വഖഫ് നിയമനങ്ങൾ പി.എസ്‌.സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വഖഫ് നിയമനങ്ങൾ പി.എസ്‌.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണ്. പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ പറ്റില്ലെന്നും ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ സഹായം സർക്കാറിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പച്ചയും യു.പിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി പറഞ്ഞു. കുറ്റിക്കാട്ടൂരിലും തളിപ്പറമ്പിലും കൈമാറ്റിയ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാസർകോട് ടാറ്റയുമായി ചേർന്ന് ആശുപത്രി നിർമിക്കുന്നതിന് നടപടി പുരോഗമിക്കുന്നുവെന്നും ഇതിനായി ഭൂമി ഏറ്റെടുത്ത് നടപടികൾ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമനങ്ങൾ പി.എസ്‌.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ സംഘടനകൾ സംയുക്തസമരത്തിനിറങ്ങിയെങ്കിലും സമസ്ത പിൻവാങ്ങുകയായിരുന്നു. പള്ളികളിൽ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടർന്നായിരുന്നു പിന്മാറ്റം. പ്രതിഷേധമല്ല, ബോധവത്കരണമാണ് പള്ളികളിൽ നടത്താൻ ഉദ്ദേശിച്ചതെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പിന്നീട് വ്യക്തമാക്കിയിരുന്നു.

പിന്നീട്, സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു സമസ്ത നേതാക്കൾ പ്രതികരിച്ചത്. ആശങ്കകൾ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. തിരക്കിട്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. തുടർനടപടികൾ സമസ്ത പ്രസിഡന്റ് അടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. 

Tags:    
News Summary - Waqf appointments will made through PSC itself Minister V. Abdurrahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.