വ്യോമസേനാംഗങ്ങൾ ഹെലികോപ്ടറിൽനിന്ന് കപ്പലിലേക്ക് കെമിക്കൽ പൗഡർ തളിക്കുന്നു
കൊച്ചി: കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പൽ രക്ഷാസംഘത്തിന്റെ പൂർണ നിയന്ത്രണത്തിലായി. രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയും ചേർന്നിട്ടുണ്ട്. കപ്പൽ വടംകെട്ടി ടഗ്ഗുമായി ബന്ധിപ്പിച്ച് തീരത്തുനിന്ന് പരമാവധി ദൂരെ ഉൾക്കടലിലേക്ക് മാറ്റുന്ന പ്രക്രിയയാണ് തുടരുന്നത്.
ഇതോടൊപ്പം വ്യോമസേന ഹെലികോപ്റ്ററിൽനിന്ന് ഡ്രൈ കെമിക്കൽ പൗഡർ (ഡി.സി.പി) തളിക്കുകയും ചെയ്യുന്നുണ്ട്. 2600 കിലോ പൗഡർ തളിച്ചുകഴിഞ്ഞു. ഐ.എ.എഫ് എം.ഐ17വി ഫൈവ് എന്ന ഹെലികോപ്ടറിൽനിന്നാണ് കപ്പലിലെ തീ കൂടുതൽ വേഗത്തിൽ അണക്കാനുള്ള പ്രവർത്തനങ്ങൾ വ്യാഴാഴ്ച രാവിലെ ആരംഭിച്ചത്. കോസ്റ്റ്ഗാർഡ് കപ്പലിൽനിന്ന് ഹൈ പ്രഷർ വാട്ടർ ജെറ്റ് നോസിൽ ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമങ്ങളാണ് മൂന്നുദിവസമായി നടന്നുവന്നിരുന്നത്. ഇതിനൊപ്പം ചേർന്നാണ് നാലാം ദിവസം വ്യോമസേനയും പ്രവർത്തനമാരംഭിച്ചത്.
രാസവിഷ വസ്തുക്കളടങ്ങിയ കപ്പൽ പരമാവധി ദൂരത്തേക്ക് മാറ്റുകയാണ് ടഗ് ഉപയോഗിച്ച് വലിച്ചുനീക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കപ്പലിലുള്ള അപകടംപിടിച്ച കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനാണ് ശ്രമം.
മൂന്നുദിവസമായി നിർത്താതെ തുടരുന്ന തീയണക്കൽ ശ്രമം പൂർണ ഫലപ്രാപ്തിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കപ്പലിന്റെ കാർഗോ ഹോൾഡിലും ബേയിലും നിലവിൽ പുക മാത്രമേ കാണാനാവൂ. എന്നാൽ, ഉൾഡെക്കുകളിലും ഇന്ധന ടാങ്കുകൾക്ക് സമീപവും ഇപ്പോഴും തീയുണ്ട്.
മംഗളൂരു: കോഴിക്കോട് ബേപ്പൂർ, കണ്ണൂർ അഴീക്കൽ തുറമുഖങ്ങൾക്കിടയിൽ തീപിടിച്ച സിംഗപ്പൂരിലെ വാൻഹായ് ലൈൻസിന്റെ എം.വി വാൻഹായ് 503 കണ്ടെയ്നർ കപ്പൽ അഗ്നിമുക്തമായാൽ പണമ്പൂരിലെ ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അധികൃതർ സൂചന നൽകി. അന്താരാഷ്ട്ര ഷിപ്പിങ് ചാനലിൽ നിന്ന് അകലെ മധ്യ അറേബ്യൻ കടലിലെ സുരക്ഷിത പ്രദേശത്തേക്ക് കപ്പൽ വലിച്ചു കൊണ്ടുപോവുക എന്നതായിരുന്നു ആദ്യ പദ്ധതി.
കടലിൽ കാണാതായവരെക്കുറിച്ച് ആഴിയിലും ആകാശത്തും തിരയുന്ന ദൗത്യ സംഘങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ല. അതിനിടെ മംഗളൂരു എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കപ്പൽ ജീവനക്കാരിൽ ചൈന, ഇന്തോനേഷ്യ പൗരന്മാരുടെ നില അതിഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.