കെ.സി.ബി.സി മതേതര സമൂഹത്തോട് മാപ്പു പറയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ; ‘മുനമ്പം വിഷയത്തെ വഖഫ് ബില്ലുമായി കൂട്ടിക്കെട്ടാൻ പാടില്ലായിരുന്നു’

മൂവാറ്റുപുഴ: വഖഫ് ഭേദഗതി ബില്ലിനെ പ്രതിപക്ഷ എം.പിമാർ പിന്തുണക്കണമെന്ന് ആഹ്വാനം ചെയ്ത കെ.സി.ബി.സി മതേതര സമൂഹത്തോട് മാപ്പ് പറയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. എറണാകുളം ജില്ല ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രാദേശികമായ മുനമ്പം വിഷയത്തോട് കൂട്ടിക്കെട്ടി മുസ്​ലിം സമുദായത്തെ അതിഗുരുതരമായി ബാധിക്കുന്ന വഖഫ് ബില്ലിനെ പിന്തുണക്കണമെന്ന കെ.സി.ബി.സിയുടെ ആഹ്വാനം ഒരിക്കലും പാടില്ലാത്തതായിരുന്നു. ഈ ആഹ്വാനത്തിലൂടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ അപമാനിക്കുകയും സഹോദര സമുദായമായ മുസ്​ലിം സമൂഹത്തെ വഞ്ചിക്കുകയുമാണ് കെ.സി.ബി.സി ചെയ്തത്. ഇത് ഇന്ത്യ രാജ്യത്ത് വർഗീയധ്രുവീകരണത്തിന് കാരണമായ നിലപാടായി മാറിയെന്നും മുഹമ്മദ് തൗഫീഖ് മൗലവി ചൂണ്ടിക്കാട്ടി.

വഖഫ് ഭേദഗതി നിയമം രാജ്യത്തിന്‍റെ ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമാണ്. രാജ്യത്തിന്‍റെ മതേതരത്വത്തിന്‍റെ മേലിലുള്ള കയ്യേറ്റവുമാണത്. ന്യൂനപക്ഷങ്ങളുടെയും വിശിഷ്യ മുസ്​ലിം സമുദായത്തിന്‍റെയും സ്വത്വത്തിനും സ്വത്തുകൾക്ക് നേരെയും നടക്കുന്ന നിരന്തരമായ അക്രമണങ്ങളുടെ തുടർച്ചയായി മാത്രമേ അതിനെ കാണുവാൻ സാധിക്കൂ. വഖഫ് ഭേദഗതി ബില്ലിന്‍റെ ആദ്യ ചർച്ചകൾക്കൊടുവിൽ ജെ.പി.സിയുടെ പരിഗണനക്കുവിട്ട വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ നൽകിയ 40ലധികം ഭേദഗതികളെ നിർധയം ഭരണകക്ഷി പ്രതിനിധികൾ തള്ളിക്കളയുകയാണ് ചെയ്തത്.

അതിനെ എതിർത്ത പ്രതിപക്ഷ പ്രതിനിധികളെ ജെ.പി.സി കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമായിരുന്നു. അർധരാത്രിയും കടന്ന് പുലർച്ച വരെ നീളുന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷ കക്ഷികളുടെ മുഴുവൻ അഭിപ്രായങ്ങളെയും നിർദയമായി അവഗണിച്ചു കൊണ്ട് ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിൽ മാത്രം ബിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കിയത് രാജ്യത്തിന്‍റെ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. രാജ്യത്തിന്‍റെ പാരമ്പര്യത്തെയും മതേതരത്വത്തെയും ഭരണഘടന മൂല്യങ്ങളെയും കാറ്റിൽ പറത്തിയ ഈ നീക്കത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചണിനിരന്നപ്പോൾ കെ.സി.ബി.സിയുടെ നിലപാട് അത്യന്തം തെറ്റായിരുന്നു.

ഭരണഘടന മൂല്യങ്ങളെ അതിഗുരുതരമായി ഈ നിയമം ചോദ്യം ചെയ്യുന്നുവെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്. മുനമ്പം വഖഫ് ഭൂമി വിഷയത്തിനുള്ള ഒരു പരിഹാരവും ഈ ബില്ലിലില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയും നാം ശ്രദ്ധിക്കേണ്ടതാണ്. ഈ സന്ദർഭത്തിൽ തെറ്റായ ആഹ്വാനം നൽകിയ കെ.സി.ബി.സിയും പ്രതിപക്ഷ എം.പിമാരെ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ചില ബിഷപ്പുമാരും ഇന്ത്യയിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം. അതിലൂടെ മാത്രമേ മതേതര സമൂഹത്തിനിടയിൽ ഉണ്ടായിത്തീർന്ന മാനസികമായ അകൽച്ചയും പരിക്കും പരിഹൃതമാവുകയുള്ളൂവെന്നും കെ. പി. മുഹമ്മദ്‌ തൗഫീഖ് മൗലവി വ്യക്തമാക്കി.

Tags:    
News Summary - Waqf Amendment Bill: Dakshina Kerala Jamiyyathul Ulama want to Apologize KCBC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.