ഗാന്ധിനഗർ/കോട്ടയം: സർക്കാർ സംവിധാനങ്ങളായ പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ അനധികൃത നിയമനങ്ങൾ. ഇതുവഴി പാവപ്പെട്ട രോഗികൾക്കു ലഭിക്കേണ്ട സൗജന്യ ചികിത്സ പദ്ധതിയായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സഹായം അട്ടിമറിഞ്ഞതായും ആരോപണം.
വിവിധ വിഭാഗങ്ങളിലേക്ക് 720 നിയമനങ്ങളാണ് എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നടന്നത്. സർക്കാറിന്റെയോ ആരോഗ്യ വകുപ്പിന്റെയോ അനുമതി തേടാതെയായിരുന്നു നിയമനങ്ങൾ. അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക നിയമനങ്ങൾക്കു പോലും ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി നിർബന്ധമായിരിക്കെയാണ് വേണ്ടപ്പെട്ടവരെ കുത്തിനിറച്ചു പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടന്നത്.
ഇവർക്കു ശമ്പളം കൊടുക്കാൻ രോഗികൾക്കു ലഭിക്കേണ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പണം പൂർണമായും വകമാറ്റി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സയാണ് അട്ടിമറിക്കപ്പെട്ടത്. ആശുപത്രി വികസന സൊസൈറ്റി വഴി വിവിധ പരിശോധനകൾക്കും വാഹന പാർക്കിങ്ങിനും മറ്റുമായി പിരിക്കുന്ന ലക്ഷക്കണക്കിനു രൂപയും വകമാറ്റി.
അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ദുർഗന്ധം വമിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജിൽ. പുതിയ മന്ത്രിസഭ അധികാരത്തിൽ വന്ന ശേഷം മേയ് 30 നും 54 പെയ്ഡ് നഴ്സുമാരെ ആശുപത്രിയുടെ മുൻ അധികൃതർ നിയമിച്ചതായി പറയുന്നു. സർക്കാർ മേഖലയിൽ ഒഴിവുകൾ വന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർഥികളെ കണ്ടെത്തി നിയമിക്കണമെന്നാണു ചട്ടം. എന്നാൽ, കോട്ടയം മെഡിക്കൽ കോളജിൽ ഇത്ര ഒഴിവുകൾ വന്നിട്ടും ഒരെണ്ണം പോലും റിപ്പോർട്ടു ചെയ്യുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല.
അനധികൃത നിയമനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം. മുരളി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. കേരളത്തിലെ ആശുപത്രികളിൽ കോട്ടയം മെഡിക്കൽ കോളജിൽ മാത്രമാണ് പാവപ്പെട്ട രോഗികൾക്കു ലഭിക്കേണ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.