കേരളത്തിൽ ഇന്ന് വിജയസാധ്യതയുള്ള ബിസിനസ്‌ സിപിഎം പിന്തുണയോടെയുള്ള ഈവന്റ് മാനേജ്മെന്റ് കമ്പനി -വി.ടി. ബൽറാം

കോഴിക്കോട്: ദാദ സാഹേബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കാനായി സംസ്ഥാന സർക്കാർ ഒരുക്കിയ ‘മലയാളം വാനോളം ലാൽസലാം’ പരിപാടിക്കായി ചെലവാക്കിയ തുകയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കേരളത്തിൽ ഇന്ന് ഏറ്റവും വിജയസാധ്യതയുള്ള ബിസിനസ്‌ എന്നത് സി.പി.എം പിന്തുണയോടെ ഈവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങുക എന്നതാണെന്ന് ബൽറാം പരിഹസിച്ചു.

മോഹൻലാലിനെ ആദരിക്കാനായി സംസ്ഥാന സർക്കാർ ഒരുക്കിയ പരിപാടിക്കായി ചെലവാക്കിയത് 2.84 കോടി രൂപ. രണ്ടു കോടി രൂപ സാംസ്‌കാരിക വകുപ്പ്‌, കേരള ചലച്ചിത്ര അക്കാദമി, കേരള ചലച്ചിത്ര വികസന കോർപറേഷൻ എന്നിവ വഴിയും 84 ലക്ഷം രൂപ അധിക ധനാനുമതി വഴിയുമാണ്‌ നൽകിയത്‌. സാംസ്‌കാരിക വകുപ്പിൽ യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ്‌ പ്ലാൻ ശീർഷകത്തിൽ നിന്നാണ്‌ ഒരു കോടി രൂപ അനുവദിച്ചത്. കെ.എസ്‌.എഫ്‌.ഡി.സിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതമാണ്‌ നൽകിയിരിക്കുന്നത്‌. വിവിധ വിഭാഗങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നാണ്‌ ലാൽസലാമിനുള്ള തുക കണ്ടെത്തിയിരിക്കുന്നത്‌. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത്‌ പദ്ധതിയിതര ഫണ്ട്‌ വഴിയാണെന്ന നിബന്ധന നിലനിൽക്കെയാണ്‌ സർക്കാറിന്റെ നടപടി. ഇതിനെതിരായാണ് ബൽറാം വിമർശനമുയർത്തിയിരിക്കുന്നത്.

കയ്യും കണക്കുമില്ലാതെ കോടികൾ എഴുതിയെടുക്കുകയാണ് സി.പി.എം നേതാക്കളുടെ ബിനാമി കമ്പനികളെന്നും അതിനായി ആഴ്ചക്കാഴ്ചക്ക് ഓരോരോ ആഘോഷ പരിപാടികൾ നടത്തുകയാണ് സർക്കാറെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തു. അയ്യപ്പന്റെ പേരിലും അമൃതാനന്ദമയിയുടെ പേരിലുമൊക്കെ ഇങ്ങനെ നിരന്തരം പരിപാടികളാണ്. ഇനിയും ഏതൊക്കെയോ കോൺക്ലേവ് കെട്ടുകാഴ്ചകൾ വരാനിരിക്കുന്നു. ഓരോ പരിപാടിക്കും ചെലവഴിക്കുന്നത് ഏതാനും ലക്ഷങ്ങളല്ല, ഇതുപോലെ കോടികളാണെന്നും ബൽറാം ചൂണ്ടിക്കാട്ടുന്നു.

വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിൽ ഇന്ന് ഏറ്റവും വിജയസാധ്യതയുള്ള ബിസിനസ്‌ എന്നത് സിപിഎം പിന്തുണയോടെ ഒരു ഈവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങുക എന്നതാണ്.

കയ്യും കണക്കുമില്ലാതെ കോടികൾ എഴുതിയെടുക്കുകയാണ് സിപിഎം നേതാക്കളുടെ ഈ ബിനാമി കമ്പനികൾ. അതിനായി ആഴ്ചക്കാഴ്ചക്ക് ഓരോരോ ആഘോഷ പരിപാടികൾ നടത്തുകയാണ് സർക്കാർ. അയ്യപ്പന്റെ പേരിലും അമൃതാനന്ദമയിയുടെ പേരിലുമൊക്കെ ഇങ്ങനെ നിരന്തരം പരിപാടികളാണ്. ഇനിയും ഏതൊക്കെയോ കോൺക്ലേവ് കെട്ടുകാഴ്ചകൾ വരാനിരിക്കുന്നു. ഓരോ പരിപാടിക്കും ചെലവഴിക്കുന്നത് ഏതാനും ലക്ഷങ്ങളല്ല, ഇതുപോലെ കോടികളാണ്!

മോഹൻലാൽ മലയാളത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന് ഉചിതമായ അനുമോദനം സർക്കാർ തലത്തിൽ ഒരുക്കുന്നത് നല്ലതുമാണ്. എന്നാൽ എന്തിന്റെ പേരിലായാലും ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ഇന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണെന്ന് ഭരണാധികാരികൾക്ക് ഓർമ്മ വേണം. ഇവിടെത്തന്നെ യുവകലാകാരന്മാർക്ക് ഫെലോഷിപ്പ് നൽകാനായി നീക്കിവച്ചിരുന്ന തുകയാണ് മോഹൻലാലിന്റെ പേരിലുള്ള പരിപാടിക്കായി ചെലവഴിച്ചിരിക്കുന്നത്.

ഓർക്കുക, 2.84 കോടി എന്നാൽ അത്ര ചെറിയ തുകയല്ല, ഒരു ഇടത്തരം പഞ്ചായത്തിന് ഒരു വർഷം സർക്കാർ നൽകുന്ന പ്ലാൻ ഫണ്ട് ഏതാണ്ട് ഇത്രത്തോളമേ വരൂ. അതല്ലെങ്കിൽ 71 ആളുകൾക്ക് വീട് വയ്ക്കാനായി 4 ലക്ഷം വീതം നൽകാൻ കഴിയുന്നത്രയും വലിയ തുകയാണ് ഈ 2.84 കോടി. സാംസ്‌ക്കാരിക വകുപ്പിന്റെ ഫണ്ട് വീട് നിർമ്മിക്കാനും മറ്റും ചെലവഴിക്കണമെന്നല്ല പറയുന്നത്, തുകയുടെ വലുപ്പം ബോധ്യപ്പെടുത്താനായി ചില താരതമ്യങ്ങൾ ഉപയോഗിച്ചു എന്ന് മാത്രം. ഏതായാലും ഈ മോഹൻലാൽ പരിപാടിയുടെ മൊത്തം ചെലവ് ഒരു അമ്പത് ലക്ഷത്തിൽ നിർത്തിയിരുന്നുവെങ്കിൽ കേരളമെമ്പാടുമുള്ള പത്തിരുനൂറ് യുവ കലാകാരന്മാർക്ക് ഒന്നോ രണ്ടോ ലക്ഷം രൂപ വീതം ഫെലോഷിപ്പ് അനുവദിക്കാമായിരുന്നു. സാംസ്‌ക്കാരിക രംഗത്തെ നിരവധി സാധാരണക്കാർക്ക് അത് പ്രയോജനപ്പെട്ടേനെ.

ഒരു യഥാർത്ഥ ഇടതുപക്ഷ സർക്കാരായിരുന്നു കേരളത്തിലേതെങ്കിൽ ഈ വിമർശനം അവർക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. എന്നാൽ സെലിബ്രിറ്റികൾ മുതൽ ജാതി നേതാക്കൾ വരെയുള്ളവരുടെ എൻഡോഴ്‌സ്മെന്റിലൂടെ മൂന്നാം ഭരണം ലക്ഷ്യമാക്കുന്ന പിണറായി വിജയന്റെ സ്യൂഡോ ഇടതുഭരണത്തിൽ കോടികൾ ധൂർത്തടിച്ചുള്ള ഇത്തരം പിആർ പ്രചരണങ്ങളല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

Full View

Tags:    
News Summary - VT balram fb post against LDF govt on Mohanlal Honoring Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.