വഖഫ് ബോര്‍ഡ്: എം.എല്‍.എ പ്രതിനിധി തെരഞ്ഞെടുപ്പ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടി നിയമക്കുരുക്കില്‍

കോഴിക്കോട്: വഖഫ് ബോര്‍ഡിലേക്കുള്ള രണ്ട് മുസ്ലിം എം.എല്‍.എമാരുടെ പ്രതിനിധികളെ  തെരഞ്ഞെടുക്കാന്‍ വരണാധികാരി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി നിയമക്കുരുക്കില്‍. തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞശേഷമാണ് അസാധാരണ ഉത്തരവിലൂടെ  റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജ്ഞാപനം റദ്ദാക്കിയത്. നിശ്ചിത സമയത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിയാതെവന്നതിനാലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയത്.

സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും പക്ഷപാതപരവുമാണെന്നു കാണിച്ച്, പത്രിക സമര്‍പ്പിച്ച  മുസ്ലിം ലീഗിലെ എം.എല്‍.എ ടി. അഹമ്മദ് കബീറാണ് ഹൈകോടതിയെ സമീപിച്ചത്. കബീറിന്‍െറ ഹരജി ഫയലില്‍സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച് സര്‍ക്കാറിനോട് വിശദീകരണമാവശ്യപ്പെടുകയും കേസ് ജനുവരി 25ലേക്ക് മാറ്റുകയും ചെയ്തു.

സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് മുസ്ലിം നിയമസഭാ സാമാജികരില്‍നിന്ന് രണ്ടു പ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിലേക്ക് ജനുവരി അഞ്ചിനാണ് വരണാധികാരിയായ എറണാകുളം ജില്ല കലക്ടര്‍ മുഹമ്മദ് സഫറുല്ല ഗസറ്റ് വിജ്ഞാപനം വഴി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനുവരി 11 വരെയായിരുന്നു പത്രിക സ്വീകരിക്കാനുള്ള സമയം. 12 ന് സൂക്ഷ്മപരിശോധനയും. അന്ന് വൈകീട്ട് സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. ജനുവരി 17 വരെ പത്രിക പിന്‍വലിക്കാമെന്നും 24 ന് മുസ്ലിം എം.എല്‍.എമാര്‍ക്ക് ബാലറ്റ് പേപ്പര്‍ തപാല്‍ വഴി അയക്കുമെന്നും ഫെബ്രുവരി 10 ന് അഞ്ചു മണിവരെ വോട്ടു ചെയ്ത ബാലറ്റ് സ്വീകരിക്കുമെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു.

എന്നാല്‍, യു.ഡി.എഫ് പ്രതിനിധിയായി മങ്കട എം.എല്‍.എ ടി. അഹമ്മദ് കബീര്‍ മാത്രമാണ് സമയപരിധിക്കുള്ളില്‍ പത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫ് പ്രതിനിധിയായി ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല.  ഇത് സി.പി.എമ്മിലും മുന്നണിയിലും വിവാദമായതോടെയാണ്  പത്രിക സമര്‍പ്പണവും സൂക്ഷ്മപരിശോധനയുമെല്ലാം കഴിഞ്ഞതിനുശേഷം പൊടുന്നനെ തെരഞ്ഞെടുപ്പ് നടപടി റദ്ദാക്കി ഉത്തരവിട്ടത്. സര്‍ക്കാറുമായി ആലോചിച്ചില്ളെന്നാണ് കാരണമായി പറഞ്ഞത്.

നിയമസഭയില്‍ 32 മുസ്ലിം എം.എല്‍.എമാരാണുള്ളത്. ഇതില്‍ 20 പേര്‍ യു.ഡി.എഫ് പക്ഷത്തും 12 പേര്‍ എല്‍.ഡി.എഫ് പക്ഷത്തുമുള്ളവരാണ്. അംഗബലം കൂടുതലും യു.ഡി.എഫിനാണെങ്കിലും ആനുപാതിക വോട്ടെടുപ്പായതിനാല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഓരോ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വരണാധികാരി ഇപ്പോള്‍ എടുത്ത നടപടിക്രമങ്ങളനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇല്ലാതിരുന്നതിനാല്‍  യു.ഡി.എഫ് സ്ഥാനാര്‍ഥി അഹമ്മദ് കബീര്‍ എതിരില്ലാതെ വിജയിക്കുമായിരുന്നു. രണ്ടാമത്തെ മുസ്ലിം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വീണ്ടും വിജ്ഞാപനമിറക്കി തെരഞ്ഞെടുപ്പ് നടത്തിയാല്‍ അപ്പോഴും യു.ഡി.എഫ് പ്രതിനിധി തന്നെയാവും വിജയിക്കുക.

ഈ സാഹചര്യമൊഴിവാക്കാനാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ റദ്ദാക്കി വീണ്ടും വിജ്ഞാപനമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നടപടിക്ക് നിയമസാധുത ലഭിക്കാനിടയില്ളെന്നാണ് നിയമവിദഗ്ധരുടെ  പക്ഷം. മന്ത്രിയുടെ ഓഫിസില്‍പറ്റിയ വീഴ്ചക്കെതിരെ ഇടതുചേരിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

 

Tags:    
News Summary - wakf board : representative election cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.