തിരുവനന്തപുരം: മൃഗശാലയിൽ ജനിച്ച സിംബയെയും സൂരിയെയും സന്ദർശകർക്ക് കാണാൻ കൂട്ടിലേക്ക് മാറ്റി. ഈ വർഷം ജനുവരി 20ന് ജനിച്ച സിംഹക്കുഞ്ഞുങ്ങളായ സിംബയും സൂരിയും ഏഴ് മാസം പൂർത്തിയായതിന്റെ ഭാഗമായാണ് തുറന്ന എൻക്ലോഷറിലേക്ക് പ്രവേശിപ്പിച്ചത്. മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു.
സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, ഡയറക്ടർ മഞ്ജുളാദേവി, ഡോ. നികേഷ് കിരൺ, ക്യൂറേറ്റർ സംഗീത മോഹൻ, മൃഗശാല സൂപ്രണ്ട് ടി. വി. അനിൽകുമാർ എന്നിവർ സന്നിഹിതരായി. 2023ൽ തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ജോഡിയായി തിരുവനന്തപുരത്തെത്തിച്ച ലിയോയും നൈലയും ആണ് സിംബയുടെയും സൂരിയുടെയും മാതാപിതാക്കൾ. നൈലയുടെ മൂന്നാമത്തെ പ്രസവവും ആദ്യ വിജയകരമായ പ്രസവവുമാണിത്.
ജനനത്തെ തുടർന്നുള്ള ആദ്യ ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. അമ്മയിൽ നിന്ന് മതിയായ പരിചരണം ലഭിക്കാതിരുന്നതിനാൽ വെറ്ററിനറി സംഘത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക പരിചരണം നൽകിയാണ് കുഞ്ഞുങ്ങളെ വളർത്തിയത്. സിംബയെയും സൂരിയെയും നിരന്തര നിരീക്ഷണത്തിലൂടെയും ആവശ്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ആരോഗ്യത്തോടെ വളർത്തിയെടുക്കാൻ കഴിഞ്ഞു.
തുടർന്നുള്ള മാസങ്ങളിൽ ഉണ്ടായ വിവിധ ആരോഗ്യപ്രശ്നങ്ങളെയും പോഷകപരമായ ആവശ്യങ്ങളെയും സമയബന്ധിതമായ പരിചരണത്തിലൂടെ മറികടന്ന് ഇരുവരും ക്രമേണ സ്വയം ഭക്ഷണം കഴിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്തു. വാക്സിനേഷൻ, പ്രതിരോധപരിചരണം, പോഷകപൂരകങ്ങൾ, സ്ഥിരമായ ആരോഗ്യനിരീക്ഷണം എന്നിവയും നൽകി.
ഇന്ന് തുറന്ന എൻക്ലോഷറിലേക്ക് പ്രവേശിപ്പിച്ചതോടെ സിംബയും സൂരിയും വളർച്ചയുടെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വെറ്ററിനറി ഓഫിസർ ഡോ. നികേഷ് കിരൺ, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഡോ. ജിജോ, കീപ്പർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള നിരന്തര പരിചരണമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചക്ക് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.