പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ നേതൃത്വത്തിൽ സഹായം കൈമാറുന്നു
മനാമ: കേരളത്തിലുണ്ടായ ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള പൂവത്തൂർ പ്രദേശത്തെയും കോഴഞ്ചേരിയിലെയും 70 ൽ പരം കുടുംബങ്ങൾക്ക് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തരമായി ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഈ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അരി ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യസാധനങ്ങളും പലചരക്ക് സാധനങ്ങളും അടങ്ങിയ കിറ്റുകളാണ് 70 ൽ പരം കുടുംബങ്ങൾക്കായി തയ്യാറാക്കി വിതരണം ചെയ്തത്.
ബഹ്‌റൈനിലെ അസോസിയേഷൻ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ സഹകരണത്തോടെയാണ് ഭക്ഷ്യകിറ്റുകൾ തയ്യാറാക്കിയത്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കണമെന്ന അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിച്ച എല്ലാവരുടെയും പിന്തുണയാണ് ഈ പ്രവർത്തനം വിജയകരമാക്കിയത്. നാട്ടിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണ ചടങ്ങിൽ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു, മെഡിക്കൽ കോർഡിനേറ്റർ അഞ്ജുവിഷ്ണുവും കുടുംബവും, സീനിയർ മെമ്പർ മോനി ഓടിക്കണ്ടത്തിൽ, അസോസിയേഷൻ ലേഡീസ് വിങ് മുൻ പ്രസിഡന്റ് ഷീലു വർഗീസും കുടുംബവും, എക്സിക്യൂട്ടീവ് അംഗം ജെയിംസും കുടുംബവും പങ്കെടുത്തു.
ഭക്ഷ്യകിറ്റ് വിതരണത്തിന്റെ നാട്ടിലെ ഏകോപന പ്രവർത്തനങ്ങൾക്ക് അജിൻ മാത്യു നേതൃത്വം നൽകി. പ്രദേശത്തെ കുടുംബങ്ങളെ കണ്ടെത്തുന്നതിനും കിറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
പ്രവർത്തനത്തിന് ആവശ്യമായ സഹകരണവും പിന്തുണയും നൽകിയ വാർഡ് മെമ്പറും, അസോസിയേഷന്റെ സന്നദ്ധ പ്രവർത്തനത്തെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ദുരിതബാധിത കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയ അസോസിയേഷൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും സംഭാവന നൽകിയ എല്ലാ വ്യക്തികൾക്കും നാട്ടുകാരും നന്ദി അറിയിച്ചു.
പ്രവാസലോകത്ത് കഴിയുമ്പോഴും സ്വന്തം നാടിന്റെ ദുരിതങ്ങളിൽ പങ്കുചേരുകയും ആവശ്യമായ ഘട്ടങ്ങളിൽ സഹായഹസ്തവുമായി മുന്നോട്ടുവരികയും ചെയ്യുക എന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ ഈ പ്രവർത്തനം സംഘടിപ്പിച്ചത്. “നമ്മുടെ ചെറിയൊരു സഹായം, ഒരു കുടുംബത്തിന് വലിയൊരു ആശ്വാസം” എന്ന സന്ദേശവുമായി നടത്തിയ ഈ പ്രവർത്തനം പ്രവാസി സമൂഹത്തിന്റെ നാടിനോടുള്ള കരുതലിന്റെയും കൂട്ടായ്മയുടെയും മാതൃകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.