പ്രതീകാത്മക ചിത്രം

കരാർ തൊഴിലാളികൾക്ക് ഇ.പി.എഫ്: സർക്കാർ നിർദേശം നൽകണം -കമീഷണർ

കൊച്ചി: സർക്കാർ മേഖലയിലെ അടക്കം കരാർ തൊഴിലാളികളെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇ.പി.എഫ്.ഒ) പരിധിയിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്ന് കൊച്ചി ഇ.പി.എഫ്.ഒ മേഖലയുടെ ചുമതലയുള്ള പി.എഫ് കമീഷണർ എസ്. അഴകിയ മണവാളൻ. നിർബന്ധിത ഇ.പി.എഫ് പരിരക്ഷക്കുള്ള നിയമപരമായ വേതന പരിധി കേന്ദ്ര സർക്കാർ 15,000 രൂപയിൽനിന്ന് 25,000 രൂപയായി വർധിപ്പിച്ചതിന്‍റെ വെളിച്ചത്തിൽ കൊച്ചിയിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാർ ജീവനക്കാർക്കും ദിവസവേതന തൊഴിലാളികൾക്കും ഇ.പി.എഫ് അംഗത്വം എടുക്കാം. അംഗത്വം എടുക്കാതിരിക്കുക വഴി സമ്പാദ്യം, പെൻഷൻ എന്നിവക്കു പുറമെ 7.5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ കൂടിയാണ് നഷ്ടമാകുന്നതെന്നും വേതന പരിധി 25000 ആക്കിയതോടെ കൂടുതൽ പേരിലേക്ക് ഈ ആനുകൂല്യങ്ങൾ എത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി തൊഴിൽ നേടുന്നവർക്ക് പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (പി.എം.വി.ബി.ആർ.വൈ) പ്രകാരം രണ്ട് ഘട്ടമായി ഇ.പി.എഫ്.ഒ വഴി 15000 രൂപ ലഭിക്കും. കൂടാതെ തൊഴിൽ ഉടമകൾക്ക് പുതിയ നിയമനങ്ങൾ നടത്താൻ പ്രോത്സാഹനം നൽകാൻ പുതിയതായി നിയമനം നേടുന്ന ഓരോ ജീവനക്കാരനും പ്രതിമാസം 3000 രൂപവരെ ഇൻസെന്‍റിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉൽപാദന മേഖലയിൽ നാലു വർഷത്തേക്കും മറ്റ് മേഖലകളിൽ രണ്ട് വർഷവും ഈ തുക ലഭിക്കും. 2027 ജൂലൈ 31വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. വ്യവസ്ഥകൾക്ക് വിധേയമായി ചുരുങ്ങിയ നിരക്കിൽ മാത്രം പിഴ അടച്ച് പി.എഫ് വിഹിതം നിശ്ചിത സമയത്ത് അടക്കാത്തതിലുള്ള നടപടികൾ വിശ്വാസ് 2026 പദ്ധതി പ്രകാരം അവസാനിപ്പിക്കാം. 2009 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ ജോലി ചെയ്തിരുന്ന അർഹരായ ജീവനക്കാരെ ഇപ്പോൾ ഇ.പി.എഫിൽ അംഗങ്ങളാക്കാം. റീജനൽ പി.എഫ് കമീഷണർ ഗ്രേഡ് രണ്ട് എ. രവീന്ദർ, റീന മേനോൻ, അസി. പി.എഫ് കമീഷണർമാരായ എം. ഗോപകുമാർ, എം.എം. തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Commissioner says Government should issue directives EPF for contract workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.