പിഎം ശ്രീയെ അഴുക്കുചാലിൽ ഒഴുക്കേണ്ട പദ്ധതിയായാണോ സർക്കാർ കാണുന്നത്? -ബി.ജെ.പി; ‘മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവന സർക്കാർ സ്പോൺസേർഡ് തീവ്രവാദം’

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി അഴുക്കുചാലിൽ ഒഴുക്കണമെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ വിവാദ പ്രസ്താവന വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പിഎം ശ്രീ പദ്ധതിയെ അക്കാദമിക പുരോഗതിക്കുള്ള അവസരമായാണോ, അതോ അഴുക്കുചാലിൽ ഒഴുക്കേണ്ട പദ്ധതിയായാണോ കാണുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നയപരമായ നിലപാട് പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പിന്നെ എങ്ങനെയാണ് ഒരു മന്ത്രി സർക്കാരിന്റെ നയം പ്രഖ്യാപിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ മുസ്‍ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്‍ലാമിയുടെയും സ്വാധീനം നിർണായകമാണെന്ന ആരോപണങ്ങൾക്ക് ശക്തമായ തെളിവാണ് ഈ സംഭവമെന്നും കൃഷ്ണദാസ് ആരോപിച്ചു

പിഎം ശ്രീ പദ്ധതി അഴുക്കുചാലിൽ ഒഴുക്കുക എന്നതാണ് യുഡിഎഫിന്റെ നിലപാടെങ്കിൽ, അത് കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള കടുത്ത അനീതിയാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികളിലൂടെ കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട അവസരങ്ങൾ രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ നിഷേധിക്കരുത്. വന്ദേമാതരം പാടുന്നത് നിരോധിച്ച നടപടി മുസ്‍ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും മതപരമായ വിഭജന അജണ്ടയുടെ ഭാഗമായാണ്.

വന്ദേമാതരം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച ദേശീയ ഗാനമാണ്. ഇതിനെ പൂർണമായും നിരോധിക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഒരു സംസ്ഥാന സർക്കാരിന് ഇന്ത്യൻ പാർലമെന്റിനെ ഇത്തരത്തിൽ വെല്ലുവിളിക്കാൻ അവകാശമില്ല. കോൺഗ്രസും യുഡിഎഫും പൂർണ്ണമായും മുസ്‍ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും വർഗീയ നിലപാടുകൾക്ക് അടിമപ്പെട്ടിരിക്കുകയാണ്. പാണക്കാട് നിന്നുള്ള നിർദ്ദേശപ്രകാരമാണ് യുഡിഎഫിന്റെ നയങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

മന്ത്രി കെ എം ഷാജിയെപ്പോലെയുള്ള നേതാക്കളുടെ പ്രസ്താവനകൾ 'സർക്കാർ സ്പോൺസേർഡ് തീവ്രവാദം' പോലെയാണ്.

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന ഷാജിയുടെ പ്രസ്താവന, സർക്കാറിന്റെ പ്രസ്താവനയായി മാറുകയാന്നെന്നും കൃഷ്ണദാസ് ആരോപിച്ചു.

കാലടി സംസ്കൃത സർവകലാശാലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട, വനിതാ വൈസ് ചാൻസലറെ ക്യാമ്പസിൽവെച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ച സംഭവം കേരളത്തിന്റെ സാംസ്കാരിക മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ആക്രമണം തടയാനോ, ഒരു വനിതാ വൈസ് ചാൻസലറെ സംരക്ഷിക്കാനോ ഫലപ്രദമായ ഇടപെടൽ നടത്തിയില്ല. തുടർന്ന് വൈസ് ചാൻസലർ ഗവർണറെ സമീപിക്കുകയും, ഗവർണർ ഡിജിപിയുമായി ബന്ധപ്പെടുകയും ചെയ്ത ശേഷമാണ് പൊലീസ് നടപടികൾ ഉണ്ടായതെന്നും കൃഷ്ണദാസ് പറഞ്ഞു.

അതിലേറെ ഗൗരവമുള്ളത് മുഖ്യമന്ത്രിയുടെ നിലപാടാണ്. അക്രമത്തിനിരയായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിതാ വൈസ് ചാൻസലറോടൊപ്പമാണോ മുഖ്യമന്ത്രിയെന്നും അതോ അക്രമം നടത്തിയ എസ്‌എഫ്‌ഐ സംഘത്തോടൊപ്പമാണോന്നെന്നും പി കെ കൃഷ്ണദാസ് ചോദിച്ചു. ഇരയ്ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട മുഖ്യമന്ത്രി, ഗവർണർ പൊലീസ് നടപടിക്ക് ഇടപെട്ടതിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയും ഇതേ നിലപാട് ആവർത്തിക്കുകയായിരുന്നു. എസ്‌എഫ്‌ഐയുടെ അക്രമത്തെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത സിപിഎമ്മിന്റെയും, കോൺഗ്രസിന്റെയും നിലപാടുകൾ തമ്മിലുള്ള അന്തർധാര കേരളത്തിന് മുന്നിൽ തുറന്നുകാണുകയാണ്.

സ്ത്രീകൾക്കെതിരായ അക്രമവും, ക്യാമ്പസ് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ല. സംസ്കാരശൂന്യമായ എസ്‌എഫ്‌ഐ അക്രമത്തെയും, അതിന് രാഷ്ട്രീയ സംരക്ഷണം നൽകുന്ന നിലപാടുകളെയും ഭാരതീയ ജനതാ പാർട്ടി ശക്തമായി അപലപിക്കുന്നതായി കൃഷ്ണദാസ് പറഞ്ഞു.

Tags:    
News Summary - PM SHRI: BJP against K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.