ രേഖകൾ നൽകാമെന്ന്​ പറഞ്ഞെങ്കിലും അതും ഉണ്ടായില്ലെന്ന്​ ട്രസ്റ്റ്​ ഭാരവാഹികൾ പറയുന്നു.

ഭൂമി തിരിച്ചുചോദിച്ച്​ വഖഫ് ബോർഡ് കാസർകോട് ജില്ല കലക്​ടർക്ക്​​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. ഭൂമി കൈമാറിയത് കലക്ടറും വഖഫ് ബോർഡും സമസ്ത പ്രസിഡന്‍റ് ജിഫ്​രി തങ്ങളും തമ്മിലെ കരാറിലൂടെയായിരുന്നു.

വഖഫ്​ ചെയ്​ത സ്വത്ത്​ കൈമാറ്റം ചെയ്യാൻ പാടി​ല്ല എന്നാണ്​ വ്യവസ്​ഥ. ഏത് കാര്യത്തിനാണോ നൽകിയത്​, അതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് വഖഫിന്‍റെ അടിസ്ഥാനപരമായ തത്വം. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ കാസര്‍കോഡ് കോവിഡ് ചികിത്സക്ക് ആശുപത്രിയില്ലാത്ത സാഹചര്യത്തിലാണ് വഖഫ് ഭൂമി കരാര്‍ നിബന്ധനകളോടെ സര്‍ക്കാറിന് കൈമാറിയത്. 2020 ഒക്​ടോബറിൽ​ ആശുപത്രി പ്രവർത്തനം തുടങ്ങുകയും ചെയ്​തു.

കാസര്‍കോട് ജില്ല കലക്ടര്‍ സജിത്ത് ബാബു, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, വഖഫ് ട്രസ്റ്റിന്‍റെ ചെയര്‍മാനും സമസ്ത നേതാവുമായ ജിഫ്​രി മുത്തുക്കോയ തങ്ങള്‍ എന്നീ ത്രികക്ഷി ചര്‍ച്ചക്കുശേഷം ഇപ്പോള്‍ കൈമാറുന്ന 1.66 ഏക്കര്‍ ഭൂമിക്ക് പകരം ചട്ടഞ്ചാല്‍ ആശുപത്രിക്ക് സമീപം തെക്കില്‍ വില്ലേജിലെ 1.66 ഏക്കര്‍ സ്ഥലം കൈമാറാമെന്നായിരുന്നു കരാര്‍. ഇളവുകളോടെ വഖഫ് ബോര്‍ഡ് വഖഫ് സ്വത്ത് കരാറിലൂടെ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. പകരം ഭൂമിയായി പറഞ്ഞ സ്ഥലം ഇത്രയും കാലത്തിനിടയില്‍ കൈമാറാത്ത സാഹചര്യത്തിലാണ് വഖഫ് ബോർഡ് ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങുന്നത്.

വഖഫ്​ ബോർഡിന്‍റെ​ ഭൂമി സർക്കാർ തട്ടിയെടുത്ത്​ വഞ്ചിക്കുകയായിരുന്നുവെന്ന്​ മുസ്​ലിം ലീഗ്​ നേതാവും വഖഫ്​ ബോർഡ്​ അംഗവുമായ മായിൻ ഹാജി പറഞ്ഞു. ഈ സ്​ഥലത്ത്​ 60 കോടി രൂപയുടെ മൾട്ടി സ്​പെഷാലിറ്റി ആശുപത്രി വരും എന്നായിരുന്നു പറഞ്ഞത്​. എന്നാൽ, താൽക്കാലിക ആശുപത്രി വന്നു എന്നല്ലാതെ വലിയൊരു വികസനം അവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Waqf board ready to take back land that given to government in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.