വി.ടി സൂരജിന്‍റെ കൈയിൽ 6300 രൂപ, രമക്ക് 27.88 ലക്ഷം രൂപയുടെ ബാധ്യത, നവ്യ ഹരിദാസിനു 7.33 കോടിയുടെ സ്വത്ത്

കോഴിക്കോട്: ബാലുശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ടി.സൂരജിന്റെ കയ്യിൽ ഉള്ളത് വെറും 6300 രൂപ. ബാങ്കിൽ 1700 രൂപയും. ബൈക്ക് അടക്കം ആകെയുള്ള 25,200 രൂപയുടേ ജംഗമ സ്വത്തുമാണെന്നും നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്‍റായ വി.ടി സൂരജ്. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ല. കോഴിക്കോട് നോർത്തിലെ എൻ.‍ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിനു ബാങ്ക്, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും സ്വർണവുമായി 7.33 കോടി രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്. ഭർത്താവ് ഷോബിൻ ശ്യാമിന് ഈയിനത്തിൽ വരുന്നത് 56.24 ലക്ഷം രൂപയുടെ സ്വത്ത്. 10 ലക്ഷം രൂപയുടെ കൃഷിഭൂമിയും സ്വന്തമായുണ്ട്. കെട്ടിടങ്ങളൊന്നുമില്ല.

എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണന്റെ ജംഗമസ്വത്തുക്കൾ 28.70 ലക്ഷം രൂപയുടേതും ഭർത്താവ് വി.പി.ബവീഷിന്റേത് 27.71 ലക്ഷം രൂപയുടേതുമാണ്.യു.ഡി.എഫ് സ്ഥാനാർഥികളിൽ തിരുവമ്പാടിയിലെ സ്ഥാനാർഥി സി.കെ.കാസിമിനു ഭൂമിയും കെട്ടിടങ്ങളും മറ്റുമായി 6.10 കോടി രൂപയുടെയും ഭാര്യക്ക് 1.60 കോടി രൂപയുടെയും സ്വത്തുണ്ട്. കാസിമിന്റെ ബാധ്യത 89.58 ലക്ഷം രൂപയാണ്. നിക്ഷേപങ്ങൾ അടക്കമുള്ള ജംഗമ ഇനത്തിൽ കാസിമിന്റെ പേരിൽ 37.93 ലക്ഷം രൂപയും ഭാര്യയുടെ പേരിൽ 18.56 ലക്ഷം രൂപയുമുണ്ട്. കുന്നമംഗലത്തു മത്സരിക്കുന്ന എം.എ.റസാഖിനു നിക്ഷേപങ്ങളും മറ്റുമായി 1.11 കോടി രൂപയുടെയും ഭാര്യയ്ക്ക് 21.45 ലക്ഷം രൂപയുടെയും ജംഗമ സ്വത്തുണ്ട്. ഭൂമി, കെട്ടിടം തുടങ്ങിയ ഇനങ്ങളിൽ റസാഖിനു 43 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരിൽ 13.5 ലക്ഷം രൂപയുടെയും സ്വത്തുണ്ട്. കൊയിലാണ്ടിയിലെ സ്ഥാനാർഥിയും ഡി.സി.സി.പ്രസിഡന്റുമായ കെ.പ്രവീൺ കുമാറിന് നിക്ഷേപങ്ങളും മറ്റുമായി 17.15 ലക്ഷം രൂപയും ഭാര്യയ്ക്ക് 70.70 ലക്ഷം രൂപയുമാണുള്ളത്. ഭൂമിയും മറ്റുമായി പ്രവീണിന് 2.70 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 31.93 ലക്ഷം രൂപയുടെ സ്വത്തുണ്ട്. നാദാപുരത്തെ സ്ഥാനാർഥി കെ.എം.അഭിജിത്തിന്, 6.76 ലക്ഷം രൂപയുടെ നിക്ഷേപവും മറ്റുമാണുള്ളത്. സ്വർണവും നിക്ഷേപങ്ങളുമടക്കം ഭാര്യയുടെ സ്വത്ത് 53.55 ലക്ഷം രൂപയുടേതാണ്. അഭിജിത്തിന്റെ പേരിൽ ഭൂമിയോ കെട്ടിടമോ ഇല്ല. ഭാര്യയുടെ സ്ഥാവര സ്വത്ത് 50 ലക്ഷം രൂപയുടേതാണ്. കെ.കെ.രമയ്ക്ക് വാഹനമടക്കം 19.99 ലക്ഷം രൂപയുടെ ജംഗമസ്വത്തും 40 ലക്ഷം രൂപയുടെ ഭൂമിയും മറ്റുമുണ്ട്. 27.88 ലക്ഷം രൂപയുടെ ബാധ്യതയും രമയ്ക്കുണ്ട്.

എൽ.ഡി.എഫ് സ്ഥാനാർഥികളിൽ കോഴിക്കോട് സൗത്തിലെ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിനു ഭൂമിയും കെട്ടിങ്ങളുമായി 5.30 കോടി രൂപയുടെ സ്വത്തുണ്ട്. നിക്ഷേപങ്ങളും മറ്റുമായി 9.30 ലക്ഷം രൂപ വേറെയുമുണ്ട്. സ്വർണാഭരണങ്ങളക്കം ഭാര്യയ്ക്കാകട്ടെ, 93.87 ലക്ഷം രൂപയുടെ ജംഗമ സ്വത്തും 40 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുമുണ്ട്. അഹമ്മദ് ദേവർകോവിലിനു 18.86 ലക്ഷം രൂപയുടെ കടവുമുണ്ട്. 1.76 കോടി രൂപയുടെ ഭൂമി, കെട്ടിടങ്ങളാണു കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന തോട്ടത്തിൽ രവീന്ദ്രനുള്ളത്. നിക്ഷേപങ്ങളും മറ്റുമായി 62.30 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്. ഭാര്യയ്ക്കാകട്ടെ 1.63 കോടി രൂപയുടെ നിക്ഷേപങ്ങളും മറ്റുമടക്കമുള്ള ജംഗമ സ്വത്തും 1.11 കോടി രൂപയുടെ ഭൂമിയും മറ്റു വകകളുമുണ്ട്. രവീന്ദ്രനു ബാധ്യതയില്ല. ഭാര്യയുടെ പേരിൽ 12,500 രൂപയുടെ ബാധ്യതയുണ്ട്.

തിരുവമ്പാടിയിൽ മത്സരിക്കുന്ന ലിന്റോ ജോസഫിനു 15.43 ലക്ഷം രൂപയുടെയും ഭാര്യയ്ക്കു 20.48 ലക്ഷം രൂപയുടെയും നിക്ഷേപങ്ങളും മറ്റുമുണ്ട്. ലിന്റോയുടെ പേരിൽ 43 ലക്ഷം രൂപയുടെ ഭൂമിയും മറ്റുമുണ്ട്. 23.53 ലക്ഷം രൂപയുടെ ബാധ്യതയും ലിന്റോയ്ക്കുണ്ട്. കൊടുവള്ളിയിലെ സ്ഥാനാർഥി സലിം മടവൂരിന് 35 ലക്ഷം രൂപയുടെ ഭൂമിയും 3.78 ലക്ഷം രൂപയുടെ നിക്ഷേപവും മറ്റുമുള്ളപ്പോൾ, ഭാര്യയുടെ പേരിലുള്ളത് 34.24 ലക്ഷം രൂപയുടെ നിക്ഷേപമാണ്. സലിം മടവൂരിന്റെ ബാധ്യത 54 ലക്ഷം രൂപയാണ്. കൊയിലാണ്ടിയിലെ സ്ഥാനാർഥി കെ.ദാസന്റെ നിക്ഷേപവും മറ്റും 74,000 രൂപയാണ്. ഭാര്യയ്ക്ക് നിക്ഷേപവും മറ്റുമായി 8.68 ലക്ഷം രൂപയുണ്ട്. ഭൂമിയിനത്തിൽ 33 ലക്ഷം രൂപയാണു ദാസന്റെ സ്വത്ത്. 18 ലക്ഷം രൂപയുടെ സ്വത്താണു ഭാര്യയ്ക്കുള്ളത്. കുറ്റ്യാടിയിലെ കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് 1.09 കോടി രൂപയുടെ ഭൂമിയും മറ്റും സ്വന്തമായുണ്ട്. 50,000 രൂപയുടെ ബാധ്യതയുള്ള കുഞ്ഞമ്മദ്കുട്ടിക്ക് 26.68 ലക്ഷം രൂപയുടെ നിക്ഷേപവും മറ്റുമുണ്ട്. ഭാര്യയുടെ പേരിൽ 34.55 ലക്ഷം രൂപയുടെ നിക്ഷേപമടക്കമുള്ള ജംഗമ സ്വത്തും ഭൂമിയടക്കം 7.40 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുമുണ്ട്. വടകരയിലെ സ്ഥാനാർഥി എം.കെ.ഭാസ്കരന് 19.57 ലക്ഷം രൂപയുടെ നിക്ഷേപവും ഭൂമിയിലും മറ്റിനങ്ങളിലുമടക്കം 50 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുമുണ്ട്. ഭാര്യയ്ക്കാകട്ടെ 30 ലക്ഷം രൂപയുടെ ഭൂമിയും 6.73 ലക്ഷം രൂപയുടെ നിക്ഷേപവുമാണുള്ളത്.

എലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.ദേവദാസിന് ഭൂമിയും മറ്റുമടക്കം 1.03 കോടി രൂപയുടെ സ്ഥാവര സ്വത്തുണ്ട്. ദേവദാസിന് 7.31 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 41.64 ലക്ഷം രൂപയുടെയും ജംഗമസ്വത്തുണ്ട്. ദേവദാസിന്റെ പേരിലുള്ള ബാധ്യത 45.07 ലക്ഷം രൂപയുടെയും ഭാര്യയുടെ ബാധ്യത 17 ലക്ഷം രൂപയുടേതുമാണ്. വടകരയിൽ മത്സരിക്കുന്ന കെ.ദിലീപിന് വാഹനമടക്കം 9.75 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 90 പവൻ സ്വർണാഭരണമടക്കം 1.09 കോടി രൂപയുടെയും ജംഗമസ്വത്തുണ്ട്. ഭൂമിയും മറ്റുമായി ദിലിപീന് 20.70 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരിൽ 11 ലക്ഷം രൂപയുടെയും സ്വത്തുണ്ട്. 8 ലക്ഷം രൂപയുടെ കടക്കാരനാണു ദിലീപ്.

Tags:    
News Summary - VT Suraj has Rs 6300 in his hands, Rama has a liability of Rs 27.88 lakh, and Navya Haridas has assets worth Rs 7.33 crore.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.