ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് എസ്എഫ്‌ഐ നേതാവിനെ കാലിക്കറ്റ് സര്‍വകലാശാല പുറത്താക്കിയെന്ന്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ദേശീയ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ കാമ്പസിൽനിന്നും ഹോസ്റ്റലിൽനിന്നും പുറത്താക്കിയെന്ന് പരാതി. എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് വൈസ്ചാൻസലർ പി രവീന്ദ്രന്‍ പുറത്താക്കിയതെന്ന് എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു.

‘ഐഷി ഘോഷിനെ പങ്കെടുപ്പിച്ചു കൊണ്ട് മാഗസിൻ പ്രകാശനം നടത്തുന്നതിനിടെ കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയിരിക്കുന്നു. സർക്കാർ സർവകലാശാലകളെ ഇവരുടെയൊക്കെ സ്വകാര്യ സ്വത്തായാണ് ഇത്തരം സംഘി അടിമകൾ കാണുന്നത്. പൂമാല കിട്ടിയ പ്രഫ. രവീന്ദ്രൻ ഒരു കടുത്ത ഇടതുപക്ഷ വിരോധി കൂടിയാണ്. എംജി, കേരള, സംസ്‌കൃതം, കണ്ണൂർ, ഇവിടങ്ങളിലെ സംഘപരിവാർ അനുകൂല നിലപാട് സർക്കാരും, വകുപ്പ് മന്ത്രിയും തുടരുമായിരിക്കും. പക്ഷെ ഗവർണർ, വിസി അവിശുദ്ധ വർഗീയ കോമരങ്ങളെ എസ്എഫ്ഐ പിടിച്ചുകെട്ടും. കാലിക്കറ്റിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ തിരിച്ചെടുക്കണം, പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണം. ശക്തമായ പ്രതിഷേധം എല്ലാ നിലയിലും ഉയരും’ -എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അഭിനന്ദിനെ കാമ്പസിൽനിന്നും ഹോസ്റ്റലിൽനിന്നും പുറത്താക്കിയതായി കാണിച്ച് ഡിപ്പാര്‍ട്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിസിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ തന്റെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് അഭിനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ത് നടപടി വന്നാലും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയാല്‍ സമരങ്ങളുടെ ശക്തി കെടുത്താം എന്നത് വിസിയുടെ വ്യാമോഹമാണെന്നും അഭിനന്ദ് പറഞ്ഞു.

18നാണ് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത മാഗസിന്‍ പ്രകാശനം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ഇഎംഎസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്നത്. ഇതിന് ഹാള്‍ അനുവദിക്കാത്തതില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിസിയെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഹാള്‍ അനുവദിക്കുകയും ഇന്നലെ രാത്രി ഡിഎസ്‌യു മാഗസിന്‍ 'ദജ്ജാല്' ഐഷി ഘോഷ് പ്രകാശനം നിർവഹിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാം വിദ്യാർഥിയായ അഭിനന്ദ്, മൂന്നാം സെമസ്റ്ററിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും തുടർപഠനത്തിന് അവസരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നുവെന്നും നിബന്ധനകൾ ലംഘിച്ചതിനാൽ പുറത്താക്കുകയായിരുന്നു​വെന്നും വി.സിയെ അനുകൂലിക്കുന്നവർ പറയുന്നു.

‘അഭിനന്ദിനെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നിന്ന് പുറത്താക്കിയത് എന്തുകൊണ്ട്? എസ്.എഫ്.ഐ. കാലിക്കറ്റ് സർവകലാശാല സെക്രട്ടറി അഭിനന്ദ് എം. 2026 മാർച്ച് 25-ന് സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമിൽ പ്രവേശനം നേടിയിരുന്നു. മൂന്നാം സെമസ്റ്ററിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും തുടർപഠനത്തിന് അവസരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ BASG യുടെ പരിഗണനയ്ക്കായി വൈസ് ചാൻസലർ സമർപ്പിച്ചിരുന്നു. എന്നാൽ സമിതിയുടെ യോഗം ചേരുന്നതിനും തീരുമാനം കൈക്കൊള്ളുന്നതിനും സമയമെടുക്കുന്നതിനാൽ, അന്തിമ തീരുമാനത്തിന് വിധേയമായി താൽക്കാലികമായി ക്ലാസ്സിൽ ഇരിക്കാൻ അനുവദിക്കുകയായിരുന്നു. ഈ അനുമതിയോടൊപ്പം കർശനമായ ചില നിബന്ധനകളും ഏർപ്പെടുത്തിയിരുന്നു.

ഹോസ്റ്റലിൽ രണ്ട് വിദ്യാർഥികളെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഹോസ്റ്റലിൽ പ്രവേശിക്കരുതെന്നും അക്രമണങ്ങളിലോ മറ്റ് പ്രകോപന സൃഷ്ടിക്കുന്ന പരിപാടികളിലോ പങ്കെടുക്കരുതെന്നും ഉൾപ്പെടെയുള്ള നിബന്ധനകളാണ് താൽക്കാലികമായി ക്ലാസ്സിൽ ഇരിക്കാനുള്ള അനുമതിക്ക് ബാധകമാക്കിയിരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായിരുന്നു ഇത്. എന്നാൽ, താൽക്കാലികമായി ക്ലാസ്സിൽ ഇരിക്കാൻ അനുവദിച്ചശേഷവും ഗുണ്ടായിസം കാണിക്കാനാണ് അഭിനന്ദ് മുതിർന്നത്. കഴിഞ്ഞ ആഗസ്റ്റ് 17ന് രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈസ് ചാൻസലറെയും പ്രോ വൈസ് ചാൻസലറെയും ഓഫീസിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കാതെ തടഞ്ഞുവെച്ച സംഭവത്തിൽ അഭിനന്ദും പങ്കാളിയായിരുന്നു. വൈസ് ചാൻസലറോട് അസഭ്യം പറയുകയും ഉച്ചഭക്ഷണത്തിനായി പുറത്തുപോകുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

താൽക്കാലികമായി ക്ലാസ്സിലിരിക്കാൻ ഏർപ്പെടുത്തിയിരുന്ന വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രവേശനം റദ്ദാക്കാനുള്ള തീരുമാനം വൈസ് ചാൻസലർ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അഭിനന്ദിന് അനുവദിച്ചിരുന്ന താൽക്കാലികമായി ക്ലാസ്സിൽ ഇരിക്കാനുള്ള അനുമതി 2026 ആഗസ്റ്റ് 17-ന് റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. ഐഷി ഘോഷ് സർവകലാശാല ക്യാമ്പസിലെത്തിയത് ആഗസ്റ്റ് 18നാണ്. അഭിനന്ദിന്റെ താൽക്കാലികമായി ക്ലാസ്സിലിരിക്കാനുള്ള അനുമതി റദ്ദാക്കാനുള്ള ഉത്തരവ് ആഗസ്റ്റ് 17നാണ് പുറപ്പെടുവിച്ചത്. വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കിയത് രാഷ്ട്രീയപരമായോ വ്യക്തിപരമായോ കാരണങ്ങളാലല്ല, താൽക്കാലികമായി ക്ലാസ്സിൽ ഇരിക്കാൻ സർവകലാശാല ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്നുള്ള ഭരണപരമായ നടപടിയാണ്’ -വി.സി അനുകൂലികൾ പറയുന്നു.

Tags:    
News Summary - Calicut University expels SFI leader for hosting event with aishe ghosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.