സി.ജെ. റോയ്

റോയിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല, അന്വേഷണവുമായി സഹകരിക്കും - ആദായ നികുതി വകുപ്പ്

കൊച്ചി: അന്തരിച്ച കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമപരമായാണ് എല്ലാകാര്യങ്ങളും ചെയ്തതെന്നു ഇവർ അറിയിച്ചു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിൽ വെച്ചാണ് മൊഴിയെടുത്തത്. എന്നാൽ ഇന്നലെ മൊഴിയെടുത്തിട്ടില്ല എന്നും ആദായനികുതിവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

മരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണവുമായി സഹകരിക്കും. റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല എന്നും അവർ അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് ഇതുവരെ നടത്തിയിട്ടില്ല.

സി.ജെ റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല. നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേൽ യാതൊരു വിധത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലന്നും വൃത്തങ്ങൾ വ്യക്തമാക്കി.

ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണ് സി.ജെ റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. റോയിയുടെ കുടുംബം ആരോപണം ഉന്നയിച്ച അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദ് ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്. സംഭവത്തില്‍ ബെംഗളൂരു ആശോക് നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

പ്രമുഖ റിയൽഎസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്‍റ് ഗ്രൂപ്പിന്റെ ഉടമ സി.ജെ. റോയ് (57) ഇന്നലെയാണ് മരിച്ചത്. മൂന്നു ദിവസമായി റോയിയുടെ ബംഗളൂരുവിലെ ഓഫിസിലും കഫെയിലും ആദായനികുതി (ഐ.ടി) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഐ.ടി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് റോയ് ഓഫിസിലെത്തിയത്.

റെയ്ഡിനിടെ റോയി കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ എച്ച്.എസ്.ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.45ഓടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: ലിനി റോയ് (കോൺഫിഡന്‍റ് ഗ്രൂപ്പ് ഡയറക്ടര്‍). മക്കള്‍: രോഹിത്ത്, റിയ. സഹോദരങ്ങള്‍: സി.ജെ. ജോഷി, സി.ജെ. സാബു (വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് എം.ഡി). ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിലാണ് സംഭവം.

റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് കോൺഫിഡന്‍റ് ഗ്രൂപ് മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കോൺഫിഡന്‍റ് ഗ്രൂപ് ബിഗ് ബോസ് കന്നടയുടെ പതിവ് പ്രധാന സ്പോൺസറായിരുന്നു. അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ ബിഗ് ബോസ് മലയാളത്തിലുമെത്തി. സിനിമ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. നാല് സിനിമകൾ സി.ജെ. റോയ് നിർമിച്ചിട്ടുണ്ട്. കാസനോവ, മരക്കാര്‍ എന്നിവ ഇതിൽപെടും.

Tags:    
News Summary - No pressure was exerted on Roy, he will cooperate with the investigation - Income Tax Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.