നിയമസഭ കൈയാങ്കളി: യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരായ കേസുകൾ ഹൈകോടതി റദ്ദാക്കി

കൊച്ചി: 2015ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ നടന്ന കൈയാങ്കളിക്കിടെ എൽ.ഡി.എഫിലെ വനിത എം.എൽ.എമാരെ യു.ഡി.എഫ് അംഗങ്ങൾ ഉപദ്രവിച്ചെന്ന അവസാന കേസും ഹൈകോടതി റദ്ദാക്കി. മുൻ പാറശ്ശാല എം.എൽ.എ എ.ടി. ജോർജിനെതിരെ കെ.കെ. ലതിക നൽകിയ കേസാണ് ജസ്റ്റിസ് സി.എസ്. ഡയസ് റദ്ദാക്കിയത്. വനിത എം.എൽ.എമാരെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ എ.ടി. ജോർജടക്കം നാല് യു.ഡി.എഫ് അംഗങ്ങളായിരുന്നു പ്രതികൾ.

ഇതിൽ ജമീല പ്രകാശം നൽകിയ കേസിൽ വി. ശിവദാസൻ നായർ, ഡൊമിനിക് പ്രസന്‍റേഷൻ എന്നിവരെ നേരത്തേ വെറുതെ വിട്ടിരുന്നു. ലതികയുടെ കേസിൽ ഒന്നാം പ്രതിയായിരുന്ന എം.എ. വാഹിദിനെയും ഹൈകോടതി കുറ്റവിമുക്തനാക്കി. ഈ സാഹചര്യം ചൂണ്ടിക്കാട്ടി എ.ടി. ജോർജ് നൽകിയ ഹരജിയാണ് കോടതി ഇപ്പോൾ അനുവദിച്ചത്. ഇതോടെ നിയമസഭ കൈയാങ്കളി കേസിൽ പ്രതികളായ എൽ.ഡി.എഫ് മുൻ എം.എൽ.എമാരായ കുഞ്ഞമ്മദ് മാസ്റ്റർ, ഇ.പി. ജയരാജൻ, വി. ശിവൻകുട്ടി, കെ.ടി. ജലീൽ എന്നിവർക്കെതിരെയുള്ള ഒറ്റക്കേസിലെ വിചാരണ മാത്രമാവും ഇനി ഉണ്ടാവുക. വനിത എം.എൽ.എമാരെ അപമാനിച്ച കേസിലും ഇതോടൊപ്പം വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കൈയാങ്കളി കേസിലെ പ്രതികൾ ഹരജി നൽകിയെങ്കിലും ആ കേസുകൾ റദ്ദാക്കിയതോടെ ആവശ്യം അപ്രസക്തമായെന്ന് വിലയിരുത്തി ഹരജി തള്ളി.

യു.ഡി.എഫ് അംഗങ്ങൾക്കെതിരായ കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് കൈയാങ്കളി കേസിലെ പ്രതികളായ എൽ.ഡി.എഫ് മുൻ എം.എൽ.എമാർ ഹൈകോടതിയെ സമീപിച്ചത്. ബജറ്റ് ദിനമായിരുന്ന 2015 മാർച്ച് 13ന് രാവിലെ തന്നെ പ്രതികൾ തടഞ്ഞെന്നും വാഹിദ് കടന്നുപിടിക്കുകയും വലിച്ചു താഴെയിടുകയും ചെയ്തപ്പോൾ ജോർജ് കൈമുട്ടുകൊണ്ട് പുറത്ത് ഇടിച്ചുവെന്നാണ് ലതിക മൊഴി നൽകിയിരുന്നത്.

ദുരുദ്ദേശത്തോടെ തടഞ്ഞുവെക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം സ്പർശിക്കുക, സംഘംചേർന്ന് ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ആരോപണങ്ങൾ കണക്കിലെടുത്താൽ പോലും എ.ടി. ജോർജിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കൈമുട്ടുകൊണ്ട് ഇടിച്ചെന്ന ആരോപണം നിലനിൽക്കുമെങ്കിലും പരിക്കേൽപിച്ചതിനോ സ്ത്രീത്വത്തെ അപമാനിച്ചതിനോ ഉള്ള വകുപ്പുകൾ പ്രകാരം കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, ഒന്നാംപ്രതി വാഹിദിനെ വെറുതെ വിട്ട ഉത്തരവ് പരാതിക്കാരി ചോദ്യം ചെയ്തിട്ടുമില്ല. ആരോപണത്തിന് മതിയായ തെളിവുകളില്ലെന്നും വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് റദ്ദാക്കുകയായിരുന്നു. എൽ.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരായ കേസ് തിരുവനന്തപുരം സി.ജെ.എം കോടതി അടുത്ത മാസം 16ന് പരിഗണിക്കാനിരിക്കുകയാണ്.

Tags:    
News Summary - Assembly Scuffle: High Court quashes cases against former UDF MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.