കോഴിക്കോട്: മതികെട്ടാൻ മല, പൂയംകുട്ടി, ജീരകപ്പാറ, മൂന്നാർ, അമ്പായത്തോട്, കാസർകോട്.... വി.എസിന്റെ ഓരോ യാത്രയും വാർത്തകളായിരുന്നു. എന്നല്ല, പ്രകമ്പനം തീർത്തു അവയോരോന്നും. രാഷ്ട്രീയ എതിരാളികളുടെയും മാഫിയ സംഘങ്ങളുടെയുമെല്ലാം പേടിസ്വപ്നമായി ആ നേതാവിന്റെ കാടും മലയും താണ്ടിയുള്ള സഞ്ചാരങ്ങളെല്ലാം. അന്നോളം നിശ്ശബ്ദരാക്കപ്പെട്ട മനുഷ്യർക്ക് ആശ്വാസത്തിന്റെ അത്താണിയും അവകാശബോധത്തിന്റെ നട്ടെല്ലുമായി മെലിഞ്ഞ് കൊലുന്നനെയുള്ള ആ ശരീരം മാറി. മനുഷ്യർക്ക് മാത്രമല്ല, പ്രകൃതിക്കും ഇതര ജീവജാലങ്ങൾക്കും വേണ്ടി അധികാരത്തിന്റെ ഇടനാഴികളിൽ ആ ശബ്ദം മുഴങ്ങി. പക്ഷേ, സ്വന്തം പ്രസ്ഥാനത്തിന്റെ നെഞ്ചിടിപ്പേറ്റിയ ഒരു യാത്ര വി.എസ് നടത്തിയത് വിപ്ലവകാരികളുടെ വിപ്ലവകാരിയായ മണ്ടോടി കണ്ണന്റെ നാട്ടിലേക്കായിരുന്നു, കമ്യൂണിസ്റ്റുകാരുടെ ആവേശഭൂമിയായ ഒഞ്ചിയത്തേക്ക്.
ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠുര കൊലപാതകത്തിനു പിന്നാലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 2012 ജൂൺ രണ്ടിനായിരുന്നു പാർട്ടിയുടെ വിലക്കുകളെയും സമ്മർദങ്ങളെയും മറികടന്ന് വി.എസ്, ടി.പിയുടെ വീട്ടിലേക്ക് തിരിച്ചത്. രാഷ്ട്രീയ കേരളത്തിന്റെ ഓർമയിൽ അതിനു മുമ്പോ പിമ്പോ അതുപോലൊരെണ്ണം ഇതുവരെയും സംഭവിച്ചിട്ടില്ല.
2012 മേയ് നാലിനാണ് വള്ളിക്കാട് അങ്ങാടിയിൽ ടി.പി ക്രൂരമായി കൊലചെയ്യപ്പെട്ടത്. മേയ് അഞ്ചിന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോഴും പ്രിയ സഖാവിനെ കാണാൻ വി.എസ് ഓടിയെത്തിയിരുന്നു. എന്നാൽ, ജൂൺ രണ്ടിന്റെ സന്ദർശനം പാർട്ടിയുടെ സകല കണക്കുകൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ചു. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന്റെ വിധി നിർണയിച്ചതുപോലും ആ സന്ദർശനമായിരുന്നു.
നേരിയ ഭൂരിപക്ഷത്തിന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരിക്കെയാണ് സി.പി.എം എം.എൽ.എയായിരുന്ന ആർ. ശെൽവരാജ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അതേ ശെൽവരാജ് യു.ഡി.എഫ് സ്ഥാനാർഥിയായി. സി.പി.എമ്മിനെ സംബന്ധിച്ച് വിജയമെന്നതിലപ്പുറം അഭിമാന പോരാട്ടമായിരുന്നു നെയ്യാറ്റിൻകരയിലേത്. പ്രചാരണം സജീവമായി മുന്നേറവേയാണ് ടി.പി വധം. പ്രതിക്കൂട്ടിൽ പാർട്ടിയായപ്പോൾ സി.പി.എം ഒരുക്കിയ പ്രതിരോധം തന്നെയും നെയ്യാറ്റിൻകരയെ മറപറ്റിയായിരുന്നു. ‘ഇതുപോലൊരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഞങ്ങളിത് ചെയ്യുമോ?’ എന്ന ചോദ്യം യുക്തിഭദ്രമായി അവതരിപ്പിക്കപ്പെട്ടു.
പാർട്ടിയുടെ പ്രചാരണ സംവിധാനങ്ങളാകെയും ഈ ചോദ്യം മുഴക്കിയപ്പോഴും വി.എസിന് സംശയങ്ങളേതുമില്ലായിരുന്നു. ആദ്യത്തെയും അവസാനത്തെയും പ്രതി തന്റെ പ്രസ്ഥാനമാണെന്നുറപ്പിച്ച വി.എസ് പരസ്യമായിത്തന്നെ പൊട്ടിത്തെറിച്ചു. പാർട്ടി സെക്രട്ടറി പിണറായി വിജയനെ ഡാങ്കേയിസ്റ്റ് എന്ന് മുദ്രകുത്തി, അകത്തും പുറത്തും ചോദ്യശരങ്ങളാൽ നേതൃത്വത്തെ വിറകൊള്ളിച്ചു. ആ വിവാദങ്ങളുടെ നിർണായക വഴിത്തിരിവായിരുന്നു തീരുമാനിച്ചുറപ്പിച്ച ഒഞ്ചിയം യാത്ര.
ജൂൺ ഒന്നിന് വയനാട്ടിലെ പരിപാടി കഴിഞ്ഞ് കോഴിക്കോട് ഗെസ്റ്റ്ഹൗസിലെത്തിയ വി.എസ് ഒന്നാം നമ്പർ മുറിയിലായിരുന്നു. അതേദിവസം സി.പി.എം മേഖല റിപ്പോർട്ടിങ്ങിന് കോഴിക്കോട്ടെത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രണ്ടാം നമ്പർ മുറിയിലും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഒമ്പതാം നമ്പർ മുറിയിലും ഉണ്ടായിരുന്നു. രണ്ടാം തീയതി രാവിലെയാണ് വി.എസിന്റെ യാത്രയെക്കുറിച്ച് വാർത്ത പരക്കുന്നത്.
രാവിലെ 10 മണിയോടെ പിണറായി വി.എസിന്റെ മുറിയിലെത്തി. ആ സന്ദർശനം രണ്ടു മിനിറ്റേ നീണ്ടുനിന്നുള്ളൂ. പത്തരയോടെ എസ്.ആർ.പിയും ചെന്നുകണ്ടു. 10 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു. ഇതോടെ പലതരം വാർത്തകൾ നിറഞ്ഞു. നേതൃത്വത്തിന്റെ കർശന നിലപാടും പാർട്ടിയിലെ അടുപ്പക്കാരുടെ സമ്മർദവുമുള്ളതിനാൽ വി.എസ് യാത്ര മാറ്റിയേക്കുമെന്നുവരെ ‘ബ്രേക്കിങ് ന്യൂസ്’ പരന്നു. പക്ഷേ, അനുനയ വാക്കുകൾക്ക് ചെവികൊടുക്കാതെ 11 മണിയോടെ അദ്ദേഹം ഗെസ്റ്റ്ഹൗസിൽ നിന്നിറങ്ങി. അത് ഒഞ്ചിയത്തെത്തുംവരെയും ചാനലുകളിൽ ലൈവായി. നെയ്യാറ്റിൻകരയുടെ വിധി അതോടെ നിശ്ചയിക്കപ്പെട്ടിരുന്നു.
ഒഞ്ചിയത്തെ തൈവെച്ചപറമ്പിലേക്ക് പുന്നപ്ര-വയലാർ സമര നായകൻ എത്തുമ്പോഴേക്കും അവിടം ജനസമുദ്രമായിരുന്നു. വികാരങ്ങളുടെ വേലിയേറ്റത്തിൽ ടി.പിയുടെ ജീവിതസഖാവ് കെ.കെ. രമയും മാതാവ് പത്മിനി ടീച്ചറും വി.എസിന്റെ മുന്നിൽ നിയന്ത്രണംവിട്ടു. മകൻ അഭിനന്ദും ആർ.എം.പി നേതാവ് എൻ. വേണുവും അപൂർവമായ കൂടിക്കാഴ്ചയുടെ സാക്ഷികളായി ആ കുടുസ്സുമുറിയിൽ. അതുകഴിഞ്ഞ് മാധ്യമ പ്രവർത്തകരെ പുറത്താക്കിയശേഷം അടച്ചിട്ട മുറിയിൽ കെ.കെ. രമ, മകൻ അഭിനന്ദ്, രമയുടെ പിതാവ് കെ.കെ. മാധവൻ, എൻ. വേണു എന്നിവരുമായി ഒരു മണിക്കൂറോളം സംസാരിച്ചു. തൊട്ടടുത്ത് ടി.പിയുടെ പണിപൂർത്തിയാകാത്ത വീട്ടിലും കയറിയ വി.എസ്, അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാർച്ചനയും നടത്തിയാണ് മടങ്ങിയത്.
വി.എസിനെ സംബന്ധിച്ച് പ്രിയ സഖാവ് തന്നെയായിരുന്നു ടി.പി. ചന്ദ്രശേഖരൻ. ടി.പിയും കൂട്ടരും സി.പി.എം വിട്ട് ആർ.എം.പി രൂപവത്കരിച്ചപ്പോഴും മറ്റ് നേതാക്കൾ പുലർത്തിയ ശത്രുതാമനോഭാവം കാണിച്ചില്ലെന്ന് മാത്രമല്ല, അവർ പ്രിയപ്പെട്ട സഖാക്കൾ തന്നെയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, കുലംകുത്തികളെന്നും ഭൂമികുലുക്കിപ്പക്ഷികളെന്നും മറ്റുമായി ആർ.എം.പിയെ അധിക്ഷേപിക്കാൻ മത്സരിക്കുകയായിരുന്നു ഔദ്യോഗിക നേതൃത്വത്തിലെ നേതാക്കളെല്ലാം. അതുകൊണ്ടു തന്നെയാവാം ആ കൊലപാതകത്തിന് ഉത്തരവാദിയായ സ്വന്തം പ്രസ്ഥാനത്തോട് കണക്കുതീർക്കാൻ, നെയ്യാറ്റിൻകരയിൽ ജനങ്ങൾ വിധിയെഴുതുന്ന ദിവസം ടി.പിയുടെ വീട്ടിലേക്കൊരു യാത്രതന്നെ അദ്ദേഹം തിരഞ്ഞെടുത്തതും. കാലത്തിന്റെ കണക്കുപുസ്തകങ്ങളിൽ ഇതുപോലെ മറ്റൊരെണ്ണം കാണുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.