മാറി വീശാതെ പാലക്കാടൻ കാറ്റ്; ഭൂരിപക്ഷം കുത്തനെ ഉയർത്തി ശ്രീകണ്ഠൻ

പാലക്കാട് യു.ഡി.എഫിന്റെ കുത്തക മണ്ഡലമാക്കിയ വി.എസ്. വിജയരാഘവൻ എന്ന കോൺഗ്രസ് നേതാവിനെ 1989ലെ ​ലോക്സഭ തെരഞ്ഞെടുപ്പിൽ തറപറ്റിച്ച് അത്ഭുതം സൃഷ്ടിച്ച എ.വിജയരാഘവന് ഇക്കുറി ആ മാജിക്ക് ആവർത്തിക്കാനായില്ല. പി.ബി അംഗത്തെ തന്നെ മത്സരരംഗത്തിറക്കി കഴിഞ്ഞ തവണ കൈവിട്ട പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാനുള്ള സി.പി.എം നീക്കങ്ങൾ വിജയം കണ്ടില്ല. ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന്റെ എ. വിജയരാഘവനും വീണു. കഴിഞ്ഞ തവണ​ത്തെ നേട്ടം ഭാഗ്യം കൊണ്ടുണ്ടായതല്ലെന്ന് തെളിയിക്കുന്നതായി മണ്ഡലത്തിലെ വി.കെ ശ്രീകണ്ഠന്റെ വലിയ ജയം. എൺപതിനായിരത്തിലേറെ വോട്ടുകൾക്കാണ് വി.കെ.ശ്രീകണ്ഠൻ പാലക്കാട് നിലനിർത്തിയത്. കഴിഞ്ഞ വർഷം ഉണ്ടായ 11,000 വോട്ടിന്റെ ഭൂരിപക്ഷം വലിയ തോതിൽ ഉയർത്താനായതും ശ്രീകണ്ഠന് നേട്ടമായി.

കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിച്ച് വിജയതീരത്തേക്ക് എത്താമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടൽ. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ വി.കെ ശ്രീകണ്ഠന് അനുകൂലമായി ഏകീകരിക്കപ്പെടുകയും എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും കൂടിയായപ്പോൾ യു.ഡി.എഫ് പാലക്കാട് അനായാസ വിജയം നേടുകയായിരുന്നു.

താഴേത്തട്ടുവരെ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പ്രചാരണം എൽ.ഡി.എഫിന് ഗുണകരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതൊന്നും വോട്ടായില്ലെന്നാണ് തെര​ഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കഴിഞ്ഞ തവണ എം.ബി രാജേഷിന്റെ തോൽവിക്ക് വഴിയൊരുക്കിയത് പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിലെ തിരിച്ചടിയായിരുന്നു. ഇക്കുറി മണ്ണാർക്കാട് മണ്ഡലത്തിൽ തിരിച്ചടിയുണ്ടായാലും പട്ടാമ്പിയിലെ വോട്ടുകൾ കൊണ്ട് ഇത് മറികടക്കാമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടൽ. പക്ഷേ പാർട്ടിയുടെ കണക്കുകൂട്ടലുകളെല്ലാം അമ്പേ തെറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

1967ൽ ഇ.കെ. നായനാരാണ് ഇടതു സ്ഥാനാർഥിയായി പാലക്കാട്ടുനിന്ന് പാർലമെന്റിലെത്തിയത്. ഏറെ രാഷ്ട്രീയസംഭവവികാസങ്ങൾക്കു ശേഷം നടന്ന 1971ലെ തെരഞ്ഞെടുപ്പിൽ എ.കെ.ജി പാലക്കാട്ടുനിന്ന് ജയിച്ചുകയറി. 1977ൽ പാലക്കാട് കോട്ട എ. സുന്നാസാഹിബിലൂടെ കോൺഗ്രസ് കൈയടക്കി. 1980ൽ സി.പി.എമ്മിലെ ടി. ശിവദാസ മേനോനെ പരാജയപ്പെടുത്തി വി.എസ്. വിജയരാഘവൻ മണ്ഡലത്തിൽ കോൺഗ്രസ് സാന്നിധ്യമായി സ്ഥാനമുറപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും വിജയരാഘവൻ വിജയം നിലനിർത്തി.

എന്നാൽ, 1989ലെ കടുത്ത മത്സരത്തിൽ, ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ അദ്ദേഹത്തെ അട്ടിമറിച്ചു. 1826 വോട്ടുകൾക്കായിരുന്നു ജയം. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായിരിക്കെയാണ് വിജയരാഘവൻ സ്ഥാനാർഥിയായത്. 1971ൽ വിജയിച്ച എ.കെ.ജിക്കു ശേഷം പാലക്കാട് ലോക്​സഭ മണ്ഡലം തിരിച്ചുപിടിച്ച വ്യക്തിയെന്ന ഖ്യാതിയും അത്തവണത്തെ വിജയത്തിനുണ്ടായിരുന്നു. 1991ൽ മടങ്ങിയെത്തിയ വി.എസ്. വിജയരാഘവൻ സീറ്റ് തിരിച്ചുപിടിച്ചത് ബാക്കിപത്രം.

ക​ഴി​ഞ്ഞ ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട്, മ​ല​മ്പു​ഴ മ​ണ്ഡലങ്ങ​ൾ എ​ൽ.​ഡി.​എ​ഫിനും പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, പ​ട്ടാ​മ്പി എ​ന്നി​വ​ യു.ഡി.എഫിനും ഭൂരിപക്ഷം നൽകിയിരുന്നു. തുടർന്നുവന്ന നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ചി​ലും​ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷം ന​ൽ​കി. കഴിഞ്ഞ തവണ അടിപതറിയ അടിയൊഴുക്കുകളില്ലാത്തതിനാൽ ചുവപ്പ്​ ആധിപത്യജില്ലയെന്ന സ്ഥാനം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്നായിരുന്നു എൽ.ഡി.എഫ് കണക്ക് കൂട്ടൽ. ഇതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29,625 വോട്ടിന്റെ ഭൂരിപക്ഷം ശ്രീകണ്ഠന് നൽകിയ മണ്ണാർക്കാടിൽ ​നിലമെച്ചപ്പെടുത്തുകയായിരുന്നു സി.പി.എം ലക്ഷ്യം.

കഴിഞ്ഞ തവണ സി.പി.എം നേതാവ്​ പി.കെ. ശശി പാർട്ടിയുമായി ഇടഞ്ഞുനിന്നത്​ മണ്ണാർക്കാട്ടെ യു.ഡി.എഫ്​  ലീഡിൽ നിർണായക ഘടകമായെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇത്തവണ പി.കെ. ശശിയെ തന്നെ മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിന്റെ ചുമതലയേൽപ്പിച്ച് വോട്ട്ചോർച്ച തടഞ്ഞ് വിജയത്തിലേക്ക് എത്തുകയെന്ന സി.പി.എം തന്ത്രവും പാലക്കാട് പാളി.

Tags:    
News Summary - VK Sreekandan victory in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.