എം.ബി. ബ്രിജേഷിനൊപ്പം എം.ബി. രാജേഷ് (ഫയൽ ചിത്രം)
പാലക്കാട്: അനുജൻ എം.ബി. ബ്രിജേഷിന്റെ വിയോഗത്തോടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വേദനയും നേരിടുന്ന നാളുകളിലൂടെ കടന്നുപോവുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എം.ബി. രാജേഷ്. കുട്ടിക്കാലത്ത് ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന പറമ്പുകളിലേക്കും കോളജിലെത്തിയപ്പോൾ എസ്.എഫ്.ഐയിലേക്കും ബ്രിജേഷ് തൻറെ നിഴലായിരുന്നുവെന്ന് രാജേഷ് അനുസ്മരിച്ചു.
‘ആഗസ്റ്റ് 12 ന് പുലർച്ചെ അവൻറെ ഹൃദയമിടിപ്പ് നിന്നു. ഇതുവരെ ആശുപത്രിവാസം വേണ്ടിവന്നിട്ടില്ലാത്ത, കാര്യമായ ഒരു ആരോഗ്യപ്രശ്നവും നേരിട്ടിട്ടില്ലാത്ത അവനെ 49 വയസ്സിൽ മരണം അപഹരിച്ചു. അഛനുമമ്മക്കും ഇളയ മകനേയും എനിക്കും സംഘമിത്രക്കും അനിയനേയും നഷ്ടമായി. കുട്ടിക്കാലത്ത് ഓരോ ലോകകപ്പ് ഫുട്ബോളും ക്രിക്കറ്റും നടക്കുമ്പോൾ അവൻറെ നോട്ടു പുസ്തകങ്ങളിൽ ടീമുകൾ, കളിക്കാർ, അവരുടെ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയെക്കുറിച്ചുള്ള കുറിപ്പുകൾ നിറഞ്ഞിരുന്നു. സ്‌പോർട്‌സ് മുഴുവൻ എന്നും ജീവശ്വാസമായിരുന്നു. മുമ്പ് എത്രയോ ലോകകപ്പുകൾ ടിവിയിൽ ഒരുമിച്ചു കണ്ടു. ഒരുമിച്ച് ആരവമുയർത്തി. വിശകലനം ചെയ്തു. ഒടുവിൽ ഈ ലോകകപ്പും ഒരുമിച്ചല്ലെങ്കിലും കണ്ടു. വീട്ടിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കളികളെക്കുറിച്ച് കുട്ടികളോട് ചർച്ച ചെയ്തു. തർക്കിച്ചു.
എം.ബി. ബ്രിജേഷ്
കോളജിൽ മികച്ച പ്രസംഗവും പ്രവർത്തനവുമായി വളരെ വേഗം പ്രിയങ്കരനായി മാറി. എൻറെ നിഴലിൽ നിന്ന് മാറി. SFI ജയിക്കാൻ ബുദ്ധിമുട്ടുള്ള ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ മാഗസിൻ എഡിറ്ററായും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായും തിളങ്ങുന്ന വിജയം നേടി. SFI യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായി. പഠനം കഴിഞ്ഞയുടൻ സംഘടനാപ്രവർത്തനം ഉപേക്ഷിച്ചു. ആദ്യം ജോലിയിൽ ചേർന്നു. പിന്നീട് ഇരുപതുവർഷം മുമ്പ് സലാലയിലെത്തി. വൈകാതെ ബിസിനസും തുടങ്ങി.
ഇതിനിടയിൽ എച്ച്ഡിഎഫ്സിയിൽ ജോലിചെയ്ത കാലത്തെ സഹപ്രവർത്തക ശതബറായിയെ കല്യാണം കഴിച്ചു. സംഘടനാ പ്രവർത്തനം മാത്രമേ ഉപേക്ഷിച്ചിരുന്നുള്ളൂ. മാനവികതയുടെ രാഷ്ട്രീയം എന്നും ആഴത്തിൽ കൊണ്ടുനടന്നു. അതുകൊണ്ടാണ് മരിച്ചാൽ അവയവങ്ങൾ മുഴുവൻ ദാനം ചെയ്ത ശേഷം ശരീരം മെഡിക്കൽ കോളേജിലെ കുട്ടികൾക്കു പഠിക്കാൻ നൽകണമെന്ന ആഗ്രഹം പണ്ടേ പറഞ്ഞുവെച്ചത്. ഇൻഫെക്ഷൻ കാരണം അവയവങ്ങൾ ദാനം ചെയ്യണമെന്ന ആഗ്രഹം മാത്രം നടപ്പാക്കാനായില്ല’ -രാജേഷ് എഴുതി.
‘എന്നും ഉറച്ച നിലപാടുകളും തീരുമാനങ്ങളും അവനുണ്ടായിരുന്നു. സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ഒരിഞ്ചു പിൻമാറാത്ത പ്രകൃതമായിരുന്നു. സാരോപദേശങ്ങൾ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. സ്വന്തം തീരുമാനങ്ങൾ ശരിയാണെന്നു തെളിയിക്കാനുള്ള കഴിവും ആത്മവിശ്വാസവും വേണ്ടുവോളമുണ്ടായിരുന്നു. മലയാളമടക്കം അഞ്ച് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. ധാരാളം യാത്ര ചെയ്തു. ഒടുവിൽ സംരംഭ ആശയങ്ങൾ ആഫ്രിക്കയിൽ വരെ യാഥാർത്ഥ്യമാക്കി. ഇതിനെല്ലാമിടയിലും വീട്ടിലെ കുട്ടികളുടെ മുഴുവൻ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനായി. എന്നോടില്ലാത്ത സ്വാതന്ത്ര്യത്തോടെ അവർ ബ്രിജേഷിനോട് പെരുമാറി. എന്നേക്കാൾ വളരെ വേഗം സുഹൃത്തുക്കളെ സൃഷ്ടിക്കാനുള്ള വൈഭവമുണ്ടായിരുന്നു. അവന്റെ സൗഹൃദവലയം എത്ര വിപുലമായിരുന്നുവെന്ന് ആശുപത്രിയിൽ കിടന്നപ്പോഴാണ് ഞാൻ പോലും ശരിക്ക് മനസ്സിലാക്കിയത്’ -കുറിപ്പിൽ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വേദനയും നേരിടുന്ന നാളുകളിലൂടെ കടന്നുപോവുകയാണ്. എന്റെ അനിയൻ, ഞങ്ങൾ മൂന്നു പേരിൽ ഏറ്റവും ഇളയവനായ എം ബി ബ്രിജേഷ് അകാലത്തിൽ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരാഴ്ചയാവുന്നു.
ജൂലായ് 22 ന് രാത്രിയാണ് ബ്രിജേഷ് വയറുവേദനയെ തുടർന്ന് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ ചെല്ലുന്നത്. പാൻക്രിയാസിലെ അണുബാധയാണ് കാരണം എന്ന കണ്ടെത്തലിൽ ചികിത്സ ആരംഭിച്ചു. വേദന രണ്ടു ദിവസം കൊണ്ടു ശമിച്ചു. എന്നാൽ പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി. ശ്വാസകോശത്തിൽ സാരമായ അണുബാധ ഉണ്ടായിരുന്നുവെങ്കിലും പി കെ ദാസ് മെഡിക്കൽ കോളജിൽ അപ്പോൾ അതു കണ്ടെത്താൻ കഴിഞ്ഞില്ല. ശ്വാസം മുട്ടൽ വെറുതെ തോന്നുന്നതാണെന്നായിരുന്നു അവിടുത്തെ ഡോക്ടർമാർ പറഞ്ഞുകൊണ്ടിരുന്നത്.
അവർ അത് ഗൗരവത്തിലെടുക്കാത്തതിനാൽ ബ്രിജേഷിനെ എറണാകുളം ലിസി ആശുപത്രിയിൽ കൊണ്ടുപോകാൻ നിശ്ചയിച്ചു. 24 ന് വൈകുന്നേരം അവിടേക്ക് കൊണ്ടുപോകുന്നയിനിടയിൽ ഓക്സിജൻ താഴ്‌ന്ന് ആംബുലൻസിൽ വെച്ച് കാർഡിയാക് അറസ്റ്റുണ്ടായി അബോധാവസ്ഥയിലായി. തുടർന്ന് തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്ന ബ്രിജേഷിനെ ECMO യുടെ സഹായത്തിൽ 25 ന് പുലർച്ചെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ആരോഗ്യ നിലയിൽ പുരോഗതി കണ്ടുതുടങ്ങി. ശരീരത്തിലെ അണുബാധയുടെ അളവ്(CRP) 100 ന് മുകളിൽ നിന്ന് 25 ആയി കുറഞ്ഞു. ബാക്ടീരിയാ അണുബാധയും രക്തത്തിലെ ഫംഗസ് ബാധയും ഉയർത്തിയ വെല്ലുവിളികളേയും അതിജീവിച്ചു. രക്തസന്മർദ്ദം മരുന്നില്ലാതെ തന്നെ സാധാരണ നില കൈവരിച്ചു.
കാർഡിയാക് അറസ്റ്റിനെ തുടർന്ന് പ്രവർത്തന രഹിതമായിരുന്ന എല്ലാ അവയവങ്ങളും സാധാരണ നിലയിലേക്ക് മടങ്ങി വന്നു. ശ്വാസകോശം മാത്രം അപ്പോഴും യന്ത്രസഹായത്തിലായിരുന്നു എന്നതു മാത്രമായിരുന്നു പ്രധാന ആശങ്ക. എട്ടാം ദിവസം, ഓഗസ്റ്റ് 1 ന് ബ്രിജേഷ് കണ്ണു തുറന്നു. പത്തുദിവസത്തിനുള്ളിൽ ശ്വാസകോശം അണുബാധയിൽ നിന്ന് മുക്തമായി. അതൊരു miracle ആണെന്ന് ഡോക്ടർ പറഞ്ഞു. പതിനൊന്നാം ദിവസം, അതായത് ഓഗസ്റ്റ് 4 ന് ECMO സഹായം ഒഴിവാക്കാവുന്ന വിധം സ്ഥിതി മെച്ചപ്പെട്ടു. 12-ാം ദിവസം വെൻ്റിലേറ്ററും ഒഴിവാക്കാനായി. സ്വയം ശ്വസിച്ചു തുടങ്ങി. രക്ത സമ്മർദ്ദവും ഹൃദയമിടിപ്പും ക്രിയാറ്റിനും തുടങ്ങി എല്ലാ സൂചകങ്ങളും സാധാരണ നിലയിൽ stable ആയി തുടർന്നു. ഡോക്ടർമാരും ഞങ്ങളും പ്രത്യാശയിലായി. റൂമിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഫിസിയോ തെറാപ്പിയുടേയും മറ്റും കാര്യങ്ങളും തീരുമാനിച്ചു.
റൂമിലേക്ക് മാറ്റാൻ നിശ്ചയിച്ച ഓഗസ്റ്റ് 10 ന് ബിപിയിൽ ചെറിയ വ്യതിയാനം കണ്ടു. ആദ്യം ഡോക്ടർമാർ ആശങ്കപ്പെടാനില്ലെന്നു പറഞ്ഞു. പക്ഷേ വ്യതിയാനം കൂടിവന്നു. സെക്കൻററി ഇൻഫക്ഷൻ ഉണ്ടായി എന്ന് സ്ഥിരീകരിച്ചു. അതുവരെ നടത്തിയ അവൻറെ പോരാട്ടം ദുർബ്ബലമായി തുടങ്ങി. ഓഗസ്റ്റ് 12 ന് പുലർച്ചെ അവൻറെ ഹൃദയമിടിപ്പ് നിന്നു. ഇതുവരെ ആശുപത്രിവാസം വേണ്ടിവന്നിട്ടില്ലാത്ത, കാര്യമായ ഒരു ആരോഗ്യപ്രശ്നവും നേരിട്ടിട്ടില്ലാത്ത അവനെ 49 വയസ്സിൽ മരണം അപഹരിച്ചു. അഛനുമമ്മക്കും ഇളയ മകനേയും എനിക്കും സംഘമിത്രക്കും അനിയനേയും നഷ്ടമായി.
കുട്ടിക്കാലത്ത് ബ്രിജേഷ് എൻറെ നിഴലായിരുന്നു. ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന പറമ്പുകളിലേക്ക്. പിന്നെ കോളജിലെത്തിയപ്പോൾ എസ് എഫ് ഐയിലേക്ക് ഒക്കെ നിഴലായി ഒപ്പം നടന്നു. കുട്ടിക്കാലത്ത് ഓരോ ലോകകപ്പ് ഫുട്ബോളും ക്രിക്കറ്റും നടക്കുമ്പോൾ അവൻറെ നോട്ടു പുസ്തകങ്ങളിൽ ടീമുകൾ, കളിക്കാർ, അവരുടെ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയെക്കുറിച്ചുള്ള കുറിപ്പുകൾ നിറഞ്ഞിരുന്നു. സ്‌പോർട്‌സ് മുഴുവൻ എന്നും ജീവശ്വാസമായിരുന്നു. മുമ്പ് എത്രയോ ലോകകപ്പുകൾ ടിവിയിൽ ഒരുമിച്ചു കണ്ടു. ഒരുമിച്ച് ആരവമുയർത്തി. വിശകലനം ചെയ്തു. ഒടുവിൽ ഈ ലോകകപ്പും ഒരുമിച്ചല്ലെങ്കിലും കണ്ടു. വീട്ടിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കളികളെക്കുറിച്ച് കുട്ടികളോട് ചർച്ച ചെയ്തു. തർക്കിച്ചു.
കോളജിൽ മികച്ച പ്രസംഗവും പ്രവർത്തനവുമായി വളരെ വേഗം പ്രിയങ്കരനായി മാറി. എൻറെ നിഴലിൽ നിന്ന് മാറി. SFI ജയിക്കാൻ ബുദ്ധിമുട്ടുള്ള ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ മാഗസിൻ എഡിറ്ററായും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായും തിളങ്ങുന്ന വിജയം നേടി. SFI യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായി. പഠനം കഴിഞ്ഞയുടൻ സംഘടനാപ്രവർത്തനം ഉപേക്ഷിച്ചു. ആദ്യം ജോലിയിൽ ചേർന്നു. പിന്നീട് ഇരുപതുവർഷം മുമ്പ് സലാലയിലെത്തി. വൈകാതെ ബിസിനസും തുടങ്ങി.
ഇതിനിടയിൽ എച്ച്ഡിഎഫ്സിയിൽ ജോലിചെയ്ത കാലത്തെ സഹപ്രവർത്തക ശതബറായിയെ കല്യാണം കഴിച്ചു. സംഘടനാ പ്രവർത്തനം മാത്രമേ ഉപേക്ഷിച്ചിരുന്നുള്ളൂ. മാനവികതയുടെ രാഷ്ട്രീയം എന്നും ആഴത്തിൽ കൊണ്ടുനടന്നു. അതുകൊണ്ടാണ് മരിച്ചാൽ അവയവങ്ങൾ മുഴുവൻ ദാനം ചെയ്ത ശേഷം ശരീരം മെഡിക്കൽ കോളേജിലെ കുട്ടികൾക്കു പഠിക്കാൻ നൽകണമെന്ന ആഗ്രഹം പണ്ടേ പറഞ്ഞുവെച്ചത്. ഇൻഫെക്ഷൻ കാരണം അവയവങ്ങൾ ദാനം ചെയ്യണമെന്ന ആഗ്രഹം മാത്രം നടപ്പാക്കാനായില്ല.
എന്നും ഉറച്ച നിലപാടുകളും തീരുമാനങ്ങളും അവനുണ്ടായിരുന്നു. സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ഒരിഞ്ചു പിൻമാറാത്ത പ്രകൃതമായിരുന്നു. സാരോപദേശങ്ങൾ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. സ്വന്തം തീരുമാനങ്ങൾ ശരിയാണെന്നു തെളിയിക്കാനുള്ള കഴിവും ആത്മവിശ്വാസവും വേണ്ടുവോളമുണ്ടായിരുന്നു. മലയാളമടക്കം അഞ്ച് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. ധാരാളം യാത്ര ചെയ്തു. ഒടുവിൽ സംരംഭ ആശയങ്ങൾ ആഫ്രിക്കയിൽ വരെ യാഥാർത്ഥ്യമാക്കി. ഇതിനെല്ലാമിടയിലും വീട്ടിലെ കുട്ടികളുടെ മുഴുവൻ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനായി. എന്നോടില്ലാത്ത സ്വാതന്ത്ര്യത്തോടെ അവർ ബ്രിജേഷിനോട് പെരുമാറി.
എന്നേക്കാൾ വളരെ വേഗം സുഹൃത്തുക്കളെ സൃഷ്ടിക്കാനുള്ള വൈഭവമുണ്ടായിരുന്നു. അവന്റെ സൗഹൃദവലയം എത്ര വിപുലമായിരുന്നുവെന്ന് ആശുപത്രിയിൽ കിടന്നപ്പോഴാണ് ഞാൻ പോലും ശരിക്ക് മനസ്സിലാക്കിയത്. ബ്രിജേഷ് ആശുപത്രിയിൽ പെട്ടെന്ന് ഗുരുതരാവസ്ഥയിലായത് മുതൽ അവനെ ചികിൽസിച്ച ആസ്റ്ററിലെ ഡോക്ടർമാർ, നഴ്‌സുമാർ, സഹായിച്ച ആശുപത്രിയിലെ സ്റ്റാഫ്, രക്തം നൽകിയ എറണാകുളത്തെ സഖാക്കൾ, ആശുപത്രിയിൽ പിന്തുണയും സഹായവുമായി ഓരോ നിമിഷവും ഒപ്പം നിന്നവർ, മരണ ശേഷം തിരക്കുകൾക്കും ബുദ്ധിമുട്ടുകൾക്കുമെല്ലാമിടയിൽ വീട്ടിലെത്തി ഞങ്ങളുടെ സങ്കടത്തിൽ ആശ്വാസമായി മാറിയ അനേകം മനുഷ്യർ, കക്ഷി-രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമില്ലാതെ യഥാർത്ഥ സ്‌നേഹത്തിൻ്റേയും സൗഹൃദത്തിൻ്റേയും മൂല്യം ഉയർത്തിപ്പിടിച്ച സുഹൃത്തുക്കൾ, ഫോൺ കാൾ, സന്ദേശങ്ങൾ എന്നിവയിലുടെ അനുശോചനം അറിയിച്ച നിരവധി പേർ എന്നിവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി. സ്‌നേഹം. ബ്രിജേഷിന്റെ ഉജ്ജ്വലമായ ഓർമ്മകൾക്കു മുന്നിൽ സഹോദരൻ, സഖാവ് എന്നീ നിലകളിൽ എന്റെ ലാൽസലാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.