നിലമ്പൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വിധിയെഴുത്ത് തുടങ്ങി. 263 ബൂത്തുകളിലായാണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ പല ബൂത്തുകളിലും നീണ്ടുനിരയാണ് ദൃശ്യമാകുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്.2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്. പുതിയ എം.എൽ.എ ആരെന്ന് 23ന് അറിയാം.
എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന നിലമ്പൂരിൽ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ആര്യാടൻ ഷൗക്കത്താണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫുമായി തെറ്റി എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി അൻവറും മത്സരരംഗത്തുണ്ട്. മോഹൻ ജോർജാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.
വാശിയേറിയ മത്സരത്തിന്റെ പ്രതിഫലനം പോളിങ് ശതമാനത്തിൽ കാണുമെന്ന വിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. കലാശക്കൊട്ട് ശക്തിപ്രചാരണമാക്കി ഓരോ വോട്ടും ഉറപ്പിച്ചാണ് മന്ത്രിമാരും നേതാക്കളും കളംവിട്ടത്. വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം.
നഗരസഭയും അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. മറ്റു അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫാണ്. പി.വി. അൻവർ എത്ര വോട്ട് പിടിക്കുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. ഇത് ജയപരാജയത്തിൽ നിർണായകമാവും.
രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടിൽ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും ജയം സിറ്റിങ് പാർട്ടിക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.