പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്കിടെ ആചാരലംഘനം നടന്നുവെന്ന കണ്ടെത്തലിൽ പ്രായശ്ചിത്തം ചെയ്യാൻ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി.
ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഭഗവാന് നിവേദിക്കും മുമ്പ് ദേവസ്വംമന്ത്രി വി.എൻ. വാസവന് വിളമ്പിയതാണ് വിവാദമായത്. മന്ത്രിക്ക് ആദ്യം സദ്യ വിളമ്പിയത് ആചാരലംഘനമാണെന്ന് കാട്ടി ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് കത്ത് നൽകുകയായിരുന്നു.
പരിഹാരക്രിയ വേണമെന്നും ആവശ്യപ്പെട്ടു. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘം പ്രതിനിധികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ദേവസ്വം ഉദ്യോഗസ്ഥരുൾപ്പെടെ പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിർദേശം.
സെപ്റ്റംബർ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിലായിരുന്നു ആചാരലംഘനം. ക്ഷേത്രത്തിൽ ദേവന് നേദിച്ച ശേഷം ഉച്ചപൂജ കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങ് നടത്തേണ്ടത്. എന്നാൽ ഉദ്ഘാടകനായി എത്തിയ മന്ത്രിക്കും മറ്റുള്ളവർക്കും ഇതിനു മുമ്പ് സദ്യവിളമ്പിയെന്നായിരുന്നു തന്ത്രി ബോർഡിനെ അറിയിച്ചത്.
പ്രായശ്ചിത്തമായി ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാ സംഘവും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിന് വലം വെച്ച് ശ്രീ കോവിലിനു മുമ്പിൽ പിടിപ്പണം സമർപ്പിക്കും. തുടർന്ന് ഒരു പറ അരിയുടെ നിവേദ്യം സമർപ്പിച്ച ശേഷം ഭക്തർക്ക് പത്തു പറ അരിയുടെ സദ്യ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.