സംഘപരിവാറിന്‍റെ വംശീയ കൊലകൾക്കെതിരെ ജസ്റ്റിസ് ഫോർ രാം നാരായൺ ആക്ഷൻ കൗൺസിൽ പാലക്കാട്ട് സംഘടിപ്പിച്ച സാഹോദര്യ റാലി

വംശീയക്കൊലകൾക്കെതിരെ കേരളത്തിൽ നിയമനിർമാണം നടത്തണം: പ്രതിരോധ സംഗമം

പാലക്കാട്: സംഘപരിവാറിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വംശീയ ആൾക്കൂട്ടക്കൊലകൾക്കെതിരെ കേരളത്തിൽ നിയമനിർമാണം നടത്തണമെന്ന് ജസ്റ്റിസ് ഫോർ രാം നാരായൺ ആക്ഷൻ കൗൺസിൽ, കേരള സംഘടിപ്പിച്ച പ്രതിരോധ സംഗമം ആവശ്യപ്പെട്ടു. ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് തടയിടാനായി തഹ്സീൻ പൂനെവാല കേസിലെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ കേരള നിയമസഭ നടപ്പിലാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാം നാരായണന്‍റെ മുഴുവൻ കൊലപാതകികളെയും അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. രാം നാരായണന്‍റെ കുടുംബത്തിന് പ്രഖ്യാപിച്ച 30 ലക്ഷത്തിന്‍റെ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു.

രാം നാരായൺ ഭാഗേലിന്‍റെ കൊലപാതകത്തിന്‍റെ കേസന്വേഷണം കുറ്റമറ്റതാക്കണം, തഹ്സീൻ പൂനെവാല കേസിലെ സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കണം, വംശീയ കൊലകൾക്കെതിരെ കേരളം ജാഗ്രത പുലർത്തണം, പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വേഗത്തിൽ ലഭ്യമാക്കണം എന്നീ പ്രമേയങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. മുൻസിപ്പൽ സ്റ്റാന്‍റ് പരിസരത്തുനിന്ന് ആരംഭിച്ച സാഹോദര്യ റാലിയിൽ നൂറുകണക്കിന് പേർ അണിനിരന്നു. റാലി സ്റ്റേഡിയം സ്റ്റാന്‍റ് പരിസരത്ത് സമാപിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു സംഗമം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഡ്വ. കെ.എസ്.നിസാർ അധ്യക്ഷത വഹിച്ചു. രാം നാരായണന്‍റെ സഹോദരൻ ശശികാന്ത് ഭാഗേൽ മുഖ്യാതിഥിയായി. ആക്ഷൻ കൗൺസിൽ കേരള ചെയർമാൻ കെ.ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, പി.യു.സി.എൽ സംസ്ഥാന ചെയർമാൻ അഡ്വ. പി. എ പൗരൻ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ, പ്രേം ബാബു (സേവ് ഇന്ത്യ കലക്ടീവ്) തുടങ്ങിയവർ സംസാരിച്ചു. സംഘാടക കമ്മിറ്റി ജനറൽ കൺവീനർ കെ. കാർത്തികേയൻ സ്വാഗതവും കൺവീനർ റസീന ആലത്തൂർ നന്ദി പറഞ്ഞു. 

Tags:    
News Summary - Kerala should enact legislation against ethnic killings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.