വൈപ്പിൻ: ഇരുമുന്നണികളും മാറിമാറി വിജയിച്ചിരുന്ന പഴയ ഞാറക്കൽ മണ്ഡലത്തെ 1996 മുതൽ പത്തുവർഷക്കാലം കോൺഗ്രസിലെ ഡോ. എം.എ. കുട്ടപ്പനാണ് പ്രതിനിധീകരിച്ചത്. കുട്ടപ്പനെ മാറ്റി പി.വി. ശ്രീനിജിൻ സ്ഥാനാർഥിയായപ്പോൾ നാട്ടുകാരനായ എം.കെ. പുരുഷോത്തമനിലൂടെ 2006 ൽ സി.പി.എം മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. മുളവുകാട് പഞ്ചായത്തുകൂടി ചേർത്ത് 2011ൽ പുന:സംഘടനയോടെ മണ്ഡലം വൈപ്പിൻ ആയി മാറിയശേഷം യു.ഡി.എഫിന് വിജയിക്കാനായിട്ടില്ല.
ഒരു പതിറ്റാണ്ട് എസ്. ശർമയായിരുന്നു ജനപ്രതിനിധി. 2021ൽ സി.പി.എമ്മിലെ കെ.എൻ. ഉണ്ണികൃഷ്ണൻ 8201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺ ഗ്രസിലെ ദീപക് ജോയിയെ പരാജയപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ 53,858 വോട്ടുകൾ നേടിയപ്പോൾ ദീപക്കിന് 45,657 വോട്ടാണ് ലഭിച്ചത്. ട്വന്റി 20-യുടെ ജോബ് ചക്കാലയ്ക്കൽ 16,707 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ എൻ.ഡി.എയുടെ കെ.എസ്. ഷൈജു 13,540 വോട്ട് നേടി നാലാം സ്ഥാനത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, കുഴുപ്പിള്ളി പഞ്ചായത്തുകൾ കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 5,572 വോട്ടുകളുടെ മേൽക്കൈ യു.ഡി.എഫിനുണ്ട്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ നേടിയ 29.768 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി. എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏറെ പ്രതീക്ഷയിലാണ്. നാട്ടുകാരികൂടിയായ എം.ബി. ഷൈനിയിലുടെ മണ്ഡലം നിലനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണ് അവർ. മുൻ മേയർ ടോണി ചമ്മിണിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ട്വൻറി 20യെ തങ്ങളുടെ പാളയത്തിൽ ആക്കിയതോടെ ഇരുസ്ഥാനാർഥികളുടെയും കൂടിയുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 30,247 വോട്ടുകളിലാണ് എൻ.ഡി.എ പ്രതീക്ഷ.
2021ലെ 13,540 വോട്ടുകളിൽനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 15,145 ആയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15,788 വോട്ടായും ചെറിയ വർധന എൻ.ഡി.എക്ക് ഉണ്ടായി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ 16,707 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയ ട്വന്റി 20 എളങ്കുന്നപ്പുഴ, നായരമ്പലം എന്നിവിടങ്ങളിൽ മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഉണ്ടായിരുന്നത്. 8,806 വോട്ട് മാത്രമാണ് ലഭിച്ചത്.
1970 ജനുവരി 20ന് ചമ്മിണിവീട്ടിൽ തോമസ് ചമ്മണി-ജോസി തോമസ് ദമ്പതികളുടെ മകനായി ജനനം. എസ്.ഡി.എ സ്‌കൂൾ, സെന്റ് ആൽബർട്സ് സ്‌കൂൾ, സെന്റ് ആൽബർട്സ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യു.വിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. കോളജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂനിവേഴ്സിറ്റി യൂണിയൻ ഭാരവാഹി, കെ.എസ്.യു ജില്ലാ സെക്രട്ടറി, കൊച്ചി നഗരസഭാ കൗൺസിലർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി, ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. 2010-15 കാലയളവിൽ കൊച്ചി മേയറായിരുന്നു.
ഓച്ചന്തുരുത്ത് മണലിൽ എം.വി ബാബുവിന്റെയും ഷീലയുടെയും മകളായി 1981 ഡിസംബറിൽ ജനനം. മാലിപ്പുറം ഐ.ഐ.വി യു.പി സ്‌കൂൾ, എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാല്യങ്കര എസ്.എൻ.എം കോളജിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി. എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ ഹൈക്കോടതിയിലും ജില്ല കോടതികളിലും പ്രാക്ടീസ് ചെയ്യുന്നു. സി.പി.എം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗമാണ്. ഭർത്താവ്: ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ലീഡർ. ഏകമകൾ: എമി ബി ഷൈനി.
കടവന്ത്ര സ്വദേശിനി. നർത്തകിയും നടിയും സംരംഭകയുമാണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാർക്കറ്റിംഗ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ അനിത, കിംഗ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കൊച്ചിൻ ഡിവിഷൻ ബ്രാഞ്ച് ഇൻചാർജ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മൂന്ന് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷൻ രവിപുരം ഡിവിഷനിൽ സ്ഥാനാർഥിയായിരുന്നു.
1957 കെ.സി. എബ്രഹാം (കോൺഗ്രസ്)
1967 എ.എസ് പുരുഷോത്തമൻ (സി.പി.എം)
1970 എം.കെ രാഘവൻ (കോൺഗ്രസ്)
1977 ടി.എ പരമൻ (ആർ.എസ്.പി)
1980 എം.കെ. കൃഷ്ണൻ (സി.പി.എം)
1982 പി.കെ വേലായുധൻ (കോൺഗ്രസ്)
1987 കെ.കെ. മാധവൻ (കോൺഗ്രസ് എസ്)
1991 കെ. കുഞ്ഞമ്പു (കോൺഗ്രസ്)
1996, 2001 എം.എ കുട്ടപ്പൻ (കോൺഗ്രസ്)
2006 എം.കെ. പുരുഷോത്തമൻ (സി.പി.എം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.