‘ഇവിടെ പണം കൊടുത്ത് വോട്ട് വാങ്ങാനാവില്ല, മണി പവർ രാഷ്ട്രീയത്തെ കീഴടക്കിയിട്ടില്ല’; കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കട്ടെയെന്ന് രാജ്ദീപ് സർദേശായി

കൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെപോലെ പണം കേരളത്തെ കീഴടക്കിയിട്ടില്ലെന്നും സ്ഥാനാർഥികൾക്ക് എളുപ്പത്തിൽ വോട്ട് വാങ്ങാൻ കഴിയില്ലെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമമായ എക്സിലാണ് കേരളം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് രാജ്ദീപ് പോസ്റ്റ് പങ്കുവെച്ചത്.

കേരളത്തിലെ സ്ഥാനാർഥികൾ ഇപ്പോഴും വലിയ റാലികളേക്കാളും ആഡംബര റോഡ് ഷോകളേക്കാളും വീടുതോറും കയറിയിറങ്ങിയും ഗ്രാമ നഗര വ്യത്യാസമില്ലാതെയുള്ള തെരുവ് പ്രചാരണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതാണ് പ്രധാന സവിശേഷത. പ്രചാരണം നടത്തുമ്പോൾ റോഡിൽ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് അവർ ഉറപ്പാക്കുന്നു. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെപ്പോലെ പണത്തിന്റെ സ്വാധീനം കേരള രാഷ്ട്രീയത്തെ കീഴടക്കിയിട്ടില്ല. സ്ഥാനാർഥികൾക്ക് വോട്ടുകൾ എളുപ്പത്തിൽ വാങ്ങാൻ കഴിയില്ല. ഇതിലൂടെ തെരഞ്ഞെടുപ്പ് ജനാധിപത്യം അർഥവത്താകുന്നു. കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കട്ടെ’ -രാജ്ദീപ് എക്സ് പോസ്റ്റിൽ കുറിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായും മന്ത്രി പി. രാജീവുമായും സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു രാജ്ദീപിന്റെ പോസ്റ്റ്.

മറ്റൊരു പോസ്റ്റിൽ കൊച്ചിയിൽ പൂക്കൾ വിൽക്കുന്ന എലിസബത്ത് ജോസഫിനെ പരിചയപ്പെടുത്തി കേരളത്തിന്റെ മതസൗഹാർദത്തെക്കുറിച്ചും രാജ്ദീപ് സർദേശായി വാചാലനായി. 

കൊച്ചിയിലെ സെന്റ് ആന്റണീസ് പള്ളിക്ക് പുറത്ത് പൂക്കൾ വിൽക്കുന്ന 67 വയസ്സുള്ള ജോസഫ് എന്റെ ആരാധികയാണ്. അവരുടെ മക്കളിൽ ഒരാൾ ഐ.ടി എൻജിനീയറാണ്, മകൾ അധ്യാപികയും. രാവിലെ അഞ്ചുമണിക്ക് വന്ന് രാത്രിവരെ ജോലിചെയ്യുന്നു. നല്ല കച്ചവടമുള്ള ദിവസം 2000 രൂപ​വരെ സമ്പാദിക്കുന്നു. ക്രിസ്മസ്, ദീപാവലി, ഈദ്, ഓണം അങ്ങനെ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു. ഇത് ഒരു കേരളീയന്റെ/ഇന്ത്യൻ പൗരന്റെ കഥയാണ്. അത് പറയുകയും പ്രചോദനം ഉൾക്കൊള്ളുകയും വേണം -രാജ്ദീപ് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Votes can’t be bought easily Kerala Assembly Election rajdeep sardesai reports from Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.