കൊച്ചി: വിഴിഞ്ഞം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഭൂമി വിട്ടുനൽകിയവരുടെ നഷ്ടപരിഹാരം വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈകോടതി. ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള നിർദേശമടക്കം ലംഘിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നിർദേശം.
നഷ്ടപരിഹാരം നൽകാത്തതിനെതിരെ ബാലരാമപുരം സ്വദേശി ജി. അജിത് ഉൾപ്പെടെ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി നിർദേശം പാലിക്കാത്തതിനുള്ള കാരണമടക്കം തിങ്കളാഴ്ച ഓൺലൈൻ മുഖേന ഹാജരായി അറിയക്കാനാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.
മാർച്ച് 17ന് ഹരജി പരിഗണിച്ച കോടതി, നഷ്ടപരിഹാരം വൈകുന്നതിൽ അതൃപ്തി അറിയിക്കുകയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ദേശീയപാത നിയമത്തിലെ സെക്ഷൻ 3ഡി പ്രകാരം വിജ്ഞാപനം വന്നാൽ ഭൂമി പൂർണമായും കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാകുമെന്നും ഇതോടെ ഉടമകൾക്ക് ഭൂമിയിലെ അവകാശം നഷ്ടപ്പെടുമെന്നും കോടതി അന്നു ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പദ്ധതിക്ക് ഗതാഗത മന്ത്രാലയ അനുമതി ലഭിച്ചില്ലെന്നാണ് കേന്ദ്ര സർക്കാർ വാദിച്ചത്. തുടർന്നാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചത്. മേയ് 29ന് ഹരജി വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രം സമയം തേടി. എന്നാൽ, കഴിഞ്ഞ ദിവസം പരിഗണനക്കെടുത്തപ്പോൾ സത്യവാങ്മൂലം സമർപ്പിക്കുകയോ വാദത്തിന് എത്തുകയോ പോലും ചെയ്യാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടറി ഹാജരായി വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.