വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം തടവ്, 12.55 ലക്ഷം രൂപ പിഴ

കൊല്ലം: സ്​ത്രീധനം ആവശ്യപ്പെട്ടുള്ള ഭർതൃപീഡനത്തെ തുടർന്ന്​​ ബി.എ.എം.എസ്​ വിദ്യാർഥിനി വിസ്മയ വി.നായർ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ്​ കിരൺകുമാറിന്​ (31) വിവിധ വകുപ്പുകളിൽ 25 വർഷം തടവ്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ 10 വർഷമാണ് തടവ്. പിഴയായി 12,55,000 രൂപയും വിധിച്ചു.

ഇന്ത്യൻ ശിക്ഷാനിയമം 304(ബി) പ്രകാരം സ്ത്രീധനമരണം, 498(എ) സ്ത്രീധന പീഡനം, 306 വകുപ്പു പ്രകാരം ആത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്​, നാല്​ വകുപ്പുകൾ എന്നിവ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ​ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാറിന്​ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്താണ്​ ശിക്ഷ വിധിച്ചത്.

സ്ത്രീധന മരണം (ഐ.പി.സി 304-എ)- 10 വർഷം കഠിന തടവ്, ആത്മഹത്യ പ്രേരണക്ക് ആറു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും(പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ്), സ്ത്രീധന പീഡനത്തിന് രണ്ടു വർഷം കഠിന തടവും 50,000 രൂപ പിഴയും(പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ്), സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് മൂന്നിന് (സ്ത്രീധനം ആവശ്യപ്പെടൽ) ആറുവർഷം കഠിന തടവും 10 ലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി തടവ്), സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് നാല് (സ്ത്രീധനം വാങ്ങൽ) പ്രകാരം ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും(പിഴ അടച്ചില്ലെങ്കിൽ 15 ദിവസം കൂടി തടവ്) എന്നിങ്ങനെയാണ് ശിക്ഷ. പിഴത്തുകയിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. ജാമ്യം റദ്ദാക്കി ജില്ല ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. വിധി ഒരു വ്യക്തിക്കെതിരെയുള്ളതല്ല എന്നും സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയുള്ളതാണെന്നും അതുകൊണ്ടു സമൂഹത്തിന് മാതൃകയാകുന്ന വിധിയാണുണ്ടാകേണ്ടതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വാദിച്ചു. ചെറിയ ശിക്ഷ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും കോടതി അതുകൂടി പരിഗണിക്കണമെന്നും പറഞ്ഞ പ്രോസിക്യൂട്ടർ പ്രതി ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും വിദ്യാസമ്പന്നൻ ആണെന്നതും കുറ്റത്തിന്‍റെ ഗൗരവം കൂട്ടുന്നുവെന്നും വാദിച്ചു.

തന്‍റെ വാദങ്ങൾ കോടതി നിരാകരിച്ചതിനാൽ ഏതു സാഹചര്യമാണ് പ്രതിക്കെതിരെ ഉന്നയിച്ചതെന്ന് അറിയില്ല എന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻപിള്ള ബോധിപ്പിച്ചു.

ഇരു ഭാഗത്തേയും വാദം കേട്ട ശേഷം ചേംബറിലേക്ക് മടങ്ങിയ ജഡ്ജി അര മണിക്കൂറിനു ശേഷം വിധി പറഞ്ഞു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ പിതാവ്​ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. മാതാവ്​ സജിത ടി.വിയിലൂടെയാണ് വിധി കേട്ടത്.

കിരൺകുമാർ കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. സ്ത്രീധനപീഡനവും ആത്മഹത്യപ്രേരണയും ഉൾപ്പെടെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നിലനിൽക്കുന്നതാണെന്നു കോടതി വ്യക്തമാക്കിയിരുന്നു. പൊലീസ് ചുമത്തിയ ഏഴു കുറ്റങ്ങളിൽ ഉപദ്രവിക്കുക(323 ാംവകുപ്പ്​), ഭീഷണിപ്പെടുത്തൽ(506-1) എന്നിവ തെളിയിക്കപ്പെട്ടില്ലെന്ന് കോടതി കണ്ടെത്തി. കാൾ റെക്കോഡിങ്ങുകൾ ഉൾപ്പെടെ ഡിജിറ്റൽ​ തെളിവുകൾ വലിയ പങ്കുവഹിച്ച കേസിൽ പീഡനം സഹിക്കാൻ ഇനി വയ്യെന്നും താൻ മരിക്കുമെന്നുമുള്ള വിസ്മയയുടെ വാചകങ്ങൾ വരെ മരണമൊഴിയായി സ്വീകരിക്കപ്പെട്ടു.

Tags:    
News Summary - Vismaya case: Kiran Kumar jailed for 10 years, fined Rs 12.50 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.