പ്രതിയാകുന്ന വി.ഐ.പികൾ ജയിലിൽ​ പോകാതെ മെഡിക്കൽ ടൂറിസ്റ്റുകളാകുന്നുവെന്ന് ഹൈകോടതി; ‘പി.സി. ജോർജിന്‍റെ മകൻ പറഞ്ഞത് കോടതിയോടും കൂടിയാണ്’

കൊച്ചി: കേസിൽ പ്രതികളായ വി.ഐ.പികൾ റിമാൻഡിലായാലും ജയിലിലേക്ക്​ പോകാതെ മെഡിക്കൽ ടൂറിസ്റ്റുകളാവുകയാണെന്ന്​ ഹൈകോടതി. കോടതിയിൽ നൽകുന്ന ജാമ്യാപേക്ഷയിൽ ആരോഗ്യപ്രശ്നം ഉന്നയിച്ച്​ പുറത്ത് ചികിത്സ അനിവാര്യമാണെന്ന്​ വാദിച്ച്​ ഇഷ്ടാനുസരണം ആശുപത്രികളിൽ പ്രവേശിക്കുന്നത് ഇവർ പതിവാക്കിയിരിക്കുകയാണ്​.

ഇത്തരത്തിൽ മെഡിക്കൽ ടൂറിസത്തിനുള്ള വഴിയാക്കി ജാമ്യാപേക്ഷകളെ മാറ്റാനാകില്ല. ഇനി പ്രോസിക്യൂഷൻ അറിയിക്കാത്ത പക്ഷം ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ആർക്കും ജാമ്യം അനുവദിക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു.

പാതിവില തട്ടിപ്പുകേസിൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്‍റെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ആരോഗ്യപ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് ആനന്ദകുമാർ ജാമ്യ ഹരജി നൽകിയത്.

ഹരജിക്കാരന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജയിലിന് പുറത്ത് ചികിത്സ ആവശ്യമാണെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ, ഇത് കൃത്യമായി വിലയിരുത്താതെ ജാമ്യം നൽകുന്ന രീതി ഇനിയില്ലെന്ന് കോടതി വ്യക്ത​മാക്കി.

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടെന്ന് അറിയിച്ചതിന്‍റെ പേരിൽ ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരെ തയാറായി.

അടുത്തിടെ ചാനൽ ചർച്ചയിൽ മുസ്​ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യ ഹരജി തള്ളിയിരുന്നു. എന്നാൽ, അറസ്റ്റിലായപ്പോൾ ആരോഗ്യ പ്രശ്നത്തിന്‍റെ പേരിൽ ആശുപത്രിയിലായി. തുടർന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

അപ്പോൾ പി.സി. ജോർജിന്‍റെ മകൻ പറഞ്ഞത് ‘‘പിതാവിന്‍റെ മെഡിക്കൽ പരിശോധനയെല്ലാം നടത്താൻ കഴിഞ്ഞതിന് പരാതിക്കാരനോട് നന്ദിയുണ്ടെന്നാണ്’’. സാധാരണയായി പിതാവ് ആശുപത്രിയിൽ പോകാറില്ലത്രെ. പി.സി. ജോർജിന്‍റെ മകൻ പറഞ്ഞത് പരോക്ഷമായി കോടതിയോടും കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആനന്ദകുമാറിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച ചെയ്തശേഷം നിലപാട്​ അറിയിക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ഹരജിക്കാരന് ആവശ്യമായ എല്ലാ മെഡിക്കൽ സഹായവും ഉറപ്പുവരുത്താനും സർക്കാറിന്​ നിർദേശം നൽകി.

Tags:    
News Summary - VIPs who are accused become medical tourists instead of going to jail - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.