വി.ഡി. സതീശൻ

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ; അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ അടിയന്തര സഹയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

വെള്ളം കയറിയ എല്ലാ വീടുകൾക്കും 10,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതിയുടെ അവലോകനം നടത്തി. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,748 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിൽ 157, കോട്ടയത്ത് 154, ആലപ്പുഴയിൽ 81 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. മഴക്കെടുതിയിൽ 26 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തു. 1,882 ഹെക്ടർ കൃഷിയിടം നശിച്ചതോടെ 23,537 കർഷകർക്ക് തിരിച്ചടിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങൾ;

മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം (നാലു ലക്ഷം എസ്.ഡി.ആർ.എഫ്, രണ്ടു ലക്ഷം സി.എം.ഡി.ആർ.എഫ്, രണ്ടു ലക്ഷം പി.എം.എൻ.ആർ.എഫ്).

വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം. ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമല്ല, വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ വെള്ളം കയറിയ എല്ലാ വീടുകൾക്കും സഹായം ലഭിക്കും.

മരിച്ചവരുടെ സംസ്കാര ചെലവിനായി 10,000 രൂപ അനുവദിച്ചു.

പൂർണമായി തകർന്ന വീടുകൾക്കുള്ള ധനസഹായം നാലു ലക്ഷത്തിൽനിന്ന് 6 ലക്ഷമായി വർധിപ്പിച്ചു.

വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തി.

ഓരോ റേഷൻ കാർഡിലുമുള്ള രണ്ട് പേർക്ക് വീതം പ്രതിദിനം 300 രൂപ നൽകും.

സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് പുതിയ വീട് തയാറാകുന്നതുവരെ വാടക ചെലവും സർക്കാർ വഹിക്കും.

2024ൽ തൃശ്ശൂരിൽ കാലവർഷത്തിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടിട്ടും ധനസഹായം ലഭിക്കാത്ത 248 ഗുണഭോക്താക്കൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Tags:    
News Summary - Eight lakhs for families of those killed in rainstorm; CM announces emergency assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.