കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയിൽ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോഴാണ് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകാൻ ബസിൽ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്.
പനി ശക്തമായി അപസ്മാരത്തിലെത്തുകയായിരുന്നു. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും യാത്രക്കാരും പരിഭ്രമത്തിലാവുകയും കൂട്ടക്കരച്ചിലാവുകയും ചെയ്തു. കണ്ടക്ടർ സുനിൽ പെട്ടെന്ന് ഡ്രൈവർ പ്രേമനെ കാര്യം ധരിപ്പിക്കുകയും കുണ്ടന്നൂർ പിന്നിട്ടിരുന്ന ബസ് യുടേൺ എടുത്ത് തിരികെ മരട് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ബസ് ആശുപത്രി മുറ്റത്ത് നിർത്തിയതോടെ ജീവനക്കാർ ഓടിയെത്തി കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഡോക്ടർമാർ ഉൾപ്പെട്ട സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. തുടർചികിത്സക്കായി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്‍റെ അവസ്ഥ കണ്ടപ്പോൾ പിന്നീട് ഒന്നും നോക്കാനുണ്ടായിരുന്നില്ലെന്നും ഉടൻ ആശുപത്രിയിലേക്ക് തിരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സുനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.