കോഴിക്കോട്: മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്.എൻ.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാൻ കഴിയുന്നില്ലെന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ആരോപണത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന സർക്കാരാണ് കഴിഞ്ഞ ഒമ്പതര വർഷമായി കേരളത്തിൽ അധികാരത്തിലുള്ളതെന്നും അദ്ദേഹത്തിന്‍റെയോ സംഘടനയുടേയോ ന്യായമായ ആവശ്യങ്ങൾ ഇക്കാലയളവിനുള്ളിൽ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിൽ അതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരും സി.പി.എമ്മും മുഖ്യമന്ത്രിയും ആണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വെള്ളാപ്പള്ളി പിന്തുണക്കുന്ന, വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന സർക്കാരാണ് കഴിഞ്ഞ ഒമ്പതര വർഷമായി കേരളത്തിൽ അധികാരത്തിലുള്ളത്.
വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതിയായ, വെള്ളാപ്പള്ളിയെ കാറിൽക്കേറ്റി നടക്കുന്ന മുഖ്യമന്ത്രിയാണ് കഴിഞ്ഞ ഒമ്പതര വർഷമായി കേരളത്തിൽ അധികാരക്കസേരയിലുള്ളത്.
എന്നിട്ടും അദ്ദേഹത്തിന്‍റെയോ അദ്ദേഹത്തിന്‍റെ സംഘടനയുടേയോ ന്യായമായ ഏതെങ്കിലും ആവശ്യങ്ങൾ ഇക്കാലയളവിനുള്ളിൽ പരിഗണിക്കപ്പെട്ടിട്ടില്ല എങ്കിൽ അതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരും സിപിഎമ്മും മുഖ്യമന്ത്രിയും തന്നെയാണ്.
കേരളത്തിൽ വിവിധ സമുദായങ്ങൾക്കും സാമൂഹ്യ വിഭാഗങ്ങൾക്കും സർക്കാർ അനുവദിച്ചിട്ടുള്ള എയ്ഡഡ് സ്ഥാപനങ്ങളുടെ വിശദമായ പട്ടിക പുറത്തുവിടണം. ഇക്കാര്യത്തിൽ ജില്ല തിരിച്ചുള്ള പട്ടികയും പുറത്തുവരണം. ഏതെങ്കിലും വിഭാഗങ്ങൾക്കോ പ്രദേശങ്ങൾക്കോ ജനസംഖ്യാനുപാതികമായി സ്ഥാപനങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ അക്കാര്യം പ്രത്യേകം പരിഗണിച്ച് പരിഹാരമുണ്ടാക്കണം. ചുരുക്കത്തിൽ എയ്ഡഡ് സ്ഥാപനങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ സാമൂഹിക നീതിയും പ്രദേശിക സന്തുലനവും ഉറപ്പുവരുത്തണം.
പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിൽ നിന്ന് വാങ്ങിയെടുക്കുന്നത് ഏതെങ്കിലും പ്രദേശത്തിന്‍റേയോ ഏതെങ്കിലും ജനവിഭാഗങ്ങളുടേയോ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാനും സാമൂഹിക ഉന്നമനം ഉറപ്പു വരുത്താനുമാണെന്നും കോഴ വാങ്ങി നിയമനം നടത്താനല്ലെന്നും മാനേജ്മെന്‍റുകളും സംഘടനകളും മനസ്സിലാക്കണം.
നിയമനങ്ങളിലും പ്രവേശനങ്ങളിലും സുതാര്യതയും മെറിറ്റും നീതിയുമാകണം മാനദണ്ഡം, പണക്കൊഴുപ്പും സ്വാധീനവുമാകരുത്. നിലവിൽ വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഇക്കാര്യത്തിൽ മാതൃക കാട്ടാനായാൽ അദ്ദേഹത്തിന്‍റെ തുടർന്നുള്ള ആവശ്യങ്ങൾക്കൊപ്പവും നിൽക്കാൻ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളീയർ കൂടെയുണ്ടാവും.
വർക്കലയിൽ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്.എൻ.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാൻ കഴിയുന്നില്ലെന്ന ആരോപണം വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചത്. വെള്ളാപ്പള്ളിയോട് സ്ഥലമില്ലേ എന്ന് മാധ്യമപ്രവർത്തകരിൽ ചോദ്യം ഉയർന്നു.
സ്ഥലമുണ്ടെന്നും എന്നാൽ അനുമതി തന്നില്ല എന്നുമായിരുന്നു മറുപടി. അനുമതി ആരാണ് തരേണ്ടത്, ഒമ്പത് വർഷമായി പിണറായി അല്ലേ ഭരിക്കുന്നത് എന്ന ചോദ്യത്തിലാണ് വെള്ളാപ്പള്ളി ക്ഷുഭിതനായത്.
ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് ‘നീ കുറേ നാളായി ഇതു തുടങ്ങിയിട്ട്’ എന്ന മറുപടിയോടെ മൂന്നുവട്ടം ചാനൽ മൈക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ശേഷം മുന്നോട്ട് നീങ്ങിയ വെള്ളാപ്പള്ളിയോട് വീണ്ടും ചോദ്യങ്ങളുന്നയിച്ചതോടെ അനുയായികളുടെ വലയത്തിൽ കാറിൽ കയറി പോവുകയായിരുന്നു.
അതേസമയം, വെള്ളാപ്പള്ളി നടേശനുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബന്ധം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുണ്ടെന്ന സി.പി.ഐ യോഗത്തിലെ വിമര്‍ശനത്തിനെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. ചതിയൻ ചന്തുമാരാണ് സി.പി.ഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാറിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പത്തു വർഷം കൂടെ നിന്ന് എല്ലാം നേടിയിട്ടാണ് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുന്നത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്, പുറത്തല്ല. ഞാൻ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റ്? ഞാൻ അയിത്ത ജാതിക്കാരനാണോ? ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോ? -വെള്ളാപ്പള്ളി ചോദിച്ചു.
മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും ഇനിയും അത് പറയാൻ തയാറാണെന്നും മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞു കൊണ്ട് വെള്ളാപ്പള്ളി ആവർത്തിച്ചു. വെള്ളാപ്പള്ളി വർഗീയവാദിയാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.