​ഹോമി​യോ പ്രതിരോധ മരുന്നിനെ അനുകൂലിച്ച്​ വി.കെ പ്രശാന്ത്​ എം.എൽ.എ; വിമർശനവുമായി അലോപ്പതി ഡോക്​ടർമാർ

തിരുവനന്തപുരം: കോവിഡ്​ പോസിറ്റീവായ വിവരം പങ്കുവെച്ച വി.കെ പ്രശാന്ത്​ എം.എൽ.എയുടെ ഫേസ്​ബുക്​ പോസ്റ്റിനെ ചൊല്ലി സൈബർ കലഹം. ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ചുകൊണ്ടുള്ള എം.എൽ.എയുടെ നിലപാടിനെതി​െര അലോപ്പതി ഡോക്​ടർമാർ രംഗത്തെത്തി. 

വി. കെ പ്രശാന്ത്​ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​ ഇങ്ങനെ: പ്രിയമുള്ളവരെ ഇന്നലെ നടത്തിയ ആർ.ടി.പി.സി.ആറിൽ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ ശ്രദ്ധിക്കുക.കോവിഡ് തുടക്കം മുതൽ ഇന്നുവരെ പൊതു സമൂഹത്തിൽ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്‍റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തി.കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്. അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്‍റെ ധാരണ.

എന്നാൽ പോസ്​റ്റിന്​ താഴെ വിമർശനവുമായി സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോക്​ടർമാർ എത്തി. വിവിധ ഡോക്​ടർമാരുടെ കമന്‍റുകൾ ഇങ്ങനെ:

ഷിംന അസീസ്​: "ഹോമിയോ മരുന്ന്‌ കൊണ്ട്‌ പ്രതിരോധം കിട്ടി" എന്നൊക്കെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിലുള്ള ഒരാൾ പറയുന്നത്‌ വലിയ കഷ്‌ടമാണ്‌.തീർത്തും അശാസ്ത്രീയമായ, മറ്റെവിടെയും വിതരണത്തില്ലാത്ത 'എന്തിനും ഏതിനും മാമച്ചൻ' ലൈനിൽ നാട്ടിൽ എന്തസുഖം വന്നാലും ഹോമിയോ പ്രതിരോധം എന്ന്‌ പറഞ്ഞിറങ്ങുന്ന പഞ്ചാരമിഠായി അഥവാ ഹോമിയോ മരുന്നിന്‌ ക്രെഡിറ്റ് കൊടുക്കുമ്പോൾ അതിന്‌ വല്ല അടിസ്‌ഥാനവുമുണ്ടോ എന്ന്‌ കൂടി ആലോചിക്കുമല്ലോ... പ്രത്യേകിച്ച്‌ നിങ്ങളെപ്പോലൊരാൾ...രോഗം വേഗം ഭേദമാകട്ടെ.

ജിനേഷ്​ പി.എസ്​: എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെ എന്ന് ആശംസിക്കുന്നു.

ഹോമിയോ കോവിഡിനെ പ്രതിരോധിക്കും എന്നത് അശാസ്ത്രീയമാണ്. ഇതുവരെ തെളിയിക്കപ്പെടാത്ത അവകാശവാദം മാത്രമാണ്. ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാലത്ത്, അതായത് ഇന്ത്യയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത കാലത്ത് ഈ വൈറസിനെ കുറിച്ച് കൂടുതലായി ഒന്നും അറിയാത്ത കാലത്ത് ഈ അവകാശവാദമുന്നയിച്ചതാണ് ആയുഷ് വകുപ്പ്. എന്നിട്ടും ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.

കോവിഡിന് എതിരെ ഇതുവരെ ലഭ്യമായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം വാക്സിൻ തന്നെയാണ്. പിന്നെയുള്ളത് മാസ്കും ശാരീരിക അകലവും ഹാൻഡ് സാനിറ്റൈസറും.ഒരു വ്യക്തിയുടെ ധാരണ എങ്ങനെ വേണമെങ്കിലും ആവാം. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാൻ സാധിക്കുന്ന താങ്കളെ പോലെ ഒരാൾ ഇങ്ങനെ പറയുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് പറയാതെ വയ്യ.

താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. തികഞ്ഞ അശാസ്ത്രീയമായ നിലപാടാണിത്.

ഉണ്ണികൃഷ്​ണൻ ഭാസ്​കരൻ നായർ:

പ്രിയപ്പെട്ട എം.എൽ.എ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.... ഹോമിയോ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലാത്ത ഒരു ചികിത്സാരീതിയാണ്. താങ്കളെ പോലെ ഉത്തരവാദിത്തവും വിദ്യാഭ്യാസവും ഉള്ളവർ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രോത്സാഹിപ്പിക്കുന്നത് കഷ്ടമാണ്...... എന്തായാലും ചികിത്സ വേണ്ടിവന്നാൽ മോഡേൺ മെഡിസിൻ ആശുപത്രിയെ മാത്രം സമീപിക്കുക.

എം.എൽ.​എയെ അനുകൂലിച്ചും പ്രതിരോധ മരുന്നിന്‍റെ ഗുണങ്ങൾ വിവരിച്ചും ഹോമിയോ ഡോക്​ടർമാരും കമന്‍റുകൾ പങ്കുവെച്ചിട്ടുണ്ട്​.  ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കു​റവാണെന്ന്​ പഠനത്തിൽ വ്യക്തമായതായി മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നേരത്തേ പറഞ്ഞിരുന്നു. ഇത്തരത്തിൽ രോഗം വന്നവരിൽ പെ​ട്ടെന്ന്​ രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞിരുന്നു.

Tags:    
News Summary - VK Prasanth facebook post about homeo immunity booster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.