'പരാതിയിൽ ഉറച്ചുനിൽക്കുന്നു, പിൻമാറില്ല'; ടിനി ടോമിനെതിരെ രഹസ്യമൊഴി നൽകി അൻസിബ ഹസൻ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ മുൻ ഭാരവാഹിയും നടനുമായ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ കോടതിയിൽ രഹസ്യമൊഴി നൽകി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് താരം മൊഴി നൽകിയത്. ടിനി ടോം തനിക്കെതിരെ വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും കേസിൽനിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും മൊഴി നൽകിയ ശേഷം അൻസിബ മാധ്യമങ്ങളോട് വ്യക്തമാക്കി.

കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ഈ ഘട്ടത്തിലെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ അൻസിബ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. തുടർന്നാണ് നടി കോടതിയെ സമീപിച്ചത്.

പരാതി അന്വേഷിക്കാനും കേസ് രജിസ്റ്റർ ചെയ്യാനും എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചതോടെയാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ (ബി.എൻ.എസ് 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം (ബി.എൻ.എസ് 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം (ബി.എൻ.എസ് 79), മതസ്പർധ വളർത്തൽ (ബി.എൻ.എസ് 299), മതവികാരം വ്രണപ്പെടുത്തൽ (ബി.എൻ.എസ് 302) തുടങ്ങിയ ഗുരുതര വകുപ്പുകളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. അതിനിടെ, പൊലീസ് ചോദ്യം ചെയ്യാൻ നീക്കം നടത്തുന്നതിനിടെ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Ansiba Hasan Records Confidential Statement Against Actor Tini Tom Over Alleged Communal Abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.