തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കോക്രോച്ച് ജനതാ പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച് സ്വയം അപഹാസ്യനായി കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ. ‘നിങ്ങൾ പാറ്റകളല്ലെന്ന് ഒന്ന് ഉറക്കെ പറഞ്ഞേ’ -എന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടെങ്കിലും ആരും പ്രതികരിക്കാതിരിക്കുകയായിരുന്നു.
‘പാറ്റ അല്ല എന്ന് പറയുന്നവർ അല്ല എന്നൊന്ന് ഉറച്ചു പറഞ്ഞേ. നിങ്ങൾ പാറ്റയോ കോക്രോച്ചോ അല്ല എന്നുള്ളവർ ഒന്ന് ഉറച്ചു പറഞ്ഞേ. സംശയമാണ്, ഇപ്പോഴും പാറ്റയാണോ എന്ന്. അല്ലെന്ന് ആ മിടുക്കി പറഞ്ഞു. ബാക്കി എല്ലാവരും കൂടെ ഉറച്ചു പറഞ്ഞേ.. എല്ലാവരും കൂടെ ഒന്ന് പറഞ്ഞേ അല്ല എന്ന്’ -എന്ന് മോഹനൻ കുന്നുമ്മൽ ആവർത്തിച്ചെങ്കിലും നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ആകെ ഒന്നോ രണ്ടോ പേർ മാത്രമാണ് അല്ല എന്ന് മറുപടി പറഞ്ഞത്.
ഇതോടെ, ‘ഉച്ചക്ക് ഭക്ഷണം കഴിച്ചില്ലേ? ചായ കിട്ടിയില്ലേ’ എന്നായി വി.സിയുടെ ചോദ്യം. ‘നിങ്ങൾ ഈ രാജ്യത്തിന്റെ കരുത്തരായ സിംഹങ്ങളാണ്, ദുർഗ്ഗാദേവികളാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന നാളുകൾ മികവിന്റെതാണ്. നിങ്ങൾ ലോകത്തിന്റെ ഏറ്റവും മുന്നിൽ നിൽക്കും. അതിന് നിങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കണം. ഏത് കോഴ്സ് പഠിക്കണമെന്ന് നിങ്ങളുടെ അയൽവാസി പറയും, അച്ഛൻ പറയും, ടീച്ചർ പറയും. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കോഴ്സ് ഏതാണോ അതാണ് നിങ്ങൾ പഠിക്കേണ്ടത്’ -മോഹനൻ കുന്നുമ്മൽ പറഞ്ഞു.
‘നിങ്ങൾ എന്ത് പഠിക്കുന്നു എന്നുള്ളതല്ല പ്രധാനം, പഠിക്കുന്നതിൽ നിങ്ങൾ ടോപ്പ് ആകണം എന്നുള്ളതാണ്. നിങ്ങൾ ഇപ്പോൾ ടോപ്പ് ആയിട്ടുണ്ട്. സ്കൂളിലും ക്ലാസിലും എല്ലാം ടോപ്പ് ആയിട്ടുണ്ട്. അത് നിങ്ങൾക്ക് തുടരാൻ കഴിയും. അത് തുടർന്നാൽ നിങ്ങളെ പാറ്റകൾ എന്ന് വിളിക്കുന്ന ആളുകൾ ഇയാം പാറ്റകളെ പോലെ ഇല്ലാതാകും. നിങ്ങൾ മിടുക്കന്മാരും മിടുക്കികളുമായി തുടരും’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം വന്ദേമാതരത്തെ എതിർക്കുന്നവർക്കെതിരെയും സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ സംവിധാനത്തിനെതിരെയും മോഹനൻ കുന്നുമ്മൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആർ.എസ്.എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച 'സങ്കൽപ്പ് 2026' പരിപാടിയിൽ മുഖ്യപ്രഭാഷകനായി സംസാരിക്കവെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.
ഭാരതഭൂമിയെ മാതാവായി കണ്ട് ആരാധിക്കുന്ന സംസ്കാരമാണ് നമ്മുടേതെന്നും വന്ദേമാതരം ആലപിക്കുന്നത് മാതൃഭൂമിയോടുള്ള ആദരസൂചകമായാണെന്നും വി.സി. പറഞ്ഞു. അമ്മയെക്കുറിച്ച് അറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചുപറയും. എന്നാൽ അമ്മ എന്താണെന്നോ ആരാണെന്നോ അറിയാത്തവരാണ് ഇതിനെ എതിർത്തു സംസാരിക്കുന്നത്. നിലവിൽ ഇതിനെ എതിർക്കുന്നവരുടെ മനോഭാവത്തിൽ വരുംദിവസങ്ങളിൽ മാറ്റം വരുമെന്നും രാജ്യം ആ മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറ തൊഴിലിനായി പി.എസ്.സി പരീക്ഷകളെ മാത്രം ആശ്രയിക്കുന്ന പ്രവണതയെ വി.സി വിമർശിച്ചു. ഉന്നത ബിരുദം നേടിയ ശേഷം എല്ലാവരും പി.എസ്.സി പരീക്ഷകൾക്ക് പിന്നാലെ പായുന്നത് ശരിയല്ല. നിലവിലെ സാഹചര്യത്തിൽ പി.എസ്.സി വഴി ജോലി നേടണമെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ഇത്തരം ആശ്രിത മനോഭാവങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പണ്ടത്തെ നല്ല കാലത്തേക്ക് രാജ്യം തിരിച്ചുപോവുകയാണെന്നും, അക്കാലത്തെ നമ്മുടെ സമ്പത്ത് കൊള്ളയടിച്ച കള്ളന്മാർക്ക് കൂട്ടുകാരായി നിന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ വി.സി തുടർച്ചയായി പങ്കാളിയാകുന്നതിനെതിരെ മുൻപും വിവിധ മേഖലകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.