തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലോട്ടറി ക്ഷേമനിധി ബോർഡിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി സംഗീതിന്‍റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപവൽകരിക്കണമെന്ന് കോടതി നിർദേശം. മെഡിക്കൽ കോളജ് സൂപ്രണ്ടിനോടാണ് ബോർഡിലെ അംഗങ്ങളെ തെരഞ്ഞെടുത്ത് ആരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. അതിനുശേഷമേ പ്രതികളെ കസ്റ്റഡിയിൽ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിച്ചത്. സംഗീതിന് മാനസിക പ്രശ്നങ്ങളില്ലെന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. അറസ്റ്റിലായതിന് പിന്നാലെ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംഗീത് കോടതിയെ അറിയിച്ചു. പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് ഇത് തള്ളിയതിനെത്തുടർന്നാണ് മാനസികനില പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്.
ഒന്നാം പ്രതി സംഗീതിനെയും ഇടനിലക്കാരനും രണ്ടാം പ്രതിയുമായ അനില്‍ കുമാറിനെയും കസ്റ്റഡില്‍ വാങ്ങി ചോദ്യം ചെയ്യാൻ വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം എത്തിയപ്പോൾ സംഗീത് മാനസിക രോഗിയായതിനാല്‍ കസ്റ്റഡിയിൽ നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചു. സംഗീതിനെ കസ്റ്റഡിയില്‍ ലഭിക്കാത്തതിനാല്‍ അനില്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലൻസ് തയാറായില്ല.
ലോട്ടറി ഏജന്‍റ്സ് ആൻഡ് സെല്ലേഴ്സ് ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ തട്ടിപ്പിലാണ് ലോട്ടറി വകുപ്പിൽ ക്ലാർക്കായിരുന്ന കെ. സംഗീത് പിടിയിലായത്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായം തന്‍റെയും സുഹൃത്തിന്‍റെയും അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്‍റെ സുഹൃത്ത് അനിൽ കൺസ്‌ട്രേഷൻ കമ്പനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനിൽ ബാങ്കിൽ സ്ഥിരം നിക്ഷേപം നടത്തിയതായും വ്യക്തമായിട്ടുണ്ട്. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിന്‍റെ സഹോദരൻ സമ്പത്തിന് നൽകി. ദന്തൽ ഡോക്ടറായ സമ്പത്ത് കേസിൽ മൂന്നാം പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.